ഭാവനയുടെ ഭാവനാരഹിതമായ പരസ്യസാന്നിദ്ധ്യം

Glint Staff
Wed, 03-05-2017 04:24:31 PM ;

 

ബാഹുബലിയുടെ വിജയം ഇന്ത്യ കണ്ട ഏറ്റവും വലിയ മാർക്കറ്റിംഗ് തന്ത്രത്തിന്റെ വിജയം കൂടിയാണ്. സിനിമയുടെ കഥയിലെ മർമ്മം തുടങ്ങി ശരാശരി മനുഷ്യർ ദൈനംദിന ജീവിതത്തിൽ കടന്നു പോകുന്നവയെല്ലാം അവർ മാർക്കറ്റിംഗ് തന്ത്രത്തിനുള്ള മാധ്യമമായി ഉപയോഗിച്ചു. വിജയിച്ചു. വളരെ സർഗ്ഗാത്മകമായ മാർക്കറ്റിംഗ് തന്ത്രം എന്നുകൂടി അതിനെ വിശേഷിപ്പിക്കാം. ഡോ. ഫിക്‌സിറ്റ് എന്ന റൂഫിംഗ് ലീക്ക് ഒഴിവാക്കാനുള്ള ഉൽപ്പന്നത്തിന്റെ പരസ്യത്തിലും ബാഹുബലി കയറി വന്നു. പരസ്പരം ശ്രദ്ധാമൂല്യം വർധിക്കുന്ന രീതിയിൽ. എന്നാൽ ചലച്ചിത്ര താരം ഭാവന ഈസ്ടീ എന്ന തേയിലയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് അൽപ്പം കടന്ന കൈയ്യായിപ്പോയി എന്നു പറയാതിരിക്കാൻ വയ്യ.

 

വർത്തമാനജീവിതം കഴിഞ്ഞ ജീവിതത്തിന്റെ ആകെത്തുകയാണ്. ഭാവിജീവിതം വർത്തമാനജീവിതത്തിന്റെയും. ഇതിൽ അണുവിട മാറ്റമുണ്ടാവില്ല. മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളാണ് ഭീഷ്മനും ദ്രോണരുമൊക്കെ. എന്നാൽ വ്യാസൻ അവരെ അധർമ്മത്തിന്റെ ഭാഗത്താണ് അണിനിരത്തിയത്. മഹാഭാരതത്തിലെ ഓരോ വരിയും ഓരോ അക്ഷരവും ധർമ്മാധർമ്മങ്ങളുടെ ഇഴപിരിക്കലാണ്. അത്രയ്ക്ക് സങ്കീർണ്ണമാണ് ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്നത്. ഭൂതകാലത്തിന്റെ ഫലത്തിൽ നിന്ന് മഹാഭാരതത്തിലെ ഒരു കഥാപാത്രങ്ങളും വിമുക്തവുമല്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ജീവിതത്തിലെ തീരുമാനങ്ങളുടെ പിന്നിലുള്ള അതിസൂക്ഷ്മതലത്തെയാണ്. തനിക്ക് നല്ലത് എന്ന അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനങ്ങളാണ് പലരെയും പിന്നീട് ബുദ്ധിമുട്ടിലാക്കുന്നത്. വർത്തമാനത്തിൽ എടുക്കുന്ന തീരുമാനം ഭാവിയിൽ എന്തായിത്തീരുമെന്ന് കാണാൻ കഴിയാതെ വരുന്നതുകൊണ്ടാണത്. വർത്തമാനത്തിൽ നിർദ്ദിഷ്ട തീരുമാനമെടുത്തില്ലെങ്കിൽ തനിക്ക് ഇന്ന നഷ്ടമുണ്ടാകുമെന്ന പേടിയിൽ നിന്നാണ് പലപ്പോഴും തൽക്കാലം സുഖമുണ്ടാകുമെന്നു കരുതുന്ന തീരുമാനങ്ങളെടുക്കുന്നത്.

 

ഈസ്ടീയുടെ പരസ്യത്തിൽ ജീവിതത്തിലെ കടുപ്പമേറിയ അനുഭവത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്. ചായയുടെ ഗുണം കടുപ്പത്തിലധിഷ്ഠിതം. പരസ്യത്തിന്റെ ഒടുവിൽ ഭാവന പറയുന്നു: 'ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. അപ്പോഴും പുഞ്ചിരി മായരുത്.' ഭാവന പറയുന്നത് വളരെ ശരിയാണ്. ഭാവനയുടെ ജീവിതത്തിൽ കടുപ്പമേറിയ പ്രതിസന്ധിയുണ്ടായപ്പോൾ ഒരു ജനത ആ യുവതിയോടൊപ്പം നിന്നു. അതവർക്ക് താങ്ങായി. അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നതും. അത് ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടും മനുഷ്യത്വവും അതനുസരിച്ചുള്ള നിലപാടുമാണ്. ഭാവന അതിനെ നേരിട്ടതും വളരെ ശക്തമായിത്തന്നെ. അതു സമൂഹത്തിന്റെ മൊത്തം അനുഭവമായി മാറുകയായിരുന്നു. ആ അനുഭവം അവരുടെ അഭിനയ ജീവിതത്തിന്റെ ഭാഗമല്ല. അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ആ അനുഭവത്തെ ധനലാഭത്തിനു വേണ്ടി ഒരു തേയിലയുടെ പരസ്യത്തിനായി വിൽക്കണമായിരുന്നോ വേണ്ടയോ എന്ന ചോദ്യം ഭാവനയുടെ മുന്നിൽ വന്നിട്ടുണ്ടാവണം.

 

ഭാവനയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിയെ എങ്ങനെ തങ്ങളുടെ ഉൽപ്പന്നത്തിന്റെ വ്യാപനത്തിനു വിനിയോഗിക്കാം എന്ന മാർക്കറ്റിംഗ് ചിന്തയാണ് ഈ പരസ്യത്തിന്റെ പിറവിക്കു കാരണം. ബാഹുബലി മാർക്കറ്റിംഗിൽ കണ്ട സർഗ്ഗാത്മകതയല്ല ഇവിടെ കാണുന്നത്. ഒരു യുവതിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതാനുഭവത്തെ എങ്ങനെ തങ്ങൾക്കുവേണ്ടി വിപണനം ചെയ്യാമെന്ന തെല്ലും സാമൂഹിക മനസ്സില്ലാത്ത വിപരീത സർഗ്ഗാത്മക മനസ്സിൽ നിന്നാണ് അതുതിർന്നത്. പരസ്യത്തിനായി ഒരു ഉൽപ്പന്നത്തെ സമ്മതിച്ച് സാക്ഷ്യപ്പെടുത്തുമ്പോൾ ലഭ്യമാകുന്ന പ്രതിഫലത്തുക തന്നെയാണ് ആത്യന്തികമായി ഭാവനയെ ഈ പരസ്യത്തിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചത്. തന്റെ അനുഭവത്തെ ഉദ്ധരിക്കുമ്പോൾ അത് സാമൂഹികമായി നല്ല സന്ദേശം നൽകുമെന്നൊക്കെ പരസ്യക്കാർ ഭാവനയെ ധരിപ്പിച്ചതുകൊണ്ടുമാകാം അവർ അതിനു സമ്മതിച്ചത്.

 

വിപരീത സർഗ്ഗാത്മകതയുളളവരുടെ ബുദ്ധി തെളിഞ്ഞതാവില്ല. ചിലപ്പോൾ തത്ക്കാല ലാഭം നേടുമെങ്കിലും. കാരണം, ഈ പരസ്യം കണ്ട പത്തു പേരോടു ചോദിച്ചാൽ ഭാവനയുടെ പ്രതിസന്ധിയിലും പുഞ്ചിരി മായരുത് എന്നു പറയുന്ന പരസ്യം ഓർത്തെന്നിരിക്കും. പക്ഷേ ഏതുൽപ്പന്നത്തിനു വേണ്ടിയാണെന്ന് അവരിൽ ഭൂരിഭാഗം പേരും പറയാനിടയില്ല. യഥാർഥത്തിൽ ഉൽപ്പന്നക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു നഷ്ടക്കച്ചവടം തന്നെ. ഭാവന ഉശിരുവാക്ക് (punch word) പറയുമ്പോൾ ഉൽപ്പന്നമല്ല പ്രേക്ഷകർ ഓർക്കുക. മറിച്ച് അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയായിരിക്കും.

 

ഭാവന ഈ പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ ജീവിതത്തിലെ കടുത്ത അനുഭവം  സാമൂഹികാവസ്ഥയിൽ നിന്ന് ഒരു വിപണി ഇനമായും മാറുന്നു. ഭാവന പ്രതിസന്ധിയെ നല്ല രീതിയിൽ അതിജീവിച്ചു. പുഞ്ചിരി മായാതെ തന്നെ. ആ അവസ്ഥയെ സമൂഹവുമായി സാമൂഹികമായി പങ്കുവെയ്ക്കുമ്പോഴാണ് ആ പുഞ്ചിരി ഉശിരുവാക്കിൽ  പറയുന്ന രീതിയിൽ ജനമനസ്സുകളിലേക്ക് അബോധമായി പ്രവേശിക്കുക. അത് പരസ്യത്തിൽ പറയുമ്പോൾ ഭാവന ബിരിയാണി അരിയുടെ പരസ്യത്തിൽ പറയുന്ന യുക്തിയുടെ വിലയേ അതിനുണ്ടാകുന്നുള്ളു. ഒരുപക്ഷേ ഇത്തരമൊരു നിർദ്ദേശം ആദ്യം ഭാവനയുടെ മുന്നിൽ അവതരിക്കപ്പെട്ടപ്പോൾ അവർ ഇതു വേണ്ട എന്നു പറഞ്ഞുകാണാനാണിട. കാരണം അത് അബോധമനസ്സിൽ നിന്ന് നൈസർഗ്ഗികമായി വന്ന പ്രതികരണമായിരിക്കും. ആംഗലേയത്തിൽ ഗട്ട് ഫീലിംഗ് എന്ന് പറയുന്ന പോലെ.

 

ധനസമ്പാദനത്തിനു വേണ്ടിയാണ് ഭാവന ഉൽപ്പന്നക്കാരുടെ നിർബന്ധത്തിന് വഴങ്ങി തന്റെ ജീവിതത്തിലെ ഒരു കൊടിയ സ്വകാര്യ അനുഭവത്തെ പരസ്യ ഉൽപ്പന്നമാക്കാൻ തീരുമാനിച്ചതെന്ന നിശബ്ദ സന്ദേശം ഏവരുടെയും മനസ്സിൽ അടിയും. അതിൽ സമൂഹം എന്തു ധരിക്കും എന്നുളളത് ഭാവന ശ്രദ്ധിക്കേണ്ടതില്ല. പക്ഷേ തീരുമാനങ്ങളെടുക്കാനുള്ള അവരുടെ മനസ്സിന്റെ തെളിച്ചമില്ലായ്മയാണ് അതു സൂചിപ്പിക്കുന്നത്. അത് വർത്തമാനത്തിലെടുക്കുന്ന തീരുമാനങ്ങൾ പാളുന്നതിലേക്ക് നയിക്കും. പക്ഷേ, പാളിച്ച വർത്തമാനത്തിലാവില്ല അനുഭവപ്പെടുക. അത് ഭാവിയിലായിരിക്കും. ആ അനുഭവങ്ങൾക്ക് ഈ പരസ്യവുമായി യാതൊരു ബന്ധവുമുണ്ടാവില്ല. എന്നാൽ ഈ പരസ്യത്തിന് തയ്യാറാകാൻ തീരുമാനമെടുത്ത മനസ്സ് പല ദുർഘടങ്ങളിലേക്കും അവരെ എത്തിക്കും. ഓരോ നിമിഷവും മനുഷ്യൻ എടുക്കുന്ന തീരുമാനമാണ് മനുഷ്യന്റെ ജീവിതത്തിന്റെ ഗതിയെ നിർണ്ണയിക്കുന്നത്. അതിനാണ് മനുഷ്യന് ഭാവനാ ശേഷി നൽകിയിരിക്കുന്നത്. അതു തിരിച്ചറിയാനും കാണാനുമുളള ശേഷിക്കായി.

 

Tags: