ശാസ്ത്രീയ സംഗീതം ആസ്വദിക്കാൻ അൽപ്പമെങ്കിലും ശേഷിയുളള ഒരു സദസ്സിനു മുന്നിൽ അത് തെല്ലും വശമില്ലാത്ത വ്യക്തി, അതും പടുപാട്ടുപോലും പാടാൻ കഴിയാത്തയാൾ ശാസ്ത്രീയ സംഗീതം ആലപിക്കാൻ തയ്യാറാവില്ല. അഥവാ ആരെങ്കിലും അതിന് തുനിഞ്ഞാൽ ആ വ്യക്തിക്ക് മാനസികമായി എന്തെങ്കിലും വൈകല്യം ഉണ്ടാവും. ശരാശരി മനുഷ്യന്റെ ചിന്തയും വികാരവും വിചാരവുമുള്ളയാൾ എത്ര തന്നെ നിർബന്ധമോ സമ്മർദ്ദമോ ഉണ്ടായാലും അതിനു തയ്യാറാവുകയില്ല. അതിനുള്ള പ്രധാന കാരണം തനിക്ക് സംഗീതം ആസ്വദിക്കാൻ കഴിവുണ്ടെങ്കിലും ആലപിക്കാൻ തീരെ കഴിവില്ല എന്നുള്ള അറിവ് തന്നെയായിരിക്കും. രണ്ടാമതായി, എത്ര സമ്മർദ്ദമുണ്ടായാലും പാടാൻ തുനിയാത്തത് സദസ്സിലുള്ളവർ ശാസ്ത്രീയ സംഗീതം അറിയുന്നവർ ആണെന്നുള്ള ബോധം. ഇതൊക്കെ സാധാരണ മനുഷ്യരെ ബാധിക്കുന്ന കാര്യങ്ങളാണ്. സമൂഹത്തിൽ ഔചിത്യങ്ങളും ചില അച്ചടക്കങ്ങളുമൊക്കെ പാലിക്കപ്പെട്ടു പോകുന്നത് ഇതുകൊണ്ടാണ്. സാമൂഹികമായി ഇതൊക്കെ ആവശ്യവുമാണ്. ഈ മാനദണ്ഡമനുസരിച്ച് ചലച്ചിത്ര താരം സുരേഷ് ഗോപിയിലേക്ക് നോക്കിയാൽ കേരളം എവിടെ നിൽക്കുന്നു എന്ന് വ്യക്തമായി അറിയാൻ കഴിയും. നമ്മുടെ സമൂഹത്തിലേക്ക് പാലിൽ ലാക്ടോമീറ്റർ പോലെ ഇറക്കാൻ പറ്റുന്ന അളവുകോൽ. സുരേഷ് ഗോപിയെ ചലച്ചിത്ര താരം എന്നു വിശേഷിപ്പിച്ചത് ബോധപൂർവ്വമാണ്. കാരണം നടൻ എന്ന പ്രയോഗം അദ്ദേഹം അർഹിക്കുന്നില്ല. കാരണം നടനം കലയാണ്. അത് അദ്ദേഹത്തിന് വശമില്ല. അതുകൊണ്ടു തന്നെ കലാകാരനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.
സുരേഷ്‌ഗോപിക്ക് യാതൊരു വിധ സങ്കോചവുമില്ലാതെ എന്തും പറയാനുള്ള ധൈര്യം ഈ സമൂഹം കൊടുക്കുന്നു. അതിനർഥം ഈ സമൂഹം ആ അവസ്ഥയിലെത്തിയിരിക്കുന്നു എന്നതാണ്. അദ്ദേഹം ഇപ്പോൾ ബി.ജെ.പിയിൽ ചേരാനും പറ്റുമെങ്കിൽ കേന്ദ്ര മന്ത്രിയാകാനും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് അദ്ദേഹത്തിനോട് ചോദിച്ചാൽ പോലും പറയുക പ്രയാസമായിരിക്കും. തിരക്കഥാകൃത്ത് എഴുതിക്കൊടുത്ത വെടിയുണ്ട വാചകങ്ങൾ അധികാരസ്ഥാനത്തുള്ളവരുടെ നേർക്ക് പായിച്ച് ബോക്സ് ഓഫീസ് വിജയം കൊയ്ത ചില സിനിമകളിൽ സുരേഷ് ഗോപി നായക സ്ഥാനത്ത് അഭിനയിക്കുകയുണ്ടായി. ആ കഥാപാത്രങ്ങളിൽ തളഞ്ഞുകിടക്കുന്ന ഒരു വ്യക്തിത്വമായി സുരേഷ് ഗോപി മാറിപ്പോയി എന്നുവേണം കരുതാൻ. അത് അദ്ദേഹത്തിന്റെ മന:ശ്ശാസ്ത്രപരമായ വൈകല്യമാണ്. അഭിനയിക്കുന്ന കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നത് അപകടവുമാണ്. കൂടെ അഭിനയിക്കുന്നവർക്ക് ജീവഹാനി പോലും സംഭവിക്കാവുന്ന അവസ്ഥയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന ഭാഷയിൽ അഭിസംബോധന ചെയ്ത സുരേഷ് ഗോപിക്കെതിരെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. അവർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. അത് മനസ്സിൽ വച്ചുകൊണ്ടാവണം ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതിന് കാരണമായി സുരേഷ് ഗോപി പറഞ്ഞു, തനിക്കും വേണ്ടേ ചില പിടിവള്ളികളെന്ന്. അതായത് സ്വയരക്ഷയക്കുവേണ്ടിയാണ് താൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നതെന്ന്. എന്നുവെച്ചാൽ സ്വന്തമായി നേരേ നിൽക്കാൻ ശേഷിയില്ലാത്ത ഒരുവനാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. അത് സ്വാഭാവികമായി അദ്ദേഹത്തിൽ നിന്നും വന്ന പ്രതികരണമാണ്. കാരണം അത്രയേ അദ്ദേഹത്തിന് രാഷ്ട്രീയത്തേക്കുറിച്ചും സമൂഹത്തേക്കുറിച്ചുമൊക്കെ അറിയൂ. ഏറിവന്നാൽ ഒരു നാലാം ക്ലാസ്സ് വിദ്യാർഥിയുടെ സാമൂഹിക മസ്തിഷ്ക വളർച്ച. അതിനപ്പുറം അദ്ദേഹത്തിനു ഉയരാൻ കഴിഞ്ഞിട്ടില്ല. അത്രയും സാമൂഹിക വിദ്യാഭ്യാസം നേടിയതാകട്ടെ താൻ അഭിനയിച്ച സിനിമകളിലെ കാതടപ്പിക്കുന്ന സംഭാഷണങ്ങളുടെ ആവർത്തനങ്ങളിലൂടെ. അഭിനയിക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴും ഈ വാചകങ്ങളുടെ ആവർത്തനം വേണ്ടിവരും. അതിൽ നിന്നുണ്ടായ സാമൂഹികാവബോധം. ആ വാചകങ്ങളാകട്ടെ തെരുവിൽ കൈയ്യടി വാങ്ങുന്നവ. കാരണം തീയറ്ററിൽ ആൾ കയറണമെങ്കിൽ സ്റ്റണ്ടും സെക്സും വേണമെന്ന ധാരണ. അതിനാൽ വാചകത്തിലൂടെയും വിജയത്തിനായി അവയെ കടത്തിവിടുന്നു.
ഹൈന്ദവ മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും ബാഹ്യ പ്രചണ്ഡത പലരൂപത്തിൽ ശരീരത്തിലണിഞ്ഞ് അവയെ പ്രഖ്യാപിച്ചുകൊണ്ട് അതാണ് ഈശ്വരാരാധന എന്ന സങ്കൽപ്പത്തിൽ ഈ പാവം മുഴുകിപ്പോകുന്നു. പ്രായം കൊണ്ടു മുതിർന്നതിനാൽ രണ്ടാം ക്ലാസ്സുകാരന്റേയോ നാലാം ക്ലാസ്സുകാരന്റേയോ നിഷ്കളങ്കത സുരേഷ് ഗോപിയിൽ അപ്രത്യക്ഷമാകുന്നു. അതിനാൽ സുരേഷ്‌ഗോപിയുടെ രണ്ടാം ക്ലാസ്സുകാരന്റെ ഗർജനങ്ങളും അഭിപ്രായങ്ങളും അരോചകവുമാകുന്നു. ഇവിടെയാണ് സ്വയം ബഹുമാനം മാദ്ധ്യമപ്രവർത്തനത്തിന് അനിവാര്യമായ ഒന്നാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നത്. തന്റെ നേർക്ക് തനിക്ക് മറുപടി പറയുന്നതിന് പ്രയാസകരമോ അല്ലെങ്കിൽ ആലോചന വേണ്ടുന്നതോ ആയ ചോദ്യങ്ങളൊന്നും മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന്‍ ഉണ്ടാവില്ല എന്ന ഉത്തമബോധ്യം സുരേഷ് ഗോപിക്കുണ്ട്. അത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണ്. ചില പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ സംസ്ഥാന ആഭ്യന്തര മന്ത്രിയും പോലീസ് തലവനുമുൾപ്പടെയുളളവർ സന്നിഹിതരായിരിക്കുന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിക്കാൻ താൻ വിളിക്കപ്പെടുമ്പോൾ സുരേഷ് ഗോപിയുടെയുള്ളിൽ അദ്ദേഹമറിയാതെ നിക്ഷേപിക്കപ്പെടുന്ന ഒരാത്മവിശ്വാസമുണ്ട്. അതാണ് അദ്ദേഹത്തെ താൻ മഹാസംഭവമാണെന്ന് തെറ്റിദ്ധരിക്കാൻ പര്യാപ്തനാക്കിയത്. അതോടൊപ്പം മാദ്ധ്യമപ്രവർത്തകർ തന്റെ അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കുന്നു. എന്താണ് സുരേഷ് ഗോപിക്ക് സാമൂഹിക കാര്യങ്ങളിൽ ഒരു നേതൃസ്വഭാവത്തോടെ ഇടപെടാനും അഭിപ്രായം പറയാനുമുള്ള യോഗ്യത എന്ന് ചിന്തിക്കേണ്ടത് മാദ്ധ്യമപ്രവർത്തരുടെ ഏററുവും ചുരുങ്ങിയ സാമൂഹികമായ ബാധ്യതയും ഉത്തരവാദിത്വവുമാണ്. എത്ര കച്ചവടതാൽപ്പര്യത്താൽ നിയന്ത്രിക്കപ്പെടുന്ന മാദ്ധ്യമമാണെങ്കിൽ പോലും. സുരേഷ് ഗോപിയോട് അത്തരത്തിലൊരു ചോദ്യമുന്നയിച്ച് അദ്ദേഹത്തിന്റെ യോഗ്യത വെളിവാക്കുന്ന വിധമുള്ള അഭിപ്രായം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് തങ്ങളുടെ മാദ്ധ്യമത്തിലൂടെ പ്രകാശിപ്പിക്കുന്നതെങ്കിൽ കച്ചവടപരമായും സാധ്യത അത്തരം റിപ്പോർട്ടുകൾക്കാണ്. അതായത് കച്ചവടമാണെങ്കിലും ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. അവിടെയാണ് മാദ്ധ്യമപ്രവർത്തകരുടെ ആത്മാഭിമാനം അല്ലെങ്കിൽ ചുരുങ്ങിയ യോഗ്യതയുടെ പ്രശ്നമുദിക്കുന്നത്. അത് തെല്ലും ഇല്ലെന്നുള്ള അറിവ് ഉപബോധമനസ്സിൽ നിന്ന് സുരേഷ് ഗോപിയെ നയിക്കുന്നതിനാലാണ് എന്തും ഏതും പൊതുസമൂഹത്തിനു മുന്നൽ വിളിച്ചു പറയാൻ അദ്ദേഹത്തിനു ശക്തി നൽകുന്നത്. മുൻപ് ചില കോൺഗ്രസ്സ് സദ്യാവേദികളിൽ കരുണാകരന് സദ്യ വിളമ്പിയും പിന്നീട് ഇടതുമുന്നണി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങിയുമൊക്കെ ചില നമ്പരുകൾ കാട്ടിയപ്പോൾ മാദ്ധ്യമങ്ങൾ അതിന്റെ പ്രതിനിധികളിലൂടെ സ്വയം ബഹുമാനമില്ലായ്മ പ്രകടമാക്കിയിരുന്നു. ഇനിയും മാദ്ധ്യമങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യമാണിത്. എന്താണ് സുരേഷ് ഗോപിയുടെ സാമൂഹിക പ്രസക്തി. ഒരു നടനെന്ന നിലയിൽപോലും ശരാശരി പോലും എത്താൻ കഴിയാത്ത വ്യക്തി, താൻ സിനിമയിൽ പറഞ്ഞ ചില ഡയലോഗുകൾ പൊതുവേദിയിൽ ആവർത്തിക്കുന്നതാണോ അദ്ദേഹത്തിന്റെ യോഗ്യത. ഇവിടെയാണ് മാദ്ധ്യമപ്രവർത്തകർ സമൂഹത്തിന്റെ പ്രതിനിധികളാവുന്നത്. അങ്ങനെയുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ അഭാവത്തിലാണ് ശാസ്ത്രീയ സംഗീതം ഒട്ടും അറിയാത്ത ഒരു സദസ്സിനു മുന്നിൽ മൈക്കിന്റെ മുഴക്കത്തെ കൂട്ടുപിടിച്ച് മൂളിപ്പാട്ടുപോലും പോലും അറിയാത്ത വ്യക്തി കീർത്തനം ആലപിക്കാൻ തുനിയുന്നത്. മൈക്കിലൂടെ ഒഴുകിയെത്തുന്ന അപശബ്ദത്തുനുമുന്നിൽ ചിലപ്പോൾ ശാസ്ത്രീയ സംഗീതം പോയിട്ട് സംഗീതം പോലുമറിയാത്തവർ ചിലപ്പോൾ ഈ പാട്ടുകാരനെ വൻ സംഗീതജ്ഞനായി തോളിലേറ്റിയെന്നിരിക്കും. ഏതാണ്ട് അതുപോലെ, കേരളീയ സമൂഹത്തിന്റെ സൂചനാ മാപിനിയാണ് സുരേഷ് ഗോപി. അതുകൊണ്ട് സുരേഷ് ഗോപിയാൽ ഭരിക്കപ്പെടാൻ പോലും നാം യോഗ്യരാണെന്നുള്ളത് യാഥാർഥ്യവും.
ദൗർബല്യമാണ് ഭീരുക്കളെ സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള ഭീരുക്കളാൽ രാഷ്ട്രീയരംഗം നയിക്കപ്പെടുന്നു എന്നതാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന വെല്ലുവിളി. അതായത് സുരേഷ് ഗോപി പറഞ്ഞതുപോലെ സ്വന്തം രക്ഷയ്ക്കുവേണ്ടി അല്ലെങ്കിൽ പിടിവള്ളിക്കോ ഏണിപ്പടികൾക്കോവേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ. സുരേഷ്‌ഗോപി യഥാർഥത്തിൽ രാഷ്ട്രീയമെന്നുള്ളത് അതിനുവേണ്ടിയാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്നതുകൊണ്ട് അത് തുറന്നു പറഞ്ഞു. അതേസമയം മറ്റുള്ളവർ അതു മറച്ചുവച്ച് മറ്റുള്ളവർക്ക് വേണ്ടിയാണ് തങ്ങൾ നിൽക്കുന്നതെന്ന് പൊതുവേദിയിൽ പറയുന്നു. അതിൽ ഒരു വഞ്ചനയുണ്ടെങ്കിലും ഔചിത്യമുണ്ട്. കാരണം വിദൂരസ്മൃതിയിലെങ്കിലും രാഷ്ട്രീയം സ്വയം അഭിവൃദ്ധിക്ക് മാത്രമല്ല, ജനനന്മയ്ക്ക് വേണ്ടിക്കൂടിയാണെന്നുള്ളത് നിഴൽപോലെയെങ്കിലും ഇവരുടെയുള്ളിലുണ്ടാകും. അതുപോലും അവകാശപ്പെടാനില്ലാത്ത സുരേഷ് ഗോപി അതുപറയുമ്പോൾ അതു ശരിയാണെന്നും ന്യായമാണെന്നും യോഗ്യതയാണെന്നും മാദ്ധ്യമപ്രവർത്തകർ കാണുന്നു. ഇപ്പോൾ മതങ്ങളേക്കുറിച്ചും ഹിന്ദുമതത്തേക്കുറിച്ചുമൊക്കെ സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയിരിക്കുന്നു. താമസിയാതെ സുരേഷ് ഗോപിയെ കേരളത്തിലെ മാദ്ധ്യമങ്ങൾ തത്ത്വചിന്തകനുമാക്കിയേക്കും. എന്തായാലും തന്റെ തത്ത്വചിന്തയുടെ ആവശ്യമേ മലയാളിക്കുള്ളൂ എന്ന കണ്ടെത്തൽ സുരേഷ്‌ഗോപി നടത്തിയിട്ടുള്ള ലക്ഷണമുണ്ട്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാവുകയാണെങ്കിൽ അതിശയിക്കേണ്ട കാര്യമില്ല.