ഷെയ്ന്‍ നിഗം 1 കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; പറ്റില്ലെന്ന് അമ്മ: ചര്‍ച്ച പരാജയം

Glint Desk
Mon, 27-01-2020 06:45:43 PM ;

ഷെയ്ന്‍ നിഗം വിഷയത്തില്‍ താര സംഘടനയായ അമ്മയും നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിപ്പോയ ചിത്രത്തിന് ഷെയ്ന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അമ്മ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി നല്‍കാന്‍ കഴിയില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. 

ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നം പരിഹരിക്കാമെന്നാണ് നിര്‍മാതക്കള്‍ പറഞ്ഞിരുന്നത്. അതനുസരിച്ചാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്‌നോട് തങ്ങള്‍ ആവശ്യപ്പെട്ടതും ഷെയ്ന്‍ അത് ചെയ്തതും. എന്നാല്‍ നഷ്ടപരിഹാരത്തിന്റെ കാര്യം ഇപ്പോള്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഒരു കോടി രൂപയെന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ചെടുത്തോളം ചെറിയ തുകയാണെങ്കിലും തങ്ങളെ വച്ച് നോക്കുമ്പാള്‍ അത് വലുതാണെന്നും ഇടവേള ബാബു പറഞ്ഞു. 
ഖുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ മുടങ്ങിയതിനുള്ള നഷ്ടപരിഹാരമായിട്ടാണ് നിര്‍മ്മാതാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: