പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടി; അതൃപ്തി രേഖപ്പെടുത്തി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Glint desk
Wed, 19-08-2020 03:34:58 PM ;

മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസുകള്‍ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. രണ്ട് കോടതിയലക്ഷ്യക്കേസുകളാണ് പ്രശാന്ത് ഭൂഷണെതിരെയുള്ളത്. ഒരു കേസിലെ ശിക്ഷ സംബന്ധിച്ച് നാളെ വാദം കേള്‍ക്കാനിരിക്കെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസ്താവനയിറക്കിയത്.

സുപ്രിംകോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യക്കേസിലെ വിധിയിന്മേല്‍ അപ്പീലിന് വ്യവസ്ഥയുണ്ടാകണമെന്നും ഇക്കാര്യം വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് സി.എസ് കര്‍ണനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിച്ചത് ഏഴംഗ വിശാല ബെഞ്ചാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണം എന്ന നിയമതത്വവും ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. 

ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യന്‍ ജോസഫ്  വിയോജിച്ചു. ഇത്തരം പ്രധാന നിയമവിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനം എടുക്കുക എന്നതാണ് കീഴ്‌വഴക്കമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

പ്രശാന്ത് ഭൂഷനെതിരെയുള്ള സുപ്രീകോടതി വിധിയെ എതിര്‍ത്ത് ബാര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത് പ്രാകൃത രീതിയാണെന്നാണ് ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്.

Tags: