അടുത്ത സീണണ് നില്‍ക്കാതെ സി.ഐ സതീഷ് പോയി

Glint Desk
Fri, 25-12-2020 08:01:05 PM ;

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള സിനിമകളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. ആ സനിമ സമ്മാനിച്ച് മലയാളികളുടെ ആസ്വാദന ഹൃദയത്തില്‍ തൊട്ട് നില്‍ക്കവെയാണ് സച്ചി അപ്രതീക്ഷിതമായി വിടവാങ്ങുന്നത്. ആ നഷ്ടം അങ്ങനെ തന്നെ അവിടെ നിലനില്‍ക്കുന്നു. ഇന്ന് ഡിസംബര്‍ 25, സച്ചിയുടെ ജന്മദിനം. സച്ചി ഇവിടെയില്ലെങ്കിലും അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ച് പ്രഖ്യാപിക്കുന്നു. 'സച്ചി ക്രിയേഷന്‍സ്'. ആ വാര്‍ത്തയറിഞ്ഞ് ചെറിയൊരാശ്വാസത്തില്‍ ഇരുന്നവരെ കാത്ത് വൈകിട്ട് വരുന്നത്  ഈ വിവരമാണ്. അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. അയ്യപ്പനും കോശിയും വീണ്ടും കരയിക്കുകയാണ്. സംവിധായകന് പിന്നാലെ ആ സിനിമയുടെ അഭിവാജ്യ സാന്നിധ്യമായിരുന്ന ഒരു നടന്‍ കൂടി വിടവാങ്ങുന്നു. രണ്ടായിരത്തി ഇരുപത് നഷ്ടങ്ങളുടെ വര്‍ഷമാണന്ന പ്രയോഗം ഒരിക്കല്‍ കൂടി ഉപയോഗിക്കേണ്ടി വരുന്നു. 

ഇനിയുമേറെ വേഷങ്ങള്‍ പകര്‍ന്നാടാന്‍ ബാക്കിയാക്കി 48 ആം വയസ്സിലാണ് അനില്‍ യാത്രയാകുന്നത്. ഒരു വേഷപ്പകര്‍ച്ചയുടെ ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാടകത്തിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ അനില്‍ കമ്മട്ടിപ്പാടത്തിലൂടെ വലിയ ശ്രദ്ധപിടിച്ചുപറ്റി. അയ്യപ്പനും കോശിയിലുമെത്തിയപ്പോള്‍ വീണ്ടും അദ്ദേഹം വിസ്മയിപ്പിച്ചു. 'ഈ അയ്യപ്പന്‍ കോശി സീസണൊന്ന് കഴിഞ്ഞോട്ടെ എന്ന് നമ്മള്‍ തമ്മിലാകാം അടുത്തത്' എന്ന് രഞ്ജിത്തിനോട് സിനിമയില്‍ അനില്‍ പറയുന്നുണ്ട്. പക്ഷേ ആ അടുത്ത സീസണ് അനില്‍ ഇനി ഇല്ല. സി.ഐ സതീഷിന് അവസാനത്തെ സല്യൂട്ട്.

 

Tags: