Skip to main content

പശ്ചിമ ബംഗാളില്‍  ബി.ജെ.പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് നിലക്കുന്നില്ല. 200 ഓളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ തിരിച്ചെത്തി. ഇവര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെട്ടു. ഹൂഗ്ലിയിലാണ് സംഭവം. അരംബാഗ് എം.പിയും തൃണമൂല്‍ നേതാവുമായ അപരൂപ പോദ്ദറില്‍ നിന്ന് പ്രവര്‍ത്തകര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയൊരു അബദ്ധമായിരുന്നു. തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയ ശേഷം തങ്ങള്‍ തൃണമൂലിലേക്ക് തിരിച്ച് പോകുന്നു' പ്രവര്‍ത്തകര്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായുള്ള ഒരു പരിപാടി അരംബാഗില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് കടന്നുവന്നാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള 200 ഓളം പേര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചതെന്ന് എം.പി അവകാശപ്പെട്ടു. 
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. മുകുള്‍ റോയി അടക്കമുള്ള പ്രബലര്‍ മുതല്‍ ബി.ജെ.പി ജില്ലാ സെക്രട്ടറിമാര്‍ വരെ ഇതിലുള്‍പ്പെടുന്നു. അടുത്തിടെ അമ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.