ഹൈദരാബാദ് ബലാത്സംഗക്കേസിലെ പ്രതികളുടെ കൊലയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ ആണ് കോടതി കേള്‍ക്കുക.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാത്രി എട്ടുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് മഹ്ബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ജില്ലാ ജഡ്ജി ഇത് ഞായറാഴ്ച വൈകിട്ടോടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം.