തിരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നു ഫെയ്‌സ്ബുക്കിന് ഇന്തയുടെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിജ് അനലറ്റിക്ക എന്ന കമ്പനി അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് കമ്പനിയ്ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
കേംബ്രിജ് അനലറ്റിക്ക എന്ന കമ്പനിയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ഈ കമ്പനി തന്നെയാണ് കോണ്‍ഗ്രസിനുവേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്ക്കും സമൂഹമാധ്യമങ്ങളിലൂടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ വിവരങ്ങള്‍ കൈക്കലാക്കിയ കേംബ്രിജ് അനലിറ്റിക്ക ഉപയോക്താക്കളുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ സഹായിക്കുകയായിരുന്നു.
സ്വകാര്യത ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ വിപണി മൂല്യം 537 ബില്യന്‍ ഡോളറില്‍നിന്നും 494 ബില്യന്‍ ഡോളറിലേക്ക് താഴ്ന്നു.