കേരളത്തിൽ ശ്ലീലമേത്, അശ്ലീലമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണ്. കാപ്പിയിലോ ചായയിലോ ഇന്നത്തെ സാഹചര്യത്തിൽ കുറച്ചു മുല്ലപ്പൂവോ റോസോ ഇട്ടാൽ അത് അശ്ലീലമാണ്. അതേസമയം കാപ്പിയും ചായയും മല്ലപ്പൂവും റോസുമൊക്കെ മണത്തിന്റെ കാര്യത്തിൽ പൊതുവേ ആസ്വാദ്യവുമാണ്. മസാലച്ചായപോലെ ചായയിലോ കാപ്പിയിലോ പൂക്കളിട്ട് പുത്തൻ സ്വാദ് പ്രചരിപ്പിക്കുന്ന പക്ഷം അത് ആസ്വാദ്യവും ഗ്ലീലവുമാകാം. ആത്യന്തികമായി പ്രകൃതിയിൽ ഒന്നും തന്നെ ശ്ലീലവും അശ്ലീലവുമായില്ല. സൂര്യൻ ഉദിക്കാറുമില്ല, അസ്തമിക്കാറുമില്ല എന്ന പോലെ. എന്നാൽ ഭൂമിയിൽ മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ ദൈനംദിന ജീവിതം സൂര്യന്റെ ഉദയാസ്തമനങ്ങളെ ആശ്രയിച്ചും അതിനാൽ ബന്ധിതവുമാണ്. അതിനാൽ സാമൂഹിക ജീവിയായ മനുഷ്യന് പ്രായോഗിക ജീവിതത്തിൽ ശ്ലീലവും അശ്ലീലവും ബാധകമാണ്, ശുദ്ധിയും അശുദ്ധിയും പോലെ.
റിപ്പോർട്ടർ ടി.വിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ നികേഷ് കുമാർ ആരംഭിച്ചിരിക്കുന്ന പരിപാടിയാണ് എന്റെ ചോര തിളയ്ക്കുന്നു എന്ന ചർച്ച. എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ, ഒരു യുവതിയോടാണെന്നു പറയപ്പെടുന്ന ടെലഫോൺ സംഭാഷണമാണ് വിഷയം. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയൻ, ടെലിഫോൺ സംഭാഷണം പുറത്തുവിട്ട മംഗളം ചാനൽ എം.ഡി അജിത് കുമാർ, ആക്ടിവിസ്റ്റ് ധന്യ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം മനോജ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന പാനൽ അംഗങ്ങൾ. മാദ്ധ്യമ പ്രവർത്തനത്തിന് ജീർണ്ണത ബാധിച്ചുവെന്നതിൽ സംശയമില്ലെന്നും അതെത്രത്തോളം ആയിട്ടുണ്ടെന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ എന്ന ആമുഖത്തോടെയാണ് നികേഷ് ചർച്ച ആരംഭിച്ചത്. മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റജീനയെന്ന യുവതിയുടെ വെളിപ്പെടുത്തൽ ഇന്ത്യാവിഷനിലൂടെ കാണിച്ചു കൊണ്ട് ഈ ജീർണ്ണതയ്ക്ക് തുടക്കം കുറിച്ചത് നികേഷാണോ എന്നതും ഒരു ചര്‍ച്ചാവിഷയമായി എടുക്കാവുന്നതാണെന്ന് സാന്ദര്‍ഭികമായി പറയാം.
ചർച്ചയിലുടനീളം നികേഷിന്റെ പരാമർശം ശശീന്ദ്രന്റെ അശ്ലീല സംഭാഷണം എന്നായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവർത്തനം നടത്തിയ നികേഷിന് ഒരു സംഭവത്തിന്റെ സൂക്ഷ്മവശം കാണാൻ കഴിയാതെ പോയി എന്നാണ് അത് പ്രകടമാക്കുന്നത്. ഓരോ വ്യക്തിയുടെയും ലൈംഗിക പ്രിയങ്ങൾ വ്യത്യസ്തമാണ്. ശശീന്ദ്രന്റേത് ഏറ്റവും സ്വകാര്യവും പ്രതിരോധം തെല്ലുമില്ലാത്ത സാഹചര്യത്തിൽ സ്ത്രീയുമായി നടത്തിയെന്ന്‍ പറയപ്പെടുന്നതാണ്. ഇടവേളകളിലെ മറുഭാഗ പ്രതികരണം ഇല്ലെങ്കിലും ആ സംഭാഷണം ഊഹിക്കുക ബുദ്ധിമുട്ടുള്ള കാര്യമില്ല. സ്വയം മറന്ന് ഒന്നും ഒന്നും മിണി ബല്യ ഒന്നായി മാറിയതിന്റെ സ്വാഭാവികത അതിലുണ്ട്. ലൈംഗിക ഇടപെടലിൽ അത് ഉദാത്തമായ പെരുമാറ്റം തന്നെ. അത് പൊതുജനത്തെ കേൾപ്പിച്ച പ്രവൃത്തിയാണ് അശ്ലീലം. അസ്ഥാനത്തു വരുന്നതും ഔചിത്യമില്ലാത്തതുമാണ് അശ്ലീലം. മറുഭാഗത്തു നിന്ന് പ്രോത്സാഹനമില്ലാതെയോ എതിർപ്പുണ്ടാവുകയോ ചെയ്യുമ്പോൾ ശശീന്ദ്രൻ ഇവ്വിധം സംസാരിച്ചിരുന്നുവെങ്കിൽ അത് അശ്ലീലമായിരുന്നേനെ. അത്തരത്തിൽ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സഹകരണം ഉണ്ടായതായി അറിയാനും പറ്റുന്നു.
പ്രപഞ്ചത്തിലെ ഏറ്റവും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാദ്ധ്യമ പ്രവർത്തനമെന്ന സാമൂഹ്യശാസ്ത്രം. മനുഷ്യരായി ജനിക്കുന്നവരെല്ലാം ജീവിച്ചു മരിക്കുന്നതിനാൽ ശരാശരി കാഴ്ചയിലൂടെ സാമൂഹ്യശാസ്ത്രം ഉപരിപ്ലവമായി തോന്നും. ലോകത്തുള്ള മറ്റെല്ലാ ശാസ്ത്രങ്ങളും ഈ ശാസ്ത്രത്തിലേക്ക് ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ്. ആ തിരിച്ചറിവ് മാദ്ധ്യമ പ്രവർത്തകര്‍ക്ക് ഉണ്ടാകണം. മേശയിലും കസേരയിലും അതു പണിയുന്നവരും ഉപയോഗിക്കുന്നവരും തടിയും രൂപവും കാണുമ്പോൾ ഒരു ഭൗതിക ശാസ്ത്രജ്ഞയില്‍ അതുപയോഗിക്കുന്നതോടൊപ്പം അത് സദാ ചലനാത്മകമായ ഇലക്ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമാണെന്ന അറിവുള്ളതുപോലെ. അങ്ങനെ വരുമ്പോഴാണ് അശ്ലീലമെന്തെന്ന് ശ്ലീലമായ രീതിയിൽ കാണികളെ ബോധ്യപ്പെടുത്താനും ശ്ലീലത്തിന്റെ പ്രയോഗത്തിലെ ആവശ്യകത കാണികളിലേക്ക് വിന്യസിക്കാനും കഴിയുകയുള്ളൂ. ആ അറിവിന്റെ സൂക്ഷ്മതയിൽ നോക്കുമ്പോഴാണ് പരന്ന സ്വഭാവമുള്ള അവ്യക്തവിഷയത്തിൽ നിന്നും മൂർച്ചയും വ്യക്തതയുമുള്ള വിഷയം കണ്ടെത്താൻ കഴിയുകയുള്ളു. അതിനാൽ ഇവിടുത്തെ വിഷയം വ്യവഹാരങ്ങളിൽ, വീട്ടിനുള്ളിലും പുറത്തും, അശ്ലീലം പാടുണ്ടോ എന്നതാണ്. അതിന്റെ കീഴിൽ മാത്രമേ മാദ്ധ്യമപ്രവർത്തനവും മൂല്യങ്ങളും ജീർണ്ണതയുമൊക്കെ വരികയുള്ളു. ഒരു സമൂഹത്തിലെ ശ്ലീലവും അശ്ലീലവും നിർണ്ണയിച്ചറിയാനുള്ള ഏറ്റവും ചുരുങ്ങിയ ശേഷിയെങ്കിലും മാദ്ധ്യമപ്രവർത്തകര്‍ക്ക് ഉണ്ടാകണം. അപ്പോഴേ അശ്ലീലങ്ങൾ ശ്ലീലങ്ങളായി മാറാതിരിക്കാനും മറിച്ചും സംഭവിക്കാതിരിക്കാനുമുള്ള നോട്ടം മാദ്ധ്യമ പ്രവർത്തകരിൽ ഉണ്ടാവുകയുള്ളു. എങ്കിൽ മാത്രമേ ചർച്ചയുടെ പ്രസക്തിയും എന്തിന് റേറ്റിംഗ് കൂട്ടാനുള്ള കമ്പോളമായ പ്രേക്ഷകർ പോലും ഉണ്ടാവുകയുള്ളൂ. സംശയം വേണ്ട, സമൂഹത്തെ ചൂണ്ടി വാർത്തയെന്ന പേരിൽ റേറ്റിംഗ് കൂട്ടുന്നതിന് ശ്രദ്ധയൂന്നി അവതരിപ്പിക്കപ്പെടുന്നത് അസ്ഥാനത്തായതു കൊണ്ട് അതും അശ്ലീലം തന്നെ.
ഏതു രംഗത്തും സർഗ്ഗാത്മകത ഇല്ലാതെ വരുമ്പോഴാണ് ചെപ്പടിവിദ്യയിലേക്കു പോവുക. സർഗ്ഗശേഷിയില്ലാത്ത സിനിമാ സംവിധായകൻ കഥാനുഗതിക്ക് ആവശ്യമില്ലാത്ത സെക്സും സ്റ്റണ്ടുമൊക്കെ ചേർത്ത് ആളെ കൂട്ടാൻ ശ്രമിക്കുന്നതുപോലെ. എന്തിനും ഏതിനും സിനിമാ സംബന്ധിയായ ചേരുവകൾ ഉൾപ്പെടുത്തി പത്രത്താളുകളും ചാനൽ സമയങ്ങളും നിറയ്ക്കുന്നതും മാദ്ധ്യമപ്രവർത്തനം പിടിയില്ലാതെ വരുന്നതു കൊണ്ടാണ്. അപ്പോഴത് അശ്ലീലം തന്നെയായി മാറുന്നു. തിരിച്ചറിയുന്നില്ലെന്നു മാത്രം. ഒരു ശീലം സ്വഭാവമായി മാറുമ്പോൾ അത് പ്രകടമാകും. ഇപ്പോൾ സംഭവിച്ചിരിക്കുന്നതും അതാണ്.
അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു. കാരണം അവരിൽ ചിലപ്പോൾ സമമായി നിലകൊള്ളേണ്ട ചിത്തത്തെ വികാരം കീഴടക്കുന്നു. മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടിട്ടാണ് വികാരങ്ങളുടെ സ്ഥാനം. അതിനാൽ വികാരങ്ങൾ കൂടിയേ കഴിയൂ. പ്രകൃതിയുമായുള്ള കൊടുക്കൽ വാങ്ങലിന് അതില്ലാതെ പറ്റില്ല. എല്ലാ ജന്തുക്കളിലും അതുണ്ട്. ജന്തുക്കൾക്ക് പൊതുവായ തലത്തിനപ്പുറത്തേക്ക് ചിന്തിക്കുന്നിടത്തു നിന്നാണ് മനുഷ്യനും സമൂഹവും സംഭവിക്കുന്നത്. അവിടെ ചിന്തയിലൂടെ ശീലങ്ങളെ പരുവപ്പെടുത്തി വൈകാരികതകളിൽ, ഭദ്രമായ ഭാഷയിലേതുപോൽ, വ്യാകരണം കൊണ്ടു വരുമ്പോഴാണ് വ്യക്തിയും സമൂഹവും മനുഷ്യന്റെ തലത്തിലേക്ക് അഥവാ സ്ഥാനത്തേക്ക് ഉയരുക. അത് സ്വാഭാവികമായി വ്യക്തിയിലും വ്യക്തിയിലൂടെ സമൂഹത്തിലും സംഭവിക്കുന്ന വിധം പെരുമാറണമെന്നുള്ള അറിവ് നായകസ്ഥാനത്തുള്ളവരിൽ ഉണ്ടാകേണ്ടതാണ്.
എൺപതുകളുടെ ഒടുവിൽ എം.ടി വാസുദേവൻ നായർ തിരക്കഥ നിർവഹിച്ച സിനിമയിൽ അതുവരെ അഴുകിയ തെരുവുകളിലും സംസ്കൃതചിത്തരല്ലാത്തവരിലൂടെയും കേൾക്കപ്പെടുന്ന തെറിവാക്ക് കഥാപാത്രത്തിന്റെ പശ്ചാത്തല ന്യായയുക്തിയുടെ പേരിൽ ഉപയോഗിച്ചു. ഒരുപക്ഷേ അത് ഉചിതമായിരിക്കാം. എന്നാൽ എം.ടിക്കാകാമെങ്കിൽ പിന്നെ നമ്മൾക്കുമാകാം എന്ന യുക്തിയിൽ മറ്റുള്ളവരും രംഗക്കൊഴുപ്പിനായി വീര്യം കൂടിയ തെറി ഉപയോഗിച്ചു. ഇന്നിപ്പോൾ ഒട്ടുമിക്കതും ഉപയോഗിച്ചു കഴിഞ്ഞു. അതിന്റെ വീര്യം ഉപയോഗിച്ചു നഷ്ടമായതിനാൽ അതിനെ വെല്ലുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നടൻ ജോയ് മാത്യുവുമായി താഹ മാടായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടത്തിയ അഭിമുഖത്തിൽ മലയാളത്തിൽ ഇതുവരെ അച്ചടിയില്‍ ഉപയോഗിക്കാത്ത, ആളുകള്‍ പരസ്യമായി ഉപയോഗിക്കാൻ പൊതുവേ മടിക്കുന്ന തെറി വാക്ക് പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ആ അശ്ലീല പദം ഉപയോഗിച്ച സ്ഥിതിക്ക് മറ്റാർക്കും വേണമെങ്കിൽ തലവാചകമായോ പ്രസ്താവനയിറക്കുമ്പോഴോ ഉപയോഗിക്കാവുന്ന വാക്കായി അത് താമസിയാതെ മാറും. ഇതിനെയാണ് ആംഗലേയത്തിൽ ബഞ്ച് മാർക്കിംഗ് എന്നു പറയുന്നത്.
ശശീന്ദ്രന്റെ ഫോൺ സംഭാഷണം മംഗളം ചാനൽ നൽകിയതിനെ ഏഷ്യാനെറ്റ് സ്ഥാപകൻ കൂടിയായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശശികുമാർ അപലപിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. ന്യൂസ് പോർണോഗ്രാഫി എന്നാണദ്ദേഹം ആ വാർത്ത നൽകലിനെ വിലയിരുത്തിയത്. വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒളിക്യാമറയിലൂടെ നോക്കി സംപ്രേഷണം ചെയ്യുന്ന അവസ്ഥയിലേക്ക് ഈ പ്രവണത നീളുമെന്ന് ശക്തമായി പറയുന്നതിനു വേണ്ടിയാണ് അദ്ദേഹം ആ പ്രയോഗം നടത്തിയത്. നികേഷ് കുമാർ ഈ ചർച്ചയിൽ ശശികുമാറിനെ ഉദ്ധരിച്ചു കൊണ്ട് ശശികുമാർ ഉപയോഗിച്ച ആംഗലേയ വാക്കിന്റെ മലയാളം ഉപയോഗിക്കുകയുണ്ടായി. ഒരു ആരോഗ്യ സംബന്ധ ചർച്ചയിലാണെങ്കിൽ ആ പ്രയോഗം അസ്ഥാനത്തല്ല. എന്നാൽ അശ്ലീലത്തെ കുറിച്ച് ചർച്ച നടത്തുന്ന വേളയിലെ ആ പ്രയോഗം അശ്ലീലമാണ്. അശ്ലീല പ്രയോഗത്തിന് അതിലൂടെ പ്രയോഗപ്രചാരണം ലഭിച്ചിരിക്കുന്നു. ശശികുമാറുപയോഗിച്ചത് നികേഷുപയോഗിച്ചു. നികേഷുപയോഗിച്ചത് മറ്റുള്ളവർ ഉപയോഗിക്കും.
സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ല എന്നതു പോലെ മനുഷ്യർ യഥാർഥത്തിൽ പരസ്പരം നഗ്നത മറയ്ക്കുന്നില്ല. ഇന്നിപ്പോൾ തുണികൊണ്ടുള്ള മറവ് കുറയുന്നുണ്ടെങ്കിലും ഉള്ള തുണിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിവുള്ളതാണ്. എന്നിരുന്നാലും തുണി ഒട്ടുമില്ലാതെ പുറത്തിറങ്ങുന്നത് കേരള സമൂമുഹത്തിൽ ഇപ്പോഴും അശ്ലീലം തന്നെ. അതുപോലെ എല്ലാം മറയില്ലാതെ പറയുന്നത് ഇപ്പോഴും അശ്ലീലം തന്നെ. ആ ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും ഇടയിലുള്ള ചില ചിട്ടവട്ടങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് കുടുംബം, അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ എന്നീ സംഗതികൾ നിലനില്ക്കുന്നതും ചില സ്വകാര്യതകൾ പാലിച്ചു പോകുന്നതും. അതില്ലാതായാൽ കടുംബം പോകട്ടെ, ഒടുവിൽ ഇത്തരം വാർത്തയ്ക്ക് കമ്പോളം പോലുമില്ലാതാകും.
മൂന്നര കോടിയോളം ജനങ്ങളുള്ള കേരളത്തിൽ ഏതാനും ചില അഗമ്യഗമന സംഭവങ്ങളെ പതിവ് സംഭവം പോലെ ചാനലുകൾ അവതരിപ്പിക്കുന്നതും അശ്ലീലം തന്നെ. ഇതുമൂലം അച്ഛൻമാരുടെയടുത്തും മുത്തഛൻമാരുടെയടുത്തും സഹോദരങ്ങളോടുമൊക്കെ ഇടപഴകുമ്പോൾ, വിശേഷിച്ചും ബാല്യകൗമാരപ്രായത്തിലുള്ള, പെൺകുട്ടികൾ വൈകാരിക സമ്മർദ്ദത്തിലകപ്പെടുന്നു. സാമൂഹ്യവിരുദ്ധമായ സീരിയലുകൾ കണ്ടിരിക്കുന്ന അമ്മമാർ അതിനേക്കാൾ അന്തരാള ഘട്ടത്തിലകപ്പെടുന്നു. വീട്ടിൽ അച്ഛനോ മുത്തച്ഛനോ മാത്രമേ ഉള്ളുവെങ്കിൽ പെൺമക്കളെ വീട്ടിൽ നിർത്തിയിട്ട് പുറത്തിറങ്ങാൻ മടിക്കുന്ന അമ്മമാരുടെ എണ്ണം പെരുകുന്നു. ആക്ടിവിസ്റ്റുകളും അവരുടെ വൈകാരികാവസ്ഥയിലുള്ള മാദ്ധ്യമ ആക്ടിവിസവും കൂകുടി ഉണ്ടാക്കിയെടുക്കുന്നതാണ് ഇത്തരം മാറ്റങ്ങൾ.
പൗരന്റെ ആശയപ്രകാശനത്തിന് ഉറപ്പു നൽകുന്ന ഭരണഘടനയിലെ വകുപ്പ് 19.1 (എ)യുടെ പരിധിയിലുൾപ്പെടുത്തിയാണ് മാദ്ധ്യമസ്വാതന്ത്രവും സംരക്ഷിക്കപ്പെട്ടിരിയ്ക്കുന്നത്. അല്ലാതെ പൗരന് മുകളിലായി മാദ്ധ്യമങ്ങൾക്ക് പ്രത്യേക സ്വാതന്ത്യമില്ല. ഡിജിറ്റൽ യുഗത്തിൽ അതിന്റെ രണ്ട് പ്രധാന സ്വഭാവങ്ങളിൽ ആദ്യത്തേതാണ് സുതാര്യത. മറ്റൊന്നു് നെറ്റ് വർക്കിംഗ്. ഈ രണ്ടു ഘടകങ്ങളും സങ്കേതികമായി സ്വാതന്ത്യം ലഭ്യമാക്കുന്നവയാണ്. സ്വാതന്ത്ര്യത്തിന്റെ ഉപയോഗത്തിൽ അനിവാര്യമായി വേണ്ട ഘടകം ഉത്തരവാദിത്വമാണ്. അത് പൂർണ്ണമായും അപ്രത്യക്ഷമായ സാഹചര്യത്തിൽ ഭരണഘടന പൗരന് നൽകുന്ന ഉറപ്പുപാലിക്കാൻ സ്റ്റേറ്റിന് ഉത്തരവാദിത്വവും അധികാരവുമുണ്ട്. എന്നാൽ ഉത്തരവാദിത്വമില്ലാത്ത മാദ്ധ്യമപ്രവർത്തന അന്തരീക്ഷത്തിൽ ഭയന്നു നിൽക്കുന്നു ഭരണകൂടം. എ.കെ ശശീന്ദ്രൻ അവ്വിധം സംഭാഷണം നടത്തിയോ ഇല്ലയോ, അതിൽ ഗൂഢാലോചനയുണ്ടോ എന്നുള്ളതൊക്കെ ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിക്കൊള്ളട്ടെ. മംഗളം ചാനൽ കാണിച്ച അശ്ലീലത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചാർത്തി പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നുള്ളത് ജനങ്ങൾക്ക് ജനായത്തത്തിലും ഭരണകൂടത്തിലുമുള്ള വിശ്വാസനഷ്ടത്തിനു കാരണമാകും. മംഗളം ചാനൽ നൽകിയ ശബ്ദരേഖ ശ്ലീലമാണോ അശ്ലീലമാണോ എന്ന് നിശ്ചയിക്കേണ്ട കാര്യമേ ഉള്ളു. അതിനുള്ള ശേഷി സംസ്ഥാന പോലീസിനും അതിനു നേതൃത്വം നൽകുന്നവർക്കുമില്ല എന്നതാണ് ഇതിലൂടെ വെളിവാക്കുന്നത്. ഈ ചാനലിലെ ചർച്ചക്ക് വന്നിരുന്നിട്ടുപോലും ശബ്ദരേഖ കേൾപ്പിച്ചപ്പോൾ ഒരു യുവതി മുഖം പൊത്തിക്കൊണ്ടാണ് കേട്ടത്. അതെങ്കിലും പോലീസും ഭരണകൂടവും കാണേണ്ടതാണ്. ഒപ്പം മറ്റൊന്നുകൂടി. വീണ്ടും ആവർത്തിച്ചപ്പോൾ ആ യുവതി മുഖം പൊത്തിയില്ല. വൈകാരികമായും തുടർന്ന് സാംസ്കാരികമായും അശ്ലീലം സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇതു പോലെയായിരിക്കും. റജീനയുടെയും പിന്നീട് ജോസ് തെറ്റയിലിനെതിരെയുമുള്ള ചാനൽ വെളിപ്പെടുത്തലുകളിലൂടെ സംജാതമായ സാമൂഹികാന്തരീക്ഷമാണ് മംഗളം ചാനലിന്റെ തുടക്ക ദിവസം വരവറിയിക്കാൻ ഈ അശ്ലീലം കൊടുക്കാൻ ധൈര്യം പകർന്നത്.