ബി.ജെ.പിയുമായി ഒത്തുകളിച്ചു; സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് നീക്കി

Glint desk
Tue, 14-07-2020 04:44:33 PM ;

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരെയും പദവികളില്‍ നിന്ന് നീക്കി. മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. ഗോവിന്ദ് സിങ് ദോല്‍സാരയെ പി.സി.സി അധ്യക്ഷനായി നിയമിച്ചു.

രാജസ്ഥാനിലെ 8 കോടി ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ എം.എല്‍.എമാരും ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നു. ഇത് ദുഃഖകരമാണ്. ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സച്ചിനെ പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എം.എല്‍.എമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയും ഇവര്‍ നിയമസഭാകക്ഷിയോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കുകയായിരുന്നു. 

ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ ഇന്ന് നടന്ന യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തതായും ഇവര്‍ ഒന്നടങ്കം സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

Tags: