പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോഡി സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡക്കൊപ്പം നില്ക്കുന്ന ഫോട്ടോ പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഫോട്ടോ ട്വിറ്ററീലൂടെ പുറത്ത് വിട്ടത്.
നീരവ് മോഡിക്കെതിരേ അന്വേഷണം നടക്കുമ്പോള്‍ തന്നെ ഇയാള്‍ രാജ്യം വിട്ടെന്നും, തുടര്‍ന്ന് ദാവോസില്‍ എത്തിയെന്നുമാണ് യെച്ചൂരി ആരോപിക്കുന്നത്. നീരവ് മോഡിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് ജനുവരി 31 നാണ് അതിന് മുമ്പ് തന്നെ ഇയാള്‍ രാജ്യം വിടുകയായിരുന്നെന്നും, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്സ് ക്രെഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയിരിക്കുന്നത്. പി.എന്‍.ബി ബാങ്കിന്റെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം കടമെടുത്തു, ഒടുവില്‍ തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു നീരവ്. 2011 മുതല്‍ ഇതുവരെ നീരവും കുടുംബവും 11,346 കോടി രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.