Skip to main content
Ahmedabad

gujarat polling

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

 

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 89 മണ്ഡലങ്ങളിലായി 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് വരുന്ന പതിനാലാം തീയതി നടക്കും. ഈ മാസം 18 നാണ് ഫലപ്രഖ്യാപനം ഉണ്ടവുക.

 

സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.

 

ദേശീയ തലത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വലിയ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പത്തെ തിരഞ്ഞെടുപ്പുകളിലേക്കാള്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്  കോണ്‍ഗ്രസ് ഇത്തവണ ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന രാഹുല്‍ ഗാന്ധിയുടെയും അഭിമാന പോരാട്ടം കൂടിയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.