കൊവിഡ് മരണനിരക്കില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച സ്ഥിതിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ മരണനിരക്ക് കുറച്ചു. ആരും പട്ടിണി കിടക്കാന്‍ ഇട വരരുത്. നവംബര്‍ വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി. രണ്ടാം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇപ്പോള്‍ രാജ്യം അണ്‍ലോക്ക് 2ലേക്ക് കടന്നിരിക്കുന്നു. പനിയുടേയും ചുമയുടേയും ജലദോഷത്തിന്റെയും കാലമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രത കുറവ് ഉണ്ടായി. ജനങ്ങള്‍ ജാഗ്രതകുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി ആളുകള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ നല്‍കും. ഒരു കിലോ കടലയും ലഭ്യമാക്കും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്ക് തുണയാകും.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ 20 കോടി കുടുംബങ്ങള്‍ക്കായി 31,000 കോടി രൂപ നേരിട്ടു നല്‍കി. 9 കോടി കുടംബങ്ങള്‍ക്ക് 18000 കോടി രൂപ ബാങ്ക് വഴി നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്‍ 50,000 കോടി രൂപ ചിലവിട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ വിപുലീകരണത്തിന് 90,000 കോടി രൂപ അധികം ചിലവ് വരും. പദ്ധതിക്കായി ഇതുവരെ ചിലവായ തുക ചേര്‍ക്കുമ്പോള്‍ 1.5ലക്ഷം കോടി രൂപയോളമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.