ഉദ്യോഗസ്ഥയായ വീട്ടമ്മ. രാത്രിയിലാണ് അവർ അൽപ്പം ശാന്തമായി ഭക്ഷണം കഴിക്കുന്നത്. വിശേഷിച്ചും വീട്ടുകാരോടൊപ്പമിരുന്ന്. ഒരു ദിവസം എല്ലാവരുമായി ചിലവഴിക്കുന്ന സമയവും അപ്പോഴാണ്. അതിനാൽ മിക്കവാറും രാത്രി ഭക്ഷണത്തിന് എന്തെങ്കിലും പ്രത്യേക കറികൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. ഒരു ദിവസം കോളിഫ്ലവര്‍ കൊണ്ടുള്ള വിഭവമുണ്ടാക്കാൻ തീരുമാനിച്ചു. അതിഗംഭീരമായി ഉണ്ടാക്കുകയും ചെയ്തു. അതിനുശേഷം എല്ലാവരുമായി കഴിക്കാനിരുന്നു. കുടുംബാംഗങ്ങൾ വളരെ സന്തോഷത്തോടെ താൻ തയ്യാറാക്കിയ വിഭവം കഴിക്കുന്നതു കണ്ടപ്പോൾ അവരുടെ മനസ്സു നിറഞ്ഞു. ആ സന്തോഷത്തിൽ അവരും അതു കഴിക്കാൻ തുടങ്ങി. അതു വായിൽ വച്ചപ്പോഴാണ് ഡൈനിംഗ് റൂമിൽ തന്നെയുള്ള ടി.വിയിൽ പ്രചാരണപരസ്യം തെളിഞ്ഞത്. പുകയിലയും ഖൈനി, ഖുട്ക്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുന്നു എന്ന മുഖവുരയോടെയാണ് ദൃശ്യങ്ങൾ കാട്ടിയത്. ആദ്യം വന്ന ദൃശ്യം പുകയില ഉപയോഗിച്ച് ചെവിയുടെ ഭാഗത്തുനിന്ന് താടിയുടെ ഭാഗത്തേക്ക് വിടർന്ന് പന്തലിച്ച അർബുദത്തിന്റെ ചിത്രം. ആ അർബുദരോഗിയുടെ അർബുദം ബാധിച്ച ഭാഗം കോളിഫ്ലവര്‍ പോലെ ഇരിക്കുന്നു. ആ വീട്ടമ്മ രുചികരമായി കോളിഫ്ലവര്‍ കഴിക്കാൻ തുടങ്ങിയതാണ്. പെട്ടന്ന് ആ അർബുദരോഗിയുടെ മുഖത്ത് രോഗമായി കണ്ടതാണ് താൻ കഴിക്കുന്നതെന്ന ഒരു തോന്നൽ ആ വീട്ടമ്മയ്ക്കുണ്ടായി. ആ തോന്നലുണ്ടായ നിമിഷം അവർ ആ മേശപ്പുറത്തേക്കു തന്നെ ഛർദ്ദിച്ചു. എല്ലാവരും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണങ്ങളിലേക്ക് ഛർദ്ദിൽ തെറിച്ചു വീഴുകയും ചെയ്തു.
വീട്ടമ്മ ഭക്ഷണം കഴിച്ചു തുടങ്ങിയതിനാൽ അധികമൊന്നും ഛർദ്ദിച്ചു പോകാനില്ലായിരുന്നു. എന്നിട്ടും അവരുടെ ഛർദ്ദി അവസാനിക്കുന്നില്ല. ഒടുവിൽ അവർ അവശയായി. അപ്പോഴേക്കും അവരെ ആശുപത്രിയിൽ കൊണ്ടുപോകാനായി മറ്റുള്ളവർ തയ്യാറെടുത്തു.സംസാരിക്കാൻ പറ്റാത്തതു കാരണം അവർ കൈകൊണ്ട് ആംഗ്യം കാട്ടി വേണ്ടാ എന്നു വിലക്കി. അവർ അങ്ങേയറ്റം ക്ഷീണിതയായി. ഛർദ്ദി ഏതാണ്ട് അവസാനിച്ചപ്പോഴാണ് അവർ ഛർദ്ദിക്കാനുള്ള കാരണം പറഞ്ഞത്. അതു പറഞ്ഞതോടു കൂടി മറ്റുള്ളവർക്കും ഛർദ്ദിക്കണമോ എന്നൊരു ശങ്ക പോലും വന്നുവത്രെ
