തിയേറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും എന്നിട്ടും, ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍

Glint Desk
Fri, 01-01-2021 06:14:40 PM ;

തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായ പുതുവര്‍ഷ ദിനത്തില്‍ മലയാള സിനിമയെയും പ്രേക്ഷകരെയും ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനമാണ് വന്നത്. ബോക്‌സോഫീസുകളില്‍ റെക്കോഡുകളിട്ട മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസ് ചെയ്യുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുക. മലയാളത്തിലെ ആദ്യ ഒടിടി ചിത്രം സൂഫിയും സുജാതയുമായിരുന്നെങ്കിലും അതിനേക്കാള്‍ ആകാംശയോടെയാണ് ദൃശ്യം 2 നെ സിനിമാ ലോകവും ആസ്വാദകരും നോക്കിക്കാണുന്നത്. അതിന് കാരണങ്ങള്‍ ഏറെയാണ്. തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ സംസ്ഥാനപ്രസിഡന്റ് ആണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവൂര്‍ ആശിവാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ് ദൃശ്യം 2. അതിനാല്‍ തന്നെ തിയേറ്ററിലൂടെ മാത്രമേ സിനിമ റിലീസ് ചെയ്യൂ എന്നായിരുന്നു സകലരുടെയും പ്രതീക്ഷ. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാര്‍ നിമ്മിക്കുന്നതും ആന്റെണി പെരുമ്പാവൂരാണ്. പത്തുമാസമായി ഈ പടം പെട്ടിയിലിരിക്കുകയാണ്. അതിനിടെയാണ് പെട്ടെന്ന് ദൃശ്യം രണ്ട് സിനിമയാകുന്നത്.  മാത്രമല്ല നിശ്ചലമായി മലയാള സിനിയ്ക്ക് അനക്കം വച്ചതും ദൃശ്യം 2 ലൂടെയാണ്. ദൃശ്യം ഒന്ന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമയായിരുന്നു. തമിഴിലേക്കും ഹിന്ദിയിലേക്കും തെലുങ്കിലേക്കുമെല്ലാം ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. അത്തരമൊരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ പ്രാധാന്യം ലഭിക്കുക സ്വാഭാവികമാണ്. തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ജനം കയറുമെന്നതും ഉറപ്പാണ്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഒടിടി റീലീസിന് ചിത്രം എത്തുന്നത്. ജനുവരി 5 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ഈ പ്രഖ്യാപനം. മലയാള സിനിമാ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി ഇതിനെ കാണാം. 

മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് മോഹന്‍ലാല്‍, അതുപോലെ തന്നെ സംവിധായകരില്‍ ഏറ്റവും മൂല്യമുള്ളവരില്‍ ഒരാളാണ് ജിത്തു ജോസഫ്. ഈ കൂട്ടുകെട്ടിലെ മികച്ച ഹിറ്റിന്റെ രണ്ടാം ഭാഗമാണ് ഒടിടിയില്‍ വരുന്നത്. ഈ വിപ്ലവകരമായ തീരുമാനത്തെ പിന്‍പറ്റി പല സിനിമകളും ഓണ്‍ലൈന്‍ റിലീസ് ചെയ്‌തേക്കാം. മറ്റൊരു കാര്യം കൂടി   ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നുണ്ട് താരതമ്യേന ചിലവ് കുറഞ്ഞ ചിത്രങ്ങള്‍ മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതക്കള്‍ക്ക്  കഴിയൂ എന്ന്. ദൃശ്യം 2 വെറും 46 ദിവസംകൊണ്ട് ചിത്രീകരിച്ച സനിമയാണ്. അധികം ലൊക്കേഷനുകളുമുണ്ടിയിരുന്നില്ല.

കേരളത്തില്‍ ആകെയുള്ള 673 സ്‌ക്രീനുകളും കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടഞ്ഞ് കിടക്കുകയാണ്. ജനുവരിയില്‍ പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഈ സാഹസചര്യത്തില്‍ കേരളത്തിലും സമാന തീരുമാനം പ്രതീക്ഷിച്ചതാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 50 ശതമാനം ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തുറക്കുന്നതിന് മുമ്പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം തടുങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

Tags: