തോമസ്സ് ഉണ്ണിയാടന്റെ നാലമ്പല ദർശനം

Glint Staff
Sun, 10-08-2014 12:25:00 PM ;

nalambalam

 

ബോധ്യം. അത് വരാൻ വേണ്ടിയാണ് എല്ലാവരും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതത്ര എളുപ്പവുമല്ല. അവിടെയാണ് കാണുന്നത് ബോധ്യപ്പെടുന്നതിലുള്ള എളുപ്പം. ഏവരും എളുപ്പവും തേടുന്നു. അതിനാൽ സ്വാഭാവികമായി മിക്കവരും കാണുന്നതിനെയും കാഴ്ചയേയും കൂടുതൽ ആശ്രയിക്കുന്നു. കാണാൻ കഴിയാതെ വരുന്ന കാര്യങ്ങളിലെല്ലാം വിശ്വസിക്കുന്നു. അതേ നിവൃത്തിയുള്ളു. ആ വിശ്വാസത്തെ ബോധ്യത്തിന്റെ തലത്തിലേക്ക് ഉയർത്താനും എല്ലാവരും ആഗ്രഹിക്കുന്നു. ആഗ്രഹം വല്ലാതെ കലശലാവുന്നവരെ അവരുടെ വിശ്വാസത്തിലുളളത് കാഴ്ചയായി കാട്ടി ചിലർ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അവിടെയാണ് ചൂഷണങ്ങൾ തലപൊക്കുന്നത്. അവിടെയും കെണിയുണ്ട്. വിശ്വസിക്കുന്നതിനെ ബോധ്യത്തിന്റെ തലത്തിലേക്ക് ഉയർത്തുന്ന കാഴ്ചകളുമുണ്ട്. അവ പ്രതീകാത്മകമായിരിക്കും. പ്രതീകാത്മകമെന്നത് നേർക്കാഴ്ചയല്ല. അതും ബോധശേഷിയുടെ ധാരണാവൈഭവം കൊണ്ടേ സാധ്യമാകൂ. അതില്ലാത്തവർക്ക് പ്രതീകാത്മക കാഴ്ച അവസാനത്തെ കാഴ്ചയാകും. അതിൽ നിന്ന് അവർ ബോധ്യതലത്തിലേക്കുയരുന്നു. അതാണ് അവരുടെ വിശ്വാസം. അവിടെ അവർ വിശ്വസിക്കുന്നത് സത്യമായതിനെയല്ല. സത്യമായതല്ലാത്തതെല്ലാം അബദ്ധമായിരിക്കും. അതിനാൽ അവരുടെ വിശ്വാസം അബദ്ധവിശ്വാസമായി മാറുന്നു. ആ അബദ്ധവിശ്വാസമായിരിക്കും അവരുടെ ജീവിതഗതിയിലെ നിർണ്ണായക ഘടകം. സ്വാഭാവികമായും അതിന്റേതായ അബദ്ധങ്ങൾ അവർ  നേരിടുകയും ചെയ്യുന്നു. ഈ അബദ്ധവിശ്വാസത്തെയാണ് ചിലർ അന്ധവിശ്വാസമെന്ന് വിളിക്കുകയും അങ്ങനെയുള്ളവരെ അന്ധവിശ്വാസികളെന്ന് ആക്ഷേപരൂപേണ വിളിക്കുകയും ചെയ്യുന്നത്. അങ്ങിനെ വിളിക്കുന്നവരും ചില വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവരാണ്. പലപ്പോഴും വിശ്വാസത്തിന്റെ കാര്യത്തിൽ ഇവിടെ ആക്ഷേപിക്കുന്നവരും ആക്ഷേപിക്കപ്പെടുന്നവരും തമ്മിൽ വലിയ വ്യത്യാസം വരുന്നില്ല. രണ്ടുകൂട്ടരും അബദ്ധ വിശ്വാസത്താൽ നയിക്കപ്പെടുന്നവർ.

 

അബദ്ധവിശ്വാസം പൊതുവായി അറിയപ്പെടുന്നത് അന്ധവിശ്വാസം എന്നാണ്. വിശ്വാസം ബോധതലത്തിലേക്കുയർന്ന് ബോധ്യമാകാത്തിടത്തോളം കാലം വിശ്വാസം ഏതുതന്നെയായാലും അന്ധമായിരിക്കും. അത് അങ്ങനെ തന്നെയാവുകയും വേണം. അതാണ് വിശ്വാസത്തിന്റെ സർഗാത്മകത. അന്ധമായി വിശ്വസിക്കുമ്പോൾ സംശയം ഉണ്ടാകില്ല. എല്ലാ ബന്ധങ്ങളും അതിന്റെ സർഗാത്മകതയിലാണ് പ്രവർത്തിക്കുന്നത്. അപരിചിതരായ രണ്ടുപേർ ഒരു റെയിൽവേ കൂപ്പയിൽ ഒന്നിച്ചുകിടന്നുറങ്ങുന്നത് അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത് അപരൻ തന്നെ ആക്രമിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യില്ല എന്ന അന്ധമായ വിശ്വാസം. അതിനാൽ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അന്ധവിശ്വാസം വഹിക്കുന്ന പങ്ക് അങ്ങേയറ്റം സർഗ്ഗാത്മകവും പ്രായോഗികവുമാണ്. അതിനാൽ സൂപ്പർസ്റ്റിഷൻ എന്ന ആംഗലേയ പദത്തിന് യോജിച്ച പരിഭാഷയല്ല അന്ധവിശ്വാസം.

 

പരിമിതമായ വസ്തുതാജ്ഞാനത്തിന്റെ വെളിച്ചത്തിൽ മിക്കപ്പോഴും എല്ലാ വിശ്വാസങ്ങളേയും ആചാരങ്ങളേയും അനാചാരങ്ങളുടെ പട്ടികയിൽ പെടുത്തുന്നു. ബുദ്ധിജീവികളുടെ അസഹിഷ്ണുത നിറഞ്ഞ ആക്ഷേപപ്രയോഗങ്ങളാണ് അത്തരമൊരു സാഹചര്യത്തിന് ആക്കം കൂട്ടിയിട്ടുള്ളത്. ഇത് അബദ്ധധാരണക്കാർക്ക് മുതലെടുക്കാനും അബദ്ധധാരണയെ വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനും ഇടയാക്കി. അങ്ങനെ ചില ആചാരങ്ങൾ അനാചാരങ്ങളുടെ പാതയിലേക്ക് നീങ്ങി. ചില ആചാരങ്ങൾ അനാചാരങ്ങളുടെ കൂട്ടിനുള്ളിലായി. അതിനാൽ മൊത്തത്തിൽ ആചാരങ്ങളെ വിശ്വാസവുമായി ബന്ധപ്പെടുത്തിയും അവയെ അന്ധവിശ്വാസമായി ചിത്രീകരിച്ചും ഉണ്ടായ സമ്മിശ്ര അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ആചാരങ്ങളുടെ സർഗാത്മകത വ്യക്തിയെ വൈകാരിക തലത്തിൽ മനുഷ്യന്റെ സവിശേഷ ഗുണങ്ങളിലേക്ക് ഉയർത്തുക എന്നതു തന്നെയാണ്. അതിനാൽ സൂക്ഷ്മാംശങ്ങളിൽ ബദ്ധമാണ് ആചാരങ്ങളെല്ലാം തന്നെ. അതേസമയം ആചാരങ്ങളുടേയും അനാചാരങ്ങളുടേയും ഭാഷ ഒന്നുതന്നെ. കാരണം രണ്ടും പ്രതീകങ്ങളെയാണ് ആശ്രയിക്കുക. സഭ്യമായതിനും അസഭ്യമായതിനും അക്ഷരവും വാക്കും വാചകവും ഉപയോഗിക്കുന്നതുപോലെ.

 

mathrubhumi news on thomas unniyadanഅബദ്ധവിശ്വാസത്തിന്റെയും അതിന്റെ പ്രയോഗത്തിന്റേയും ഒരു ഉദാഹരണം നോക്കാം. 2014 ആഗസ്ത് ഒമ്പതാം തീയതിയിലെ മാതൃഭൂമി (കൊച്ചി എഡിഷൻ)പത്രത്തിന്റെ പത്തൊൻപതാം പേജിൽ മൂന്നുകോളം ചിത്രത്തോടൊപ്പം മൂന്നുകോളം വാർത്ത. തോമസ് ഉണ്ണിയാടൻ എം.എൽ.എ നാലമ്പല തീർഥാടനം നടത്തി.  ഇതാണ് തലവാചകം. വ്യക്തി ആചാരപരമായി കർക്കടകമാസത്തിൽ നടത്തുന്ന ഒന്നാണിത്. ആ വാർത്തയുടെ തുടക്കം ഇങ്ങനെ:

ഇരിഞ്ഞാലക്കുട: കർക്കടകത്തിൽ ദർശനപുണ്യം തേടി തോമസ് ഉണ്ണിയാടൻ എം.എൽ.എ നാലമ്പലദർശനം നടത്തി. നാലമ്പല തീർഥാടനത്തെ ലോകതീർഥാടന മാപ്പിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീർഥാടനം നടത്തിയതെന്ന് എം.എൽ.എ പറഞ്ഞു.

ഉത്തരവാദിത്വമില്ലാത്ത എഡിറ്റിംഗിനുള്ള ഉത്തമ ഉദാഹരണമാണിത്. അതോടൊപ്പം പ്രാദേശിക പത്രപ്രവർത്തനം അതീവ നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള പത്രത്തിൽ കൊടുക്കാൻ പാടുള്ളു എന്നും ഈ റിപ്പോർട്ട് ഓർമിപ്പിക്കുന്നു. അബദ്ധവിശ്വാസത്തിന്റെ ഫലമായുണ്ടായ ഒരു റിപ്പോർട്ടിംഗ് അനാചാരമായി ഈ സചിത്രറിപ്പോർട്ടിനെ കാണാം. സമൂഹവും മാധ്യമപ്രവർത്തനവും ഇന്നെവിടെ നിൽക്കുന്നു എന്ന് പഠിക്കുന്നതിനുള്ള ഉദാഹരണമായും ഈ റിപ്പോർട്ടിനെ കാണാം. മതം, ആചാരം, അനാചാരം, ടൂറിസം, വൈദിക നിഷ്ഠകൾ, യഥാർഥ രാഷ്ട്രീയം, വർത്തമാന രാഷ്ട്രീയം, ജനബോധ്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ നേതാവിന്റെ ധാരണ, ആചാരങ്ങളെക്കുറിച്ചുള്ള ജനപ്രതിനിധിയുടെ ധാരണ തുടങ്ങി വർത്തമാനകാലത്തെ വ്യവസ്ഥാപിത സാമൂഹ്യസ്ഥാപനങ്ങൾ നേരിടുന്ന മുഴുവൻ ജീർണ്ണതകളേയും ഈ  വാർത്തയിലൂടെ ബോധ്യപ്പെടാൻ കഴിയും. തൽക്കാലം അപക്വമായ രീതിയിൽ വാർത്ത കൈകാര്യം ചെയ്തതു മാത്രം നോക്കാം.

 

മുമ്പിൽ വരുന്ന വസ്തുത അതിനോട് നീതി പുലർത്തുന്നവിധം സമ്പൂർണ്ണ സംവേദന ക്ഷമതയോടെ വായനക്കാരുടെ മുന്നിലെത്തിക്കുക എന്നതാണ് പത്രത്തിലെ ഒരു സബ് എഡിറ്റർ മുതൽ മുകളിലേക്കുള്ളവരുടെ ഉത്തരവാദിത്വം. മാധ്യമങ്ങളുടെ താൽപ്പര്യപ്രകാരം ഏത് നടപടിക്കും തയ്യാറായ ക്ഷേത്രം തന്ത്രിയേയും മേൽശാന്തിയേയുമാണ് ചിത്രത്തിൽ കാണുന്നത്. അന്യമതസ്ഥനായതു കാരണം തോമസ് ഉണ്ണിയാടൻ അകത്തു പ്രവേശിച്ചിട്ടുണ്ടാവില്ല. അതിനാലാണ് പ്രസാദം തന്ത്രിയും മേൽശാന്തിയും ചേർന്ന് പുറത്ത് കൊണ്ടുവന്ന് കൊടുത്തത്. ഇവിടെ എം.എൽ.എയെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹം തന്റെ പൊതുവായ പ്രവർത്തനരീതിയനുസരിച്ച് പൊതുസ്വീകാര്യതയ്ക്കുവേണ്ടി ചെയ്ത നടപടിയാണിത്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ലേഖകന്‍ തലവാചകത്തിൽ നിശ്ചയിച്ചത് തോമസ് ഉണ്ണിയാടൻ നാലമ്പല തീർഥാടനം നടത്തി എന്ന്. തുടര്‍ന്ന്‍ ആദ്യവാചകത്തില്‍ ദർശനപുണ്യം തേടിയാണ് അദ്ദേഹം ഈ ദർശനം നടത്തിയതെന്ന് ലേഖകൻ പറയുന്നു. തൊട്ടടുത്ത വാചകത്തിൽ എം.എൽ.എ തന്റെ ഉദ്ദേശ്യം വിശദീകരിക്കുന്നതും കൊടുത്തിരിക്കുന്നു. അതായത് ആദ്യമെഴുതിയ വാചകത്തെ ഖണ്ഠിച്ചുകൊണ്ടുള്ളത്. പ്രാദേശിക ലേഖകന്റെ അബദ്ധ ധാരണയെ അതേപടി പത്രത്തിന്റെ എഡിറ്റോറിയൽ ഡസ്ക് വായനക്കാരിലെത്തിച്ചിരിക്കുന്നു. തോമസ് ഉണ്ണിയാടനെ സംബന്ധിച്ച് തന്ത്രിയും മേൽശാന്തിയും നൽകിയ പ്രസാദം പ്രസാദമല്ല. അത് വെറും വാഴയിലയിൽ ഉള്ള ചില സാധനങ്ങൾ. മാത്രവുമല്ല ലേഖകനും സബ് എഡിറ്ററും നിമിത്തം വസ്തുതാവിരുദ്ധമായ കാര്യവും പത്രത്തിൽ വന്നു. തോമസ് ഉണ്ണിയാടൻ ക്ഷേത്രദർശനം നടത്തിയിട്ടില്ല. തലവാചകത്തിൽ പറഞ്ഞതുപോല തീർഥാടനവും നടത്തിയിട്ടില്ല. പ്രസാദം അതിന്റെ  അർഥമറിയാതെ കൊടുക്കുന്നതും വാങ്ങുന്നതും അബദ്ധധാരണയെ വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുകയേ ഉള്ളു. മാധ്യമങ്ങളിലൂടെ അബദ്ധ ധാരണകളും അനുബന്ധമായി അനാചാരങ്ങളും മറ്റും പ്രചരിക്കുന്നതും വർധിക്കുന്നതും ഇവ്വിധമാണ്. ജനങ്ങൾ ഇത്തരം വാർത്തകൾ സ്വീകരിക്കും എന്ന ധാരണയിൽ നിന്നാണ് ഈ  വാർത്ത ഇതേപടി വന്നിട്ടുള്ളത്. ഇത് സമൂഹത്തിന്റെ പൊതുധാരണയേയും അവസ്ഥയേയും ബോധ്യപ്പെടുത്തുന്നു. മൗലികവാദങ്ങളും അനാശാസ്യമായ എല്ലാം തന്നെയും അബദ്ധവിശ്വാസങ്ങൾ മൂലമുണ്ടാകുന്നതാണ്. മന്ത്രവാദവും അതുതേടിയെത്തുന്നവരുടെ മരണവുമൊക്കെയുൾപ്പടെ. വിശ്വാസവും സമൂഹവും തമ്മിലുള്ള സർഗാത്മകയും നഷ്ടമാകുന്നിടത്തുനിന്നാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

Tags: