ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി. 2020 സെപ്റ്റംബര്‍ 16ന് ശേഷം പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കണം. നിയമസഭ കയ്യാങ്കളികേസിലെ വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അധികാരത്തിലെത്തുമ്പോള്‍ ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്ന സര്‍ക്കാരുകള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് സുപ്രീംകോടതി. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
കേസുകള്‍ പിന്‍വലിക്കാനുള്ള നിയമത്തിന്റെ ദുരുപയോഗം അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണം. പൊതുതാല്പര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനം. എം.പിമാര്‍ക്കും എം.എല്‍.എമാരും ഉള്‍പ്പെട്ട കേസുകളുടെ പട്ടികയും കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ പേരും അറിയിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന സി.ബി.ഐ കോടതികള്‍, പ്രത്യേക കോടതികള്‍ എന്നിവിടങ്ങളിലെ ജഡ്ജിമാരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതിപട്ടികയിലുള്ള എം.എല്‍.എമാരുടെ അടക്കം കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി വിജയ ഹന്‍സാരിയ അറിയിച്ചു. ഗുജറാത്തിലും കര്‍ണാടകത്തിലും കൂട്ടത്തോടെ കേസുകള്‍ പിന്‍വലിക്കുകയാണ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നും അമിക്കസ്‌ക്യൂറി ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.