Skip to main content

ബ്രാഹ്‌മണ കുടുംബത്തില്‍പ്പെട്ട യുവതികളുടെ വിവാഹത്തിന് പ്രത്യേക ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ ബ്രാഹ്‌മണ വികസന ബോര്‍ഡ്. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവീതവും നല്‍കുന്ന പദ്ധിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അരുന്ധതി, മൈത്രേയി എന്നീ പദ്ധതികള്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. 

അരുന്ധതി പദ്ധതി പ്രകാരം ദരിദ്ര പശ്ചാത്തലമുള്ള 550 ബ്രാഹ്‌മണ യുവതികള്‍ക്ക് 25,000 രൂപവീതം വിവാഹധനസഹായമായി നല്‍കും. ദരിദ്ര ചുറ്റുപാടില്‍നിന്നുള്ള ബ്രാഹ്‌മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്‌മണ യുവതിക്ക് മൂന്ന് ലക്ഷത്തിന്റെ ബോണ്ട് നല്‍കുന്നതാണ് മൈത്രേയി പദ്ധതി. നിലവില്‍ 25 യുവതികള്‍ക്കാണ് ഇത് ലഭ്യമാകുക.

അഞ്ചോ അതില്‍ കൂടുതലോ ഏക്കര്‍ കൃഷിഭൂമി കൈവശമില്ലെന്നും 1,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടില്ലെന്നും പിന്നാക്ക വിഭാഗത്തിലോ പട്ടികജാതി വിഭാഗത്തിലോ പെട്ടതല്ലെന്നുമുള്ള രേഖ ഹാജരാക്കുന്ന, എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു മാത്രമായിരിക്കും ബ്രാഹ്‌മണ വികസന ബോര്‍ഡ് പദ്ധതികളുടെ പ്രയോജനം ലഭിക്കുക.

കര്‍ണാടകത്തിലെ ആറ് കോടി ജനസംഖ്യയില്‍ മൂന്ന് ശതമാനമാണ് ബ്രാഹ്‌മണര്‍. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ബ്രാഹ്‌മണരായ കര്‍ഷകര്‍, പാചകജോലി ചെയ്യുന്നവര്‍ എന്നിവരെ വിവാഹം കഴിച്ചാലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാലേ മൂന്നു ലക്ഷം രൂപ പൂര്‍ണമായും ലഭിക്കൂ. ഓരോ വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഒരു ലക്ഷം വീതമാണ് നല്‍കുക..

ബ്രാഹ്‌മണ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ബോര്‍ഡിനുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, ഫീസ്, പരിശീലനങ്ങള്‍ തുടങ്ങിയ വകയില്‍ ധനസഹായം നല്‍കുന്നതിന്  14 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

2018-19 കാലത്ത് കുമാരസ്വാമി സര്‍ക്കാരാണ് ബ്രാഹ്‌മണ വികസന ബോര്‍ഡ് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി 25 കോടി രൂപ നീക്കിവെക്കുകയും ചെയ്തു. 2019 അവസാനം ബി.എസ്. യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ബോര്‍ഡ് രൂപവത്കരിച്ചത്.