മൃഗങ്ങളിൽ അൽപ്പം മനുഷ്യന്റെ മനസ്സു വന്നാൽ അവർ ഇഷ്ടപ്പെടുന്ന വിനോദമാണ് പൈങ്കിളി. കേരളം അത്തരം പൈങ്കിളിയ്ക്കകത്ത് മുങ്ങിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പ്രാഥമിക ഗുണങ്ങൾ പോലും പ്രകടിപ്പിക്കാത്ത വിധം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യ മാധവന്റെയും കല്യാണം ആഘോഷിച്ച രീതി. അത് തത്സമയ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുകൾ തങ്ങളുടെ സംപ്രേഷണ സമയത്തിന്റെ വിലയില്ലായ്മയാണ് വിളിച്ചറിയിച്ചത്. സിനിമാ താരങ്ങളുടെ കാര്യമാകുമ്പോൾ ആൾക്കാർക്ക് അറിയാൻ താൽപ്പര്യമുണ്ടാകും. വാർത്ത കൊടുക്കുകയും ചെയ്യാം. എന്നാൽ വളരെ ഗോപ്യമായി, അവസാന നിമിഷം പരസ്യമാക്കി നടത്തപ്പെട്ട താരജോഡികളുടെ രണ്ടാം വിവാഹം ഇത്രയധികം ആഘോഷത്തോടെ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ വാര്‍ത്താചാനലുകളുടെ മരണം മാത്രമല്ല, അവ അഴുകുന്നതു കൂടിയാണ് പ്രകടമാകുന്നത്.
സ്വയം ബഹുമാനിക്കാത്ത വ്യക്തിയേയോ സ്ഥാപനത്തേയോ പ്രസ്ഥാനത്തേയോ മറ്റാരും ബഹുമാനിക്കില്ല. ശനിയാഴ്ചത്തെ മുഖ്യധാരാ പത്രങ്ങൾ ഈ രണ്ടാം വിവാഹം ആഘോഷിച്ചിരിക്കുന്നതു കണ്ടപ്പോൾ ചാനലുകാർ ഭേദമെന്നു വരെ തോന്നിപ്പോയി. സമൂഹം വളരെ ബഹുമാനത്തോടെ ഇന്നലെകളിൽ കണ്ടിരുന്ന മാധ്യമങ്ങളെ അവജ്ഞയോടെ കാണാൻ തുടങ്ങിയതും ഇവ്വിധമുള്ള പെരുമാറ്റങ്ങൾ മൂലമാണ്. ഏതാനും അഭിഭാഷകർ വിചാരിച്ചപ്പോൾ ഹൈക്കോടതിയിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. അതിനെതിരെ രാജ്യത്തുടനീളം ശബ്ദമുയർത്തിയിട്ടും ഇതുവരെ ജനങ്ങൾക്ക് തങ്ങൾക്കു വേണ്ടിയാണ് മാധ്യമങ്ങൾ പോരാടുന്നതെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടാണ് മാധ്യമങ്ങൾക്കനുകൂലമായി ശക്തമായ പൊതുജനാഭിപ്രായം ഇതുവരെ രൂപപ്പെടാഞ്ഞത്. കാരണം, മാധ്യമങ്ങൾ പ്രേക്ഷകരേയും വായനക്കാരേയും കാണുന്നത് തങ്ങളുടെ റേറ്റിംഗിന്റെയും പ്രചാരത്തിന്റെയും ഘടകമായാണെന്ന ബോധം വ്യക്തികളുടെ ഉപബോധ മനസ്സിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. അവിടെ നിന്ന്‍ വരുന്ന നൈസർഗികമായ പ്രതികരണമാണ് ബഹുമാനമെന്നു പറയുന്നത്. മാധ്യമങ്ങളോടുള്ള ആ നൈസർഗ്ഗിക ബഹുമാനം ഇല്ലാതായിക്കഴിഞ്ഞു.
കാവ്യാ മാധവന്റെ ആദ്യ വിവാഹം കഴിഞ്ഞപ്പോൾ അവർ മധുവിധുവിനു പോയതിന്റെ ചിത്രങ്ങളുമായി, അവർ മധുവിധുവിൽ എങ്ങിനെയാണ് മധു പരസ്പരം നുകർന്നതെന്ന് വായനക്കാരിൽ ഇക്കിളിയും ഓക്കാനവും വരുന്ന വിധം ചിത്രങ്ങളോടും പൈങ്കിളി എഴുത്തോടും കൂടി മാസികകൾ പുറത്തിറങ്ങി. ആ മാസികകൾ പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ വിവാഹ ജീവിതത്തിൽ വിള്ളലുകൾ വീണിരുന്നു.
എന്തുകൊണ്ടാണ് ദിലീപും കാവ്യയും തങ്ങളുടെ വിവാഹം മുഹൂർത്തത്തിനും തൊട്ടുമുൻപു വരെ രഹസ്യമായി വച്ചിരുന്നതെന്ന് ആലോചിക്കാനുള്ള സവിശേഷത പോലും മാധ്യമനായകർക്കില്ലാതെ പോയി. താരങ്ങളുടേതായാലും വ്യക്തികൾ വിവാഹം കഴിക്കുന്നത് അവരുടെ സ്വകാര്യമായ തീരുമാനങ്ങളാണ്. അതിൽ മാധ്യമങ്ങൾക്കെന്നല്ല ആർക്കും ഇടപെടാനോ അഭിപ്രായം രേഖപ്പെടുത്താനോ അവകാശമില്ല. അതു ശരിയുമല്ല. എന്നാൽ അതിനെ ജനത്തെ അറിയിക്കുന്ന രീതിയിലൂടെ സമൂഹത്തിലേക്ക് പ്രവഹിക്കപ്പെടുന്ന സാംസ്‌കാരിക ധാതു ലവണങ്ങളെക്കുറിച്ചു ചിന്തിക്കാൻ ചെറിയ ബാധ്യത മനുഷ്യനായി സ്വയം തോന്നുന്ന ആർക്കുമുണ്ട്. യുവാക്കളും യുവതികളും മാധ്യമപ്രവർത്തകർ എന്നവകാശപ്പെട്ടുകൊണ്ട് തത്സമയ പൈങ്കിളി, ജനത്തെ അറിയിച്ചതും പിറ്റേദിവസത്തെ പത്രത്തിൽ ജനപ്രിയ വിവാഹമെന്നും കേരളം ആകാംഷയോടെ നോക്കിയിരുന്നതെന്നുമൊക്കെയുള്ള തലവാചകങ്ങളിലൂടെ മൂന്നും നാലും അഞ്ചും പേജുമൊക്കെ പടച്ചു വിട്ടതു കാണുമ്പോൾ മാധ്യമപ്രവർത്തനം എന്ന മഹനീയ തൊഴിലിന് ഇവരുടെ കൈകളിലൂടെ കടന്നു പോകേണ്ടിവന്നുവെന്ന ഗതികേടാണ് കേരളം കണ്ടത്.
കാവ്യയും ദിലീപും വിവാഹം കഴിക്കുന്നതിനെ കുറിച്ച് പ്രതികരണമെടുക്കുന്നു. അതിൽ എന്താണ് മാധ്യമപ്രവർത്തനം? ജനാർദ്ദനനുൾപ്പടെയുള്ള മലയാള സിനിമയിലെ നടീനടന്മാർ പറയുന്നു, അവർ ഏറെ നാളായി സ്‌നേഹിക്കുന്ന രണ്ടാത്മക്കളാണ്. അവരൊന്നിക്കുന്നുവെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. എന്നിട്ട് ദിലീപിന്റെ വാചകം - എന്റെ പേരിൽ ബലിയാടായ വ്യക്തിയെ തന്നെ വിവാഹം കഴിക്കാമെന്നു വിചാരിച്ചു. ദിലീപതു പറയുമ്പോൾ ആ നടന്റെ വാക്കുകളിൽ മാധ്യമങ്ങളെക്കുറിച്ചുള്ള പുച്ഛം വ്യക്തമായിരുന്നു. ‘ഞാൻ രണ്ടാമതൊരു വിവാഹം കഴിക്കുകയാണെങ്കിൽ നിങ്ങളെയൊക്കെ വിളിച്ചറിയിക്കുമെന്നു പറഞ്ഞിരുന്നുവല്ലോ. അതുപോലെയല്ലേ ഇപ്പോൾ ചെയ്തിരിക്കുന്നത്.’ എന്തോ ഔദാര്യം മാധ്യമങ്ങൾക്ക് ചെയ്തുകൊടുക്കുന്നതുപോലെയായിരുന്നു ദിലീപിന്റെ സ്വരം. അതു കേട്ട് യൗവ്വനത്തിനു പോലും നാണം തോന്നിക്കുന്ന വിധം യുവതീയുവാക്കളായ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ വായിൽ നിന്നു പൊഴിയുന്ന അടുത്ത വാക്കുകൾക്കായി ആകാംക്ഷയോടെ വെമ്പൽ കൊണ്ടു. ദിലീപ് പറഞ്ഞ വാക്കുകളാണോ കളവ് അതോ ജനാർദ്ദനനുൾപ്പടെയുള്ള സിനിമാതാരങ്ങളും പ്രവർത്തകരും പറഞ്ഞതാണോ? ബലിയാട് വികാരത്തിൽ ഒരു വ്യക്തി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നുവെന്നു പറഞ്ഞാൽ അത് വലിയ ഒരു ബാധ്യതയാണ്. അതാണോ വിവാഹം കഴിക്കുന്നതിനുള്ള ആധാരം? എന്തും മാധ്യമങ്ങളിലൂടെ വിളിച്ചു പറയാം എന്നുള്ള മാധ്യമങ്ങളെ കുറിച്ചുള്ള ധാരണ ഒരു സിനിമാ നടനിൽ പ്രവർത്തിച്ചതിന്റെ പ്രതിഫലനമായിരുന്നു ആ പ്രസ്താവന.
വളരെ മനോഹരമായും സൂത്രത്തിലും കാവ്യയുമായുള്ള വിവാഹത്തിന് കേരള സമൂഹത്തിന്റെ അംഗീകാരം മാധ്യമങ്ങളെ ഉപയോഗിച്ച് ദിലീപ് സംഘടിപ്പിച്ചെടുക്കുകയായിരുന്നു. തന്റെ മുൻ ഭാര്യ വിവാഹമോചനത്തിന്റെ കാരണമായി പറഞ്ഞത് ശരിയല്ല എന്ന് സമർഥിക്കാനുള്ള തന്ത്രം. സിനിമാ തിരക്കഥയിൽ ചിലപ്പോൾ ഉപയോഗിക്കുന്ന ഷാർപ് കട്ട് എന്ന പ്രയോഗം പോലെ. അതിനും അദ്ദേഹത്തിൽ ആർക്കും കുറ്റം കണ്ടെത്താൻ കഴിയില്ല. കാരണം സാമൂഹികമായ അംഗീകാരം നേടിയെടുക്കാൻ ഒരു വ്യക്തി ചെയ്യുന്ന തന്ത്രമാണത്. ആ കെണിയിൽ വീഴുമ്പോൾ ആ വീഴ്ചയ്ക്ക് ഒരു പരിധി നിശ്ചയിക്കാൻ പോലും മാധ്യമങ്ങൾക്ക് കഴിയാതെ വന്നു.
അശ്ലീലമായി മാറിയത് ദിലീപിന്റെ മകളും ദിലീപും കാവ്യയും ചേർന്നുള്ള മുഴുപേജ് ചിത്രത്തോടുള്ള സപ്ലിമെന്റും അനേകം ചിത്രങ്ങളും പത്രങ്ങളിൽ നിറഞ്ഞതാണ്. ചാനലുകളും ദിലീപിന്റെ മകൾ മീനാക്ഷിയോട് തന്റെ അച്ഛന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചു. ആ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നൊഴികെയുള്ളതെല്ലാം ആ കുട്ടിയും പറഞ്ഞു.
ഇതു മാധ്യമങ്ങൾ കാണിച്ച വൈകൃതവും അനീതിയുമാണ്. ദിലീപ്-കാവ്യ വിവാഹ ദിവസം മഞ്ജു വാര്യർ ഫോൺ സ്വച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അറിയുന്നു. അതിന്റെ കാരണം മാധ്യമങ്ങളിൽ നിന്നുളള പ്രതികരണം ചോദിച്ചുകൊണ്ടുള്ള വിളി ഒഴിവാക്കാൻ വേണ്ടിയായിരുന്നുവത്രെ.
പത്രപൈങ്കിളിത്തലവാചകവും എഴുത്തും വച്ചു നോക്കുകയാണെങ്കിൽ കേരളം കാത്തിരുന്ന വിവാഹമാണ്. ജനപ്രിയമായ വിവാഹം. അമ്മ മരിച്ച കുട്ടികൾ അച്ഛനെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിക്കുന്നതോ വിവാഹച്ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കുന്നതോ മനസ്സിലാക്കാം. എന്നാൽ കേരളം മുഴുവൻ സ്‌നേഹിക്കുകയും മലയാളിക്ക് തന്റെ കഴിവുകൊണ്ട് ആസ്വാദനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന പ്രതിഭാധനയായ നടിയായ മഞ്ജു വാര്യർ ഏതാനും കാതം അകലെയുളളപ്പോഴാണ് ആ മകൾ ആഘോഷപൂർവ്വം അച്ഛന്റെ വിവാഹത്തിൽ പങ്കു ചേർന്നത്. മകളെ അവ്വിധം ആഘോഷപൂർവ്വം തന്റെ വിവാഹത്തിൽ കൊണ്ടു വന്ന്‍ മാധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക വഴി ദിലീപ് തന്റെ മകളെപ്പോലും സാമൂഹികാംഗീകാരത്തിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു. അഥവാ മകൾക്ക് സ്വന്തം അമ്മയെ വേദനിപ്പിക്കുന്നതിന് തന്റെ കല്യാണത്തിൽ ആഘോഷപൂർവ്വം പങ്കെടുക്കണമെന്ന് നിർബന്ധം പിടിച്ചാൽ പോലും മാതൃത്വം എന്ന മഹനീയതയോട് അൽപ്പം ബഹുമാനം കാട്ടി ആ കുട്ടിയെ ആ ചടങ്ങിൽ നിന്ന് ദിലീപ് ഒഴിവാക്കി നിർത്തണമായിരുന്നു. ചുരുങ്ങിയ പക്ഷം മാധ്യമങ്ങളിൽ നിന്നെങ്കിലും. ഒന്നുമില്ലെങ്കിൽ കാവ്യയുമൊത്തുള്ള ചിത്രത്തിൽ നിന്നെങ്കിലും.
മാധ്യമങ്ങൾ ആ ചിത്രം പ്രസിദ്ധീകരിച്ചതിലൂടെയും മീനാക്ഷിയുടെ സന്തോഷം മലയാളികളെ അറിയിച്ചതിലൂടെയും മാതൃത്വമെന്ന പ്രപഞ്ചത്തിലെ പാവന യാഥാർഥ്യത്തെ അപമാനിച്ചിരിക്കുകയാണ്. അപമാനിച്ചിരിക്കുന്നു എന്ന വാക്കുപോലും ആ ചെയ്തിയെ വിശേഷിപ്പിക്കാൻ അപര്യാപ്തമാണ്. ദമ്പതികൾ കേരളത്തിന്റെ മുഴുവൻ പ്രാർഥന തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍, അമ്മയെന്ന സത്യത്തെ കളങ്കപ്പെടുത്തുന്ന നടപടി തങ്ങളുടെ വിവാഹ ചടങ്ങെന്ന ഒരു മംഗള മുഹൂർത്തത്തിന്റെ ഭാഗമാക്കാതിരിക്കാൻ വളരെ വലിയ ദൈവവിശ്വാസികളായ ദമ്പതികൾ ബോധപൂർവ്വം ശ്രമിക്കേണ്ടതായിരുന്നു. അവർക്ക് വിവാഹം ചെയ്യുവാനും ഒന്നിച്ചു ജീവിക്കാനുമൊക്കെയുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ല. മഞ്ജുവുമായി ദിലീപ് ബന്ധം വേർപ്പെടുത്തിയതിലും അസ്വാഭാവികതയില്ല. ഒരുമിച്ച് ജീവിച്ചു പോകാൻ കഴിയില്ല എന്ന് ബോധ്യം വന്നാൽ പരസ്പര ബഹുമാനത്തോടെ പിരിയുന്നത് തന്നെയാണ് നല്ലത്. എന്നാൽ തങ്ങളുടെ സ്ഥാപിത താൽപ്പര്യത്തിനായി സമൂഹത്തെ നിലനിർത്തുന്ന ചില ഘടകങ്ങളുടെ കടയക്കൽ കത്തി വയ്ക്കുന്ന വിധം പ്രവർത്തിക്കുന്നത് ഉചിതമല്ല. അതും അവരുടെ സ്വാതന്ത്ര്യം. എന്നാൽ അതിനുവേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കുമ്പോൾ അത് മാധ്യമങ്ങൾ മനസ്സിലാക്കാതെയോ, അഥവാ മനസ്സിലാക്കിയെങ്കിലും പ്രേക്ഷകരും പ്രചാരവും കൂടട്ടെ എന്ന കാഴ്ചപ്പാടിൽ അതിനു കൂട്ടു നിൽക്കുന്നത് ദയനീയമായ കാഴ്ചയാണ്.
ഏറ്റവും കൂടുതൽ നന്നായി വിൽക്കാൻ കഴിയുന്നത് വേദനയും കണ്ണീരുമാണെന്ന് പൈങ്കിളി മാധ്യമപ്രവർത്തനവും പൈങ്കിളി സീരിയലുകളും ധരിച്ചു വശായിരിക്കുന്നു. അതിനാൽ ഒരമ്മയെ, സ്ത്രീയെന്നുള്ളതു പോകട്ടെ, ലോകത്തിന്റെ മുന്നിൽ വേദനിപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ഉഗ്രമായ രീതിയിൽ റേറ്റിംഗും വായനക്കാരുടെ താൽപ്പര്യവും വർധിപ്പിക്കും. തത്സമയ സംപ്രേഷണവും പിറ്റേദിവസ കല്യാണ സപ്ലിമെന്റ് പൈങ്കിളിയും ആസ്വദിച്ചവര്‍, അവരെത്ര പൈങ്കിളി ആസ്വാദകരായാലും, മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ഇരുന്ന് അമ്മയായ മഞ്ജു വാര്യർ വേദനയിൽ വിങ്ങുന്നത് കാണാതിരിക്കില്ല. മാതൃത്വത്തിന് മാത്രമാണ് മഹത്വത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടാത്തത്. ശങ്കരാചാര്യരുടെ ആ വാക്കുകൾ ഒന്നുകൂടി ഓർക്കാം: 'പ്രസവസമയത്തുള്ള അതികഠിനമായ വേദന, രുചിയില്ലായ്മ, ശരീരത്തിനുള്ള തളര്‍ച്ച, ഒരു വര്‍ഷത്തോളം മലമൂത്രവിസര്‍ജ്യങ്ങളിലുള്ള കിടപ്പ് – ഒരൊറ്റ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ തന്നെ ഇത്രയും സഹനം വേണമെന്നിരിക്കെ അമ്മയുടെ ഈ സഹനത്തിന് പകരം നല്‍കാന്‍ എത്ര ഉന്നതനായ പുത്രനായാലും കഴിയില്ല. അപ്രകാരമുള്ള അമ്മയ്ക്ക് നമസ്കാരം.’