കേന്ദ്ര സർക്കാരിനു വേണ്ടിയാണ് ഈ പ്രചാരണ പരസ്യം കാട്ടുന്നത്. ഇത് ശരിക്കും ജനദ്രോഹം എന്നേ പറയാവൂ. കാരണം അത്രയ്ക്ക് അസഹനീയമായ ദൃശ്യങ്ങളാണ് പുകയില ഉപയോഗിക്കുന്നതിനെതിരെ എന്ന പേരിൽ വൈകുന്നേരങ്ങളിൽ കുറഞ്ഞ ഇടവേളകളിൽ കാണിക്കുന്നത്. ഐ.ടി നിയമമനുസരിച്ച് ശിക്ഷാർഹമാണ് ഇവ്വിധം പരസ്യങ്ങൾ കാണിക്കുന്നത്. ജനങ്ങളിൽ അസ്വസ്ഥതയും വിഭ്രമമവും ഉണ്ടാക്കുന്ന വിധമുള്ള ദൃശ്യങ്ങൾ കാണിക്കുന്നതാണ് ഐ.ടി നിയമമനുസരിച്ച് ശിക്ഷാർഹം. സാമൂഹ്യ മാധ്യമങ്ങളിൽ ഇവ്വിധം ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ ശിക്ഷാർഹമാകേണ്ടതാണ് ടെലിവിഷന്‍ ചാനലുകളില്‍ ഇവ്വിധം പരസ്യങ്ങൾ വരുന്നത്. കാരണം സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നവരുടെ അളവിനേക്കാൾ കൂടുതലും വൈവിദ്ധ്യമാർന്നവരുമാണ് ടെലിവിഷൻ പ്രേക്ഷകർ. സാമൂഹ്യ മാധ്യമങ്ങളിലാണെങ്കിൽ പെട്ടെന്ന് ആ ദൃശ്യങ്ങൾ ഒഴിവാക്കാനും സൗകര്യമുണ്ട്. എന്നാൽ ടെലിവിഷൻ ഓഫാക്കാനുള്ള അവസരമുണ്ടെങ്കിലും പ്രേക്ഷകരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നവയാണ് ടെലിവിഷൻ ദൃശ്യങ്ങൾ.
മനുഷ്യമനസ്സിന്റെ അസ്വസ്ഥതകളിൽ നിന്ന് താൽക്കാലിക മുക്തി നേടാം എന്ന അബദ്ധ ധാരണയുടെ പ്രേരണയാലാണ് പലരും ലഹരി മരുന്നുകളും പുകയിലയും ഉപയോഗിക്കുന്നത്. മനസ്സ് അസ്വസ്ഥമാകുന്നതിന്റെ കാരണങ്ങൾ പലതാണ്. സ്വസ്ഥമായിരിക്കുന്ന മനസ്സുകളേയും ശരീരത്തേയും നിർദ്ദയം അസ്വസ്ഥപ്പെടുത്തുന്നതാണ് പുകയില നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുമെന്ന ടെലിവിഷന്‍ പരസ്യം. ചില ഭാഗങ്ങൾ ചിരിയുണർത്തുകയും ചെയ്യുന്നു. താടിയെല്ലു നീക്കിയ സ്ത്രീയുടെ മകൻ പറയുന്നു, തന്റെ അമ്മയുടെ രണ്ടു വള ഈ രോഗം കാരണം വിൽക്കേണ്ടിവന്നുവെന്ന്. ഇത്തരം പരസ്യങ്ങൾ കൊടുക്കുന്നത് അന്താരാഷ്ട്ര പ്രേരണകളാലാകും. അതിന്റെ പിന്നിൽ ആ താൽപ്പര്യക്കാരുടെ പ്രത്യേക ലക്ഷ്യങ്ങളുമുണ്ടാകും. അത് തീരുമാനമെടുക്കുന്നവർ അറിഞ്ഞിട്ടും അറിയാതെയുമൊക്കെയാണ് ഇങ്ങനെ വരുന്നത്. എന്തായാലും ഈ പരസ്യത്തിന്റെ ആവർത്തന ദൈർഘ്യത്തിന്റെ പിന്നിലുള്ള ലക്ഷ്യം പുകയില ഉപയോഗം കുറയ്ക്കുകയോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയോ അല്ല.
പുകയിലയേക്കാൾ അർബുദം വരുത്തുന്നതും പരത്തുന്നതുമാണ് ആ വീട്ടമ്മ കഴിക്കാൻ തുടങ്ങിയ കോളിഫ്ലവര്‍. അതിലേക്ക് ശ്രദ്ധ തിരിക്കാതെ പുകയിലയെ മാത്രം വില്ലനാക്കി നിലനിർത്താനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് സംശയിച്ചാൽ അത് അസ്ഥാനത്താകില്ല.