പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മര്‍മ്മത്തടിച്ച് ബി.ജെ.പി

Glint desk
Sun, 07-02-2021 12:34:11 PM ;

സമാധാനവും വികസനവും ഒരുമിച്ച് ഉണ്ടാവുന്ന സംസ്ഥാനമായി പശ്ചിമബംഗാള്‍ സമീപന ഭാവിയില്‍ മാറുമെന്ന പ്രതീക്ഷയ്ക്ക് വകയില്ലാതെ ആയിരിക്കുന്നു. കാരണം കഴിഞ്ഞ അരനൂറ്റാണ്ടായി അക്രമോല്‍സുകത പരിപോക്ഷിപ്പിക്കുന്ന രാഷ്ട്രീയത്തിനാണ് പശ്ചിമബംഗാള്‍ സാക്ഷ്യം വഹിക്കുന്നത്. അങ്ങനെയാണ് മൂന്ന് ദശാബ്ദകാലം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരണമുണ്ടായത്. തുടര്‍ന്ന് സി.പി.എം ജീര്‍ണ്ണതയെ നേരിടുകയും ചെയ്തു. സി.പി.എമ്മിന്റെ അക്രമോല്‍സുകതയേക്കാള്‍ മൂര്‍ച്ചയേറിയ രീതി പ്രകടമാക്കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും അധികാരത്തിലെത്തി. ഇപ്പോള്‍ മമതയുടെ അക്രമോല്‍സുകതയും മുനയൊടിഞ്ഞിരിക്കുന്നു. പകരം പുതിയ രീതിയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബി.ജെ.പി കൂടുതല്‍ വീര്യത്തോടെ പശ്ചിമ ബംഗാളില്‍ കടന്നു വരുന്ന കാഴ്ചയാണ് കാണുന്നത്. 

ശനിയാഴ്ച കല്‍ക്കത്തയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പങ്കെടുത്ത പരിവര്‍ത്തന്‍ യാത്ര സൂചിപ്പിക്കുന്നത് അതാണ്. മര്‍മ്മത്തിലാണ് ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിനെ അടിച്ചത്. ജയ് ശ്രീറാം കേള്‍ക്കുമ്പോള്‍ എന്തിനാണ് മമതയ്ക്ക് ഇത്ര ദേഷ്യമെന്നാണ് അവര്‍ ചോദിച്ചത്. വളരെ കൃത്യമായ ദിശയിലുള്ള പ്രയോഗമാണത്. കഴിഞ്ഞ ജനുവരി 23ന് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മമത പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിക്കുകയുണ്ടായി. ഇത് കേട്ട് കലിപൂണ്ട മമത ആ യോഗം ബഹിഷ്‌കരിക്കുകയുണ്ടായി. അവിടെയും മമത എല്ലാത്തിനെയും എതിര്‍ക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. സാംസ്‌കാരിക പാരമ്പര്യവും പശ്ചാത്തലവും ഉള്ള പശ്ചിമബംഗാള്‍ ജയ് ശ്രീറാം വിളിക്ക് കാതോര്‍ത്താല്‍ അത് നന്നായി വേരോടും എന്ന് ബി.ജെ.പിക്കറിയാം. അതിന്റെ ലക്ഷണങ്ങളാണ് ശനിയാഴ്ച നടന്ന പിരവര്‍ത്തന്‍ റാലിയില്‍ അരങ്ങേറിയത്. ആദ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രവഹിച്ച അക്രമോല്‍സുകത ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ഒഴുകിത്തുടങ്ങി. അക്രമോല്‍സുകതയിലും പരസ്പര വൈരുധ്യത്തിലും രാഷ്ട്രീയം നീങ്ങുന്ന ഒരു സ്ഥലങ്ങളിലും സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തിയും നടക്കുകയില്ല എന്നു മാത്രമല്ല അത്തരത്തിലൊരു സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുകയുമില്ല.

Tags: