യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

Glint desk
Mon, 21-12-2020 06:02:55 PM ;

യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ് കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദമെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പായി യു.കെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യു.കെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

Tags: