അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ മതില്‍ നിര്‍മ്മാണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും അടിമുടി ഒരുക്കങ്ങള്‍ നടത്തുകയാണ്. യമുനാ നദിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി 500ഘന അടി ജലമാണ് ഉത്തര്‍പ്രദേശ് ജലസേചനവകുപ്പ് ഒഴുക്കി വിടുന്നത്. ഫെബ്രുവരി 24 വരെ യമുനയിലെ ജലത്തിന്റെ അളവ് ഇതേ രീതിയില്‍ നിലനിര്‍ത്താനാണ് തീരുമാനം.
ബുലന്ദ്ഷപറിലെ ഗംഗാനഗറില്‍ നിന്നാണ് ജലം ഒഴുക്കിവിടുന്നത്. സെക്കന്റില്‍ 500 ഘനയടി വെള്ളം ഒഴുക്കി വിടുന്നതോടെ യമുനയിലെ മലിനീകരണം നിയന്ത്രിക്കാനാവുമെന്നും ഇത് യമുന, മഥുര, ആഗ്ര എന്നിവിടങ്ങളിലെ ഓക്‌സിജന്‍ ലെവല്‍ കൂട്ടുമെന്നും ഇതുവഴി ദുര്‍ഗന്ധം കുറയുമെന്നും ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ധര്‍മേന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഈ നീക്കം യമുനയില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ല എന്നാണ് ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. പ്രധാനമായും ഡല്‍ഹിയിലാണ് സന്ദര്‍ശനം നടത്തുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് കുറഞ്ഞസമയത്തിനുള്ളില്‍ സന്ദര്‍ശിക്കും.