Skip to main content

അല്‍പ്പം പഴയ ഒരു വാര്‍ത്തയെ കുറിച്ചാണ്. അമൃതാ ടെലിവിഷനിൽ 2013 ആഗസ്ത് 27ന് വന്നത്. കൈത്തറിമേഖലയെക്കുറിച്ചായിരുന്നു റിപ്പോർട്ട്. പറയേണ്ടതില്ലല്ലോ, ആ മേഖലയുടെ തകർച്ചയെക്കുറിച്ചായിരിക്കുമെന്ന്. ഈ പതിവ് റിപ്പോർട്ട് ഇക്കുറി ഓണവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു. മറ്റുസംസ്ഥാനങ്ങളിൽ നിന്നു കൈത്തറിയുടെ പേരിലുള്ള ഉൽപ്പന്നങ്ങൾ കമ്പോളത്തിലെത്തി കേരളത്തിലെ യഥാർഥ കൈത്തറി ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതെ വരുന്നു. സർക്കാർ പല സംരക്ഷണ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കൈത്തറി ഉൽപ്പന്നങ്ങൾക്കുപുറമേ ഉദ്യോഗസ്ഥരുടെ അഴിമതിയും കൈത്തറിമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നു.

 

ഈ വാർത്തയ്ക്ക് ഉപോദ്ബലകമായി കൈത്തറിയിൽ പണിയെടുക്കുന്ന സ്ത്രീകളുടെയും ആരോഗ്യം നശിച്ചിട്ടും കൈത്തറിയിൽ പണിയെടുക്കുന്ന പുരുഷന്മാരുടേയുമൊക്കെ ദൃശ്യങ്ങളും അവരുടെ  അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും പറയുന്നത് ഞങ്ങൾക്കുവേണ്ടി  സർക്കാർ ഒന്നും ചെയ്യുന്നില്ല. സംരക്ഷണ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെയൊന്നും ഒരു ഗുണവും തങ്ങൾക്കു കിട്ടുന്നില്ല. ഈ മേഖലയെ രക്ഷിക്കാൻ സർക്കാർ ചെയ്യേണ്ടത് പവർലൂമിനെ മന്ദീഭവിപ്പിക്കുകയല്ല, മറിച്ച് അത് നിരോധിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ മേഖല രക്ഷപ്പെടില്ല. കാഴ്ചയിൽ വാർധക്യത്തിലേക്കു നീങ്ങിയ കൈത്തറിത്തൊഴിലാളി പറയുന്നു. ഈ പണിയല്ലാതെ മറ്റൊന്നും തങ്ങൾക്കറിയാൻ പാടില്ലാത്തതുകൊണ്ടാണ് ഈ തൊഴിലിൽ നിന്നും മാറാതെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഈ തൊഴിലാളിയുടെ അഭിപ്രായത്തെ പിൻപറ്റുന്ന കാഴ്ചപ്പാടിലായിരുന്നു വാർത്താബുള്ളറ്റിനിൽ  ഈ വാർത്ത ഉൾപ്പെടുത്തിയിരുന്നുത്. ഈ കൈത്തറിത്തൊഴിലാളിയുടെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തവും ആ തൊഴിലാളിയുടെ കാഴ്ചപ്പാടിനെ ക്രിയാത്മകമായി സ്വാധീനിക്കാനും കഴിയുന്നതാകേണ്ടതാണ് മാധ്യമപ്രവർത്തകന്റെ കാഴ്ചപ്പാട്. അതോടൊപ്പം ആ കൈത്തറിത്തൊഴിലാളി മാധ്യമപ്രവർത്തകന് മാതൃകയുമാവേണ്ടതാണ്. കൈത്തറിത്തൊഴിലാളികളുടേയും ആ മേഖലയുടേയും ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. എത്ര തന്നെ സംരക്ഷിച്ചു നിർത്തിയാലും സംരക്ഷണം ആവശ്യമുള്ളിടത്തോളം കാലം ഈ മേഖലയ്ക്ക് മേൽഗതിയുണ്ടാവില്ല. അതുകൊണ്ടാണല്ലോ സംരക്ഷണം അവശ്യമായി വേണ്ടിവരുന്നത്. ഇതു ശൈശവത്തിലെ സംരക്ഷണവുമല്ല എന്നോർക്കണം. ഓരോ വാചകം പ്രേക്ഷകരുമായി പങ്കുവയ്ക്കുമ്പോൾ അതിലൂടെ വസ്തുതകൾ കൈമാറ്റം ചെയ്യപ്പെടുന്നതിലുപരി ചില അടിസ്ഥാന കാഴ്ചപ്പാടുകൾ കൂടി പ്രേക്ഷകമനസ്സിൽ അവരറിയാതെ കുടിയേറുന്നുണ്ട്. അതാണ് വസ്തുതയേക്കാൾ  ശക്തമായി മനസ്സിലവശേഷിക്കുക.

 

മറ്റ് ഒരു പണിയുമറിയില്ല എന്നു കൈത്തറിത്തൊഴിലാളി  ഉറക്കെപ്പറയുമ്പോൾ അതിശക്തമായി നിശബ്ദമായ മറ്റൊന്നുകൂടി അദ്ദേഹം പറയുന്നുണ്ട്. അതായത് ഈ പണി നന്നായി അറിയാം. ആ അറിവിന്റെ ഇഴചേർക്കലിന്റെ സൗന്ദര്യാത്മക ആവിഷ്‌ക്കാരമാണ് തറിയിൽ പിറക്കുന്നത്. കൈത്തറിത്തൊഴിലാളിക്ക് മറ്റൊരു തൊഴിലും വശത്താകാതിരിക്കാൻ കാരണം അത്രയ്ക്ക് ശ്രദ്ധവേണ്ട തൊഴിലാണത് എന്നതുകൊണ്ടാണ്. അവന്റെ നോട്ടം ഓരോ ഇഴകളിലുമാണ്. ഇഴതെറ്റിയാൽ, ഓടം പിഴച്ചാൽ, നെയ്ത്ത് തെറ്റും. ആ ഇഴകളും നെയ്ത്തുകാരന്റെ, നെയ്ത്തുകാരിയുടെ മനസ്സും ഒന്നാകുന്ന പ്രതിഭാസമാണ്. അവർ സാമ്പത്തികമായി ഉഴലുമ്പോൾപോലും അതിൽ നിന്ന് വിട്ടുമാറാതെ നിൽക്കുന്നത് ആ തൊഴിൽ അവരെ സന്തോഷിപ്പിക്കുന്നതുകൊണ്ടാണ്. കാരണം അവർ മറ്റ് ചിന്തകളിൽ മുഴുകി സ്വയം മറക്കുന്നില്ല. ഒരു ജീവിതതാളത്തിൽ അവർ രമിക്കുന്നു. പക്ഷേ അതുകൊണ്ട് അവർക്ക് ജീവിതത്തിന്റെ ഇഴകൾ കോർക്കാൻ കഴിയുന്നില്ല. നൂലിനും ഇഴകൾക്കും തറികൾക്കുമപ്പുറത്തുള്ള ലോകത്തെക്കുറിച്ച് അവർ അറിയുന്നില്ല. അതുകൊണ്ടുതന്നെ മാറുന്ന ലോകത്തേക്കുറിച്ചും അറിയുന്നില്ല. ജീവിതത്തിന്റെ ഗതികേടിനേക്കാൾ ഒരു കലയിലേർപ്പെടുന്ന കൗതുകത്തോടെ ഈ തൊഴിലിലേർപ്പെടുന്നവരാണ് ഇന്ന് ഈ മേഖലയിൽ അവശേഷിക്കുന്നത്. അവരുടെ സർഗ്ഗാത്മകതയെ വിനിയോഗിച്ചുകൊണ്ട് മാറിയ കാലത്തിന്റെ പ്രത്യേകതയും ആവശ്യങ്ങളും അറിഞ്ഞ് അവരെ പുനർവിന്യസിക്കുകയാണ് വേണ്ടത്. ഇന്നത്തെ അവസരങ്ങൾ എല്ലാം അതിന് യഥേഷ്ടം സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ ആ മേഖലയെ അതിന്റെ പുഷ്‌കലകാലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഈ മേഖലയുടെ നാശത്തിലായിരിക്കും കലാശിക്കുക.

 

പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട കരവിരുതുകൾ മനുഷ്യരിലൂടെ മാത്രമേ ആർക്കൈവ് ചെയ്ത് സംരക്ഷിക്കുവാൻ കഴിയുകയുളളു. പാശ്ചാത്യമായ ആർക്കൈവിംഗ് അഥവാ പുരാവസ്തുസംരക്ഷണമെന്നത് നിർജീവമായതിന്റെ അല്ലെങ്കിൽ മരണം സംഭവിച്ചവയുടേതാണ്. കിഴക്കിന്റേത് സാംസ്‌കാരികമായ ആചാരങ്ങളിലൂടെയും ചടങ്ങുകളിലൂടെയുമാണ്. ആ കരവിരുതുകൾക്കുള്ളിൽ അന്തർലീനമായിരിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങളിലൂടെ മനുഷ്യൻ മിനുസപ്പെടുത്തിയ അറിവുകളാണ്. ഓരോ വിരുതിന്റെ പിന്നിലും അറിവുണ്ടാകും. ഈ പരമ്പരാഗത കരവിരുത് നിലനിർത്തണമെങ്കിൽ സംരക്ഷണം കൊണ്ട് സാധ്യമല്ല. ഇതിലേർപ്പെടുന്നവർക