മാതൃഭൂമി വിഷയം സാമൂഹ്യവിഷയമാകുമ്പോൾ

Glint Staff
Tue, 15-03-2016 02:11:00 PM ;

mathrubhumi and prophet controversy

 

മനുഷ്യര്‍ ഇടപെടുന്നിടത്തെല്ലാം തെറ്റു പറ്റും. അതു സ്വാഭാവികമാണ്. ചിലത് അബദ്ധത്താൽ, ചിലത് അറിവില്ലായ്മയിൽ നിന്ന്, മറ്റ് ചിലത് ബോധപൂർവ്വം. ശരിഅത്ത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജി ബി. കമാൽ പാഷ കോഴിക്കോട്ട് പൊതുപരിപാടിയില്‍ നടത്തിയ വിമർശനാത്മകമായ പരാമർശത്തെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ പലതരം അഭിപ്രായപ്രകടനങ്ങളുടെ പെരുമഴയുണ്ടായി. അതിൽ ചിലത് മാതൃഭൂമി അതിന്റെ രണ്ട് എഡിഷനുകളിലെ നഗരം പേജിൽ കൊടുത്തു. അത് പ്രവാചക നിന്ദയായി. എന്തു തന്നെയായാലും അത് ഒരു കാരണവശാലും പ്രസിദ്ധീകരണയോഗ്യമായതായിരുന്നില്ല. ആ കൃത്യം ചെയ്ത പത്രാധിപസമിതി അംഗത്തിന്റെ തൊഴിൽപരമായ യോഗ്യതക്കുറവും പരിശീലനപ്പോരായ്മയും കൊണ്ടുണ്ടായ അബദ്ധമാണത്. നഗരം പേജിലായതിനാൽ വ്യാപകമായ പ്രചാരം അതിന് ലഭിക്കുകയുണ്ടായില്ല. എന്നാൽ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിന്റെ തലം മാറി. ആളിക്കത്താൻ പാകത്തിൽ കേരളത്തിൽ പാകപ്പെട്ടുകൊണ്ടിരുന്ന വർഗ്ഗീയതയുടെ മേൽ വീണ തീപ്പൊരിയായി മുനീറിന്റെ ആ പോസ്റ്റ്‌.

 

ഏതു തെറ്റിനും ശിക്ഷ ആനുപാതികമായിരിക്കണം. എന്നാൽ മാതൃഭൂമി അനാനുപാതികമായി ആ തെറ്റിനുള്ള പശ്ചാത്താപ പരിഹാരമെന്നോണം എല്ലാ എഡിഷനുകളിലും ഒന്നാം പേജിൽ മലയാളഭാഷയ്ക്ക വഴങ്ങുന്നതിന്റെ പരമാവധി ശേഷിയിൽ മാപ്പ് അഥവാ ഖേദം പ്രകടിപ്പിച്ചു. പുറമേ, മാതൃഭൂമി ന്യൂസ് ടെലിവിഷന് ചാനലിലൂടെയും അത് പ്രകടിപ്പിക്കുകയുണ്ടായി. ആ വാർത്ത വന്നതോടുകൂടി മറ്റു സ്ഥലങ്ങളിലുള്ള ആളുകൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കേട്ടുകേൾവിയിലൂടെയും വിഷയം അറിഞ്ഞു തുടങ്ങി. ഇപ്പോഴും എന്താണ് വിഷയമെന്നറിയാത്ത ബഹുഭൂരിപക്ഷം കേരളത്തിലുണ്ട്. വികാരം വ്രണപ്പെട്ട വിശ്വാസികൾ മാതൃഭൂമി ഓഫീസിലേക്ക് പ്രകടനം നടത്തിയതും പ്രതിഷേധിച്ചതും മനസ്സിലാക്കാം. എന്നിരുന്നാലും ഓഫീസ് ആക്രമിക്കുന്നതും ഭീഷണി മുഴക്കി വളയുന്നതുമൊക്കെ ഒരു ജനായത്ത സർക്കാരുള്ള പ്രദേശത്ത് അനുവദനീയമല്ല. നിർവ്യാജം ഖേദപ്രകടനം അനാനുപാതികമായി മാതൃഭൂമി നടത്തിയതിന് പിന്നാലെ വീണ്ടും പ്രതിഷേധവും അക്രമവുമായി വിശ്വാസികൾ പെരുമാറിയത് കേരളത്തിന്റെ സാമൂഹ്യഘടനയെ, അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന വിധത്തിലുള്ള മനോഘടനയിലേക്ക് മാറ്റി. എന്താണ് മാതൃഭൂമിയിൽ വന്നതെന്ന് അറിയാതിരുന്നിട്ടു പോലും ആലപ്പുഴയിൽ വിശ്വാസികൾ മാതൃഭൂമി ഓഫീസിനു നേരേ ആക്രമണം നടത്തുകയുണ്ടായി.

 

നേതൃഗുണരാഹിത്യം

 

muneer facebook post

 

ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഒരേപോലെ വിഷം തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. മുസ്ലീം ലീഗിലെ സൗമ്യവും സ്വീകാര്യവും മതേതരത്വത്തിന്റെ സൗന്ദര്യാത്മകവുമായ മിതവാദി മുഖമാണ് എം.കെ. മുനീറിന്റേത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ കാലുവാരപ്പെടാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവ് മുനീറിനുണ്ട്. അതുകൂടി മുൻകൂട്ടി കണ്ടിട്ടാകാം മാതൃഭൂമി കോഴിക്കോട് എഡിഷനിലെ നഗരം പേജിൽ വന്ന വാട്ട്‌സ്ആപ്പ് വിശേഷം വേദന കടിച്ചമര്‍ത്തി വായിച്ചതായി മുനീർ പോസ്റ്റിട്ടത്. തന്നെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് മുനീറിന്റെ ആയിരത്തിലോ പതിനായിരത്തിലോ ഒരംശം മാത്രം ബുദ്ധിശേഷിയുള്ള ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്. ഒരു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനായുള്ള ഈ നടപടിയില്‍ മുനീറിലൂടെ ക്ഷീണം സംഭവിച്ചത് കേരളത്തിൽ ഇപ്പോഴും അവശേഷിക്കുന്ന സൗഹാർദ്ദപരമായ ജനജീവിതാന്തരീക്ഷത്തിനാണ്. ഇവിടെയാണ് പ്രകട തീവ്രവാദത്തേക്കാൾ മതേതരമുഖങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വിഷാംശം കാണേണ്ടത്. ഒരു പ്രതിസന്ധിഘട്ടത്തിൽ വേദനിച്ച് ശക്തി ചോരാതെ ധൈര്യത്തോടും ഉറപ്പോടും പ്രവർത്തിക്കാൻ ശേഷിയുളളവരാണ് നേതാക്കൾ. എങ്കിലേ വേദനിക്കുന്നവരുടെ വേദന ഇല്ലാതാക്കാൻ നേതാക്കൾക്കു കഴിയുകയുള്ളു. മുനീറിൽ ആ നേതൃത്വ പാടവത്തിനു പകരം നേതൃഗുണരാഹിത്യവും ദൗർബല്യവുമാണ് പ്രകടമായത്.

 

പടരുന്ന തീപ്പൊരി

 

അറബ് രാജ്യങ്ങളിൽ ഈ വിഷയത്തെത്തുടർന്ന് മാതൃഭൂമി പത്രത്തിന്റെ വിതരണത്തില്‍ പ്രശ്നമുണ്ടായതായി അറിയുന്നു.  അതേ മാതൃകയിൽ കേരളത്തിൽ മുസ്ലീങ്ങൾ മാതൃഭൂമി പത്രം ബഹിഷ്കരിക്കുവാൻ വിവിധ സംഘടനകൾ പരസ്യമായി ആഹ്വാനം ചെയ്തു.  ആലപ്പുഴയിൽ ചില വീടുകളുടെ മുന്നിൽ ഇവിടെ മാതൃഭൂമി പത്രം ഇടരുത് എന്ന് ബോര്‍ഡ് ഗേറ്റിൽ തൂക്കിയിരിക്കുന്നു. മുസ്ലീം ഏജന്റുമാരെക്കൊണ്ട് പത്ര ഏജൻസി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. മുസ്ലീം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചതായും അറിയുന്നു. ഇതെല്ലാം കാണിക്കുന്നത് മതാധിഷ്ഠിത അറബ് രാഷ്ട്രങ്ങളിലെ നടപടികൾ കേരളത്തിലും പ്രാവർത്തികമാക്കപ്പെടുന്നു  എന്നതാണ്.

 

മാതൃഭൂമി വിഷയം പൊതു വിഷയമായപ്പോള്‍ ജസ്റ്റിസ് കമാൽപാഷ ഉയർത്തിയ വിഷയം അപ്രസക്തമായി വിസ്മരിക്കപ്പെട്ടു. മറുവശത്ത് ഇതിന്റെ ഫലമായി ഭൂരിപക്ഷ വർഗ്ഗീയത അതിന്റെ എല്ലാ ശക്തിയുമെടുത്ത് കേരളത്തിൽ സക്രിയമായിരിക്കുന്നു. പ്രവഹിക്കപ്പെടുന്ന വാട്ട്‌സ്അപ്പ് ശബ്ദരേഖകളും മറ്റും പ്രചരിക്കുന്നത് മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറന്നതിന്റെ ആയിരമോ പതിനായിരമോ ഇരട്ടി വേഗതയിലാണ്. അഡ്വ. സെബാസ്റ്റ്യന്‍ പോളുമായി ജന്മഭൂമി പത്രത്തിന്റെ ലേഖകൻ സുജിത് നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സെബാസ്റ്റ്യന്‍ പോളിന്റെ ദയനീയ മുഖം വ്യക്തമാക്കുന്നു. അത് ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് ന്യായീകരണം പകരുന്നതായി. മാതൃഭൂമി വിഷയത്തിൽ പ്രതികരിച്ച് മാധ്യമം പത്രത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് സുജിത് അദ്ദേഹവുമായി സംസാരിക്കുന്നത്.  വർഗ്ഗീയതയില്ലാത്തവരും വിശ്വാസികൾ പോലുമല്ലാത്ത ഹിന്ദുക്കൾ പോലും ആ ടെലിഫോൺ സംഭാഷണം കേട്ടിട്ട് 'പ്രീണനത്തിനിറങ്ങിത്തിരിക്കുമ്പോഴുണ്ടാകുന്ന ഫലമാണിതെ'ന്ന് അഭിപ്രായപ്പെടുന്നു. ഈ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന ബി.ജെ.പി സ്വാഭാവികമായും ഈ അവസരം ഉന്മത്തതയോടെ ഉപയോഗപ്പെടുത്തും. മുനീർ ഉതിർത്ത തീപ്പൊരിയുടെ വ്യാപ്തി.

mathrubhumi apology

 

ഈ വിഷയുമായി ബന്ധപ്പെട്ട് ഇത്രയും ഉദാരമായി മാപ്പ് പറഞ്ഞിട്ടും വീണ്ടും മാതൃഭൂമി ഓരോരോ മുസ്ലീം സംഘടനാ നേതാക്കളുടെ അറിയിപ്പ് കൊടുത്തു കാണാനിടയുണ്ടായി. അതുവഴി അറിയപ്പെടാതെ കിടന്നിരുന്ന വർഗ്ഗീയ ശക്തികൾക്ക് ശക്തിയുണ്ടാക്കിക്കൊടുക്കാനേ അത് ഉപകരിച്ചിട്ടുള്ളു. പശ്ചാത്താപത്തേക്കാൾ പരിഹാരമായി ഒന്നുമില്ലെന്നുളള നബിവചനം ഖേദപ്രകടനത്തിലൂടെ അത്യുദാത്തമായ രീതിയിലാണ് മാതൃഭൂമി പ്രകടിപ്പിച്ചത്. അതിൽ കൂടുതൽ ഒന്നും തന്നെ ചെയ്യാനില്ല. മാതൃഭൂമിയിൽ നബിനിന്ദ പ്രസിദ്ധീകരിക്കാൻ കാരണക്കാരായവരെ പുറത്താക്കണമെന്നും മുനീർ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അത് കൈവെട്ടു സംസ്കാരത്തെ പരോക്ഷമായി പിൻപറ്റുന്ന സംസ്കാരമാണെന്നേ കാണാനാകൂ. പ്രകടമായ അപകടങ്ങളേക്കാൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയാണ് സൂക്ഷിക്കേണ്ടത്. കാരണം പ്രകടമായ അപകടങ്ങളിൽ രക്ഷയുണ്ട്. മറ്റേതിൽ അപകടം സംഭവിച്ചു കഴിഞ്ഞേ അറിയുകയുള്ളു.

 

ചുരുങ്ങുന്ന ഇടങ്ങള്‍

 

മാതൃഭൂമി കേരളത്തിൽ വെറുമൊരു മാദ്ധ്യമസ്ഥാപനമല്ല. അത് കേരളത്തിലെ മുഖ്യധാരാജനതയ്ക്ക് നിലവിലെ പശ്ചാത്തലത്തിൽ ഇപ്പോഴും അവശേഷിക്കുന്ന  ഒരിടമാണ്. അതിന് ക്ഷതമേൽക്കുന്നത് കേരളസമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയവും. വരുത്തിയ തെറ്റിന് ഖേദം പ്രകടിപ്പിച്ചത്, മാതൃഭൂമിയിൽ അന്തർലീനമായി കിടക്കുന്ന അതിന്റെ ശക്തിയാണ്. ആ ശക്തി ദൗർബല്യത്തിലേക്ക് വഴുതിവീഴാതാരിക്കാൻ മാതൃഭൂമിക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ അതിന്റെ ലക്ഷണങ്ങളുമാണ് പിന്നീടുള്ള ദിവസങ്ങളിൽ പത്രത്താളുകളിലൂടെയും അല്ലാതെയും കണ്ടത്. ശക്തി അനിവാര്യമായ സന്ദർഭത്തിൽ ദൗർബല്യത്തിലൂടെ ശക്തി സംഭരിക്കാനല്ല ശ്രമിക്കേണ്ടത്. അക്രമം നടത്തുന്നവരെ നിയമവ്യവസ്ഥയുടെ മുന്നിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ആരേക്കാളും മാതൃഭൂമിക്കുണ്ട്. ഭീതിയോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ജനപ്രതിനിധികളും ഭരണഘടനാ അധികാരികളും ചൊല്ലുന്ന സത്യപ്രതിജ്ഞാ വാചകം ജനായത്തത്തിന്റെ നാലാം തൂണും കാവലാളും ആയി പ്രവര്‍ത്തിക്കേണ്ട മാദ്ധ്യമപ്രവര്‍ത്തകരും മാദ്ധ്യമസ്ഥാപനങ്ങളും സ്വയം ഏറ്റെടുക്കേണ്ട ഒന്നാണ്. അക്രമത്തിനും പരസ്യദാതാക്കളുടെ ഭീഷണിയ്ക്കും മുന്നില്‍ ഭയന്ന മാതൃഭൂമി സമൂഹത്തോടുള്ള ഈ ജനായത്ത ദൗത്യത്തില്‍ നിന്നാണ് ഒളിച്ചുമാറിയത്. ഈ അക്രമത്തിന്റെ മുന്നിൽ കേരളത്തിൽ ഒരു ഭരണസംവിധാനമോ ക്രമസമാധാന വ്യവസ്ഥയോ ഉണ്ടായതായും തോന്നിയില്ല. ഇത് തീവ്രവാദ പ്രവർത്തനങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്ക് പകർന്നു കൊടുക്കുന്ന ധൈര്യം വളരെ വലുതായിരിക്കും. അത് ന്യൂനപക്ഷത്തിന്റെ പേരിലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും. പരാതിയുണ്ടെങ്കിലും ഇല്ലെങ്കിലും ഭരണകൂടം ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രതയോടും മാതൃകാപരമായും പ്രവർത്തിക്കേണ്ടതാണ്.

 

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൂണ്ടായ ഈ ഗുരുതരവിഷയത്തെ മറ്റ് മുഖ്യധാരാ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി കേരളത്തിൽ ഉത്തരവാദിത്വമുള്ള മാദ്ധ്യമസംസ്കാരം നിലനിൽക്കുന്നില്ല എന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ പറ്റുന്ന നിലപാടെടുക്കാൻ ശ്രമിക്കുന്നവരെ പോലെ തങ്ങളുടെ നേട്ടവും കോട്ടവുമായി ബന്ധപ്പെട്ടു മാത്രം ഈ വിഷയത്തെ അവർ സമീപിച്ചു. ഇതാണ് കേരളത്തിൽ ന്യൂനപക്ഷത്തിന്റെ പേരിലാലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും തഴയ്ക്കുന്ന വർഗ്ഗീയതയ്ക്ക് പറ്റിയ കാലാവസ്ഥ. എല്ലാ മാദ്ധ്യമങ്ങളും മതങ്ങളെയെന്ന പേരിൽ ഓരോ റിപ്പോർട്ടിംഗിലൂടെയും വർഗ്ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമവും നടത്തുന്നു. അതിലൂടെ തഴച്ചുവളരുന്നവ ഒടുവിൽ സമൂഹത്തിനും ഈ സ്ഥാപനങ്ങൾക്കു തന്നെയും ഭീഷണിയാകുമെന്നുള്ളതിൽ സംശയം വേണ്ട. അതിന്റെ ഉദാഹരണവും കൂടിയായി ഈ സംഭവത്തെ കാണേണ്ടതാണ്.

Tags: