കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍; സുപ്രീംകോടതി

Glint desk
Fri, 14-08-2020 12:05:27 PM ;

കോടതി അലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റാക്കാരനെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷണ്‍ ചെയ്ത ട്വീറ്റുകളാണ് കേസിന് ഇടയാക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 20ന് നടക്കും.

ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കാധാരം. ജൂണ്‍ 27നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ്. 'അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറ് വര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്‍മാര്‍ തിരിഞ്ഞു നോക്കിയാല്‍ അതില്‍ സുപ്രിംകോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും' എന്നായിരുന്നു അത്. ഇതിന് പിന്നാലെ ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്കെതിരേയും ട്വീറ്റ് ചെയ്തു. ബോബ്ഡെ ആഡംബര ബൈക്കില്‍ ഇരുന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആ ട്വീറ്റ്.'ജനങ്ങള്‍ക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രിംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

 

Tags: