രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും മൊബൈല്‍ഫോണുകളും മറ്റ് ഡിവൈസുകളും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. സി.ബി.ഐ, എന്‍.ഐ.എ, റോ തുടങ്ങിയ ഏജന്‍സികള്‍ക്കാണ് വ്യക്തികളുടെ അനുവാദമില്ലാതെ തന്നെ അവരുടെ ഡിവൈസുകള്‍ നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനുമുള്ള അധികാരം നല്‍കിയിരിക്കുന്നത്.
ഇതുവരെ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ഈ പത്ത് ഏജന്‍സികള്‍ക്ക് യാതൊരുവിധ അനുമതിയുടെയുടെയും ആവശ്യമില്ലാതെ പൗരന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറാന്‍ സാധിക്കും.
ഫോണ്‍വിളികളും, ഇമെയിലുകളും മാത്രമല്ല കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവര്‍ക്ക് അധികാരമുണ്ടാവും. ഉത്തരവ് അനുസരിച്ച് കമ്പ്യൂട്ടറിന്റെ ഉടമസ്ഥതയുള്ള ടെലികോം സേവനതാദാക്കളും, ഉപയോക്താക്കളും ഏതൊരു വ്യക്തിയും ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി . എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.