ഞാന്‍ പോയാല്‍ നിന്നെയും കൊണ്ടേ പോകു; ട്വിറ്ററിന് ടിക് ടോക്കിന്റെ ഗതിവരുമെന്ന ഭീഷണിയുമായി കങ്കണ

Glint desk
Fri, 05-02-2021 11:06:34 AM ;

ഇന്ത്യയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടില്‍ നിന്നും കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്. ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയില്‍ നിരോധിക്കുമെന്നും കങ്കണ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി

ഞാന്‍ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റര്‍ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാന്‍ ഇവിടെ നിന്ന് പോവുകയാണെങ്കില്‍ നിന്നെയും കൊണ്ടായിരിക്കും പോവുക. ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ബാന്‍ ചെയ്യും എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 

വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചില മാര്‍ഗനിര്‍ദേശങ്ങള്‍ കങ്കണ ലംഘിച്ചെന്നായിരുന്നു ട്വിറ്റര്‍ നല്‍കിയ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ബോളീവുഡ് താരം തപ്‌സി പന്നു എന്നിവര്‍ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകളായിരുന്നു നീക്കം ചെയ്തത്. രോഹിത് ശര്‍മ്മയ്ക്കെതിരെ കങ്കണ ഉപയോഗിച്ച വാക്കാണ് വിവാദമായത് . കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച അമേരിക്കന്‍ പോപ്പ് ഗായിക റിഹാനയെ 'വിഡ്ഢി ' എന്നായിരുന്നു കങ്കണ അഭിസംബോധന ചെയ്തത്.

Tags: