കൊച്ചിയിൽ ആഡംബരനൗകയിൽ നടന്ന നിശാപാർട്ടിയിൽ നിന്ന് വിവിധതരം ലഹരിമരുന്നുകൾ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ നിശാപാർട്ടികൾ കേരളത്തിൽ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിക്കുന്നു. കേരളത്തിന്റെ മെട്രോ നഗരത്തില്‍ കുറേ നാളായി തഴച്ചുവളർന്നുവന്ന ഒരു ഏർപ്പാടാണ് ഡിജെകളുടെ സാന്നിദ്ധ്യത്തിലുള്ള നിശാപാർട്ടികൾ. ബംഗലുരുവിലുള്ളതിന്റെ ചെറിയ പതിപ്പെന്ന മട്ടിലാണ് കൊച്ചിയിലും ഇതിന് തുടക്കമായത്. ഈ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും ലഭിച്ചത് മാദ്ധ്യമങ്ങളിലൂടെയാണ്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രമുഖ പത്രങ്ങളുടെ പ്രത്യേക പതിപ്പുകൾ നോക്കിയാൽ അതറിയാൻ കഴിയും. മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരം നിശാപാർട്ടിയിൽ പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെയാണ് പത്രങ്ങൾ ഇവ പ്രസിദ്ധീകരിച്ചത്. ഡി.ജെകളെ ചലച്ചിത്ര താരങ്ങൾക്ക് സമമായി പെരുപ്പിച്ച് താരങ്ങളാക്കി മാറ്റാനും മാധ്യമങ്ങൾ മറന്നില്ല. പത്രങ്ങളുടെ ചുവടുപിടിച്ച് ടെലിവിഷൻ ചാനലുകളും മാറുന്ന കൊച്ചിയുടെ പ്രശോഭിത മുഖമെന്നവണ്ണം നിശാപാർട്ടികളേപ്പറ്റി പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.
നിശാപാർട്ടികളുമായി ബന്ധപ്പെട്ടു നടക്കുന്ന രീതികളെക്കുറിച്ചെല്ലാം മാദ്ധ്യമപ്രവർത്തകർക്ക് അറിവുള്ളപ്പോഴാണ് ഇവയെ യുവത്വത്തിന്റെ ആഘോഷമെന്നോണം അവതരിപ്പിച്ചത്. അത്തരം ഫീച്ചറുകൾ വന്നുകൊണ്ടിരുന്ന സമയത്ത് ഏതാണ്ട് ഒരേസമയം കേരളത്തിൽ താരങ്ങളായവരാണ് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസും ചലച്ചിത്രനടി റിമ കല്ലിങ്കലും. ഇവരെ വെറും താരങ്ങളെന്ന നിലയിലല്ല, സ്വാതന്ത്ര്യത്തിന്റേയും പുതുയുവത്വത്തിന്റേയും പ്രതീകങ്ങളായാണ് മാദ്ധ്യമങ്ങൾ അവതരിപ്പിച്ചത്. അവർ വാസ്തവത്തിൽ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്കാണ് അവർ ഉയർത്തപ്പെട്ടത്. അവർ പറയുന്നതെന്തും മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നു. അതിന് പ്രത്യേക മാന്യത കൈവരുന്നു എന്നു കണ്ടപ്പോൾ അവർ ആ അവസരം നന്നായി ഉപയോഗിച്ചു. പൊതുസമൂഹം ചില ചിട്ടകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിൽ ഇവർ രണ്ടുപേരും പ്രത്യേകം ശ്രദ്ധ ചെലുത്തി. അതുവരെ അരുതാത്തത് എന്താണോ അതിലേർപ്പെടുക, അത് പരസ്യപ്പെടുത്തുക എന്നതാണ് നവയുവത്വത്തിന്റെ പുതിയ മൂല്യം എന്ന നിലയ്ക്കാണ് ഇവരുടെ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിലുള്ള പ്രവൃത്തിയും പ്രഖ്യാപനങ്ങളും. അതിൽ അവർ രണ്ടുപേരും നിശാപാർട്ടിക്കു നൽകിയ അംഗീകാരവും പ്രചാരവും വളരെ വലുതാണ്.
കൊച്ചിയിൽ അവസരം കിട്ടുമ്പോൾ താനും റിമാ കല്ലിങ്കലും ചേർന്ന് നിശാപാർട്ടിക്ക് പോകാറുണ്ടെന്ന് രഞ്ജിനി ഹരിദാസ് പ്രഖ്യാപിച്ചപ്പോൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ അധികം താമസിയാതെ നിശാപാർട്ടികളെക്കുറിച്ച് റീമാ കല്ലിങ്കലിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഫീച്ചറുകൾ പ്രസിദ്ധീകരിച്ചു. കേരള സമൂഹം ഒട്ടേറെ മാറേണ്ടിയിരിക്കുന്നുവെന്ന് അതിൽ റിമ പറയുകയുണ്ടായി. നിശാപാർട്ടികൾ ലഭ്യമാക്കുന്ന ആശ്വാസം അങ്ങേയറ്റം പ്രശംസനീയവും ആനന്ദകരവുമാണെന്നും അവർ അഭിപ്രായപ്പെട്ടു. ബംഗലുരുവിൽ താൻ നിശാപാർട്ടിക്ക് പോകുന്നത് പതിവാണെന്നും അവർ കൂട്ടിച്ചേർത്തു. കേരള സമൂഹം ഇത്തരം നിശാപാർട്ടികളെ സ്വീകരിക്കുന്ന തലത്തിലേക്ക് പുരോഗമിക്കണമെന്നതിന് വളരെ ഊന്നലായിരുന്നു അവരുടെ സംഭാഷണത്തിലുടനീളം. ഒരാഴ്ച മുഴുവൻ ജോലി ചെയ്ത് അതിന്റെ ക്ഷീണം അകറ്റാൻ നിശാപാർട്ടി തന്നെ വളരെയധികം സഹായിക്കുന്നുവെന്നും പറയുകയുണ്ടായി.
ഈ രണ്ട് യുവതാരങ്ങളേയും കൊച്ചിയിലെ നിശാപാർട്ടി നടത്തിപ്പുകാർ നിശാപാർട്ടിയുടെ അപ്രഖ്യാപിത അംബാസിഡർമാരായിപ്പോലും കണ്ടു. അതുവരെ മടിച്ചുനിന്നിരുന്ന പലരും നിശാപാർട്ടിലേക്ക് ഒഴുകിത്തുടങ്ങി. നിശാപാർട്ടികളിൽ പങ്കെടുക്കണമെങ്കിൽ തന്നെ ഒരു ഹോട്ടലിൽ ചില നിബന്ധനകൾ കർശനമായിരുന്നു. അതായത് ഒറ്റയ്ക്ക് ചെന്നാൽ പ്രവേശനമുണ്ടാവില്ല. യുവാവാണെങ്കിൽ കൂടെ ഒരു യുവതിയും ഉണ്ടായിരിക്കണം. അതുപോലെ പലപല നിബന്ധനകൾ. പകലുള്ള മുഖത്തെ മുഴുവൻ വലിച്ചെറിയുന്ന രീതിയിൽ നിശാപാർട്ടിയെ പരിണമിപ്പിക്കുക എന്നതിലായിരുന്നു സംഘാടകരുടെ ശ്രദ്ധ. അതിന് മാന്യതയും ഗ്ലാമറും കൂടിയായപ്പോൾ നടത്തിപ്പുകാരുടെ കച്ചവടം പൊടിപൊടിച്ചു. എല്ലാവിധ ലഹരിയും തടസ്സമില്ലാതെ നിശാപാർട്ടികളിൽ ഒഴുകി. കൂട്ടത്തിൽ ലഹരിമരുന്നുകളും എന്നു പറയുന്നതാവും കൂടുതൽ ഉചിതം.
മാദ്ധ്യമങ്ങൾ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അത് സമൂഹത്തെ സാംസ്കാരികമായി മുന്നോട്ടു നയിക്കുന്നതാണോ പിന്നോട്ടടിക്കുന്നതാണോ എന്നു നോക്കുന്നത് ഇന്ന് പഴങ്കഥയാണ്. എന്നാൽ സാമൂഹികമായി അതിവേഗം ജീർണ്ണതയെ വിളിച്ചുവരുത്തുകയും ജനങ്ങളെ ശാരീരികമായി നശിപ്പിക്കുകയും ചെയ്യുന്ന സംഗതികൾക്ക് ഒറ്റ രാത്രികൊണ്ട് അംഗീകാരം നേടിക്കൊടുക്കുന്ന വിധമുള്ള മാദ്ധ്യമപ്രവർത്തനം മാദ്ധ്യമപ്രസക്തിയെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകും. മാദ്ധ്യമങ്ങൾക്കുണ്ടായിരുന്ന ബഹുമാന്യത ദിവസം ചെല്ലും തോറും കുറയുന്നതിന്റെ കാരണമിതാണ്. മാദ്ധ്യമങ്ങൾ ഇവ്വിധം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതു നിമിത്തം അരുതാത്ത കാര്യങ്ങളിലും സാമൂഹ്യവിരുദ്ധമായവയോട് ചേർന്നുനിൽക്കുന്നതായ കാര്യങ്ങളിലേർപ്പെടുന്നതാണ് യുവത്വത്തിന്റെ ആഘോഷലഹരിയുമെന്നുള്ള സമവാക്യംപോലും ഉരുത്തുരിഞ്ഞുവന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് യാഥാർഥ്യമാണ്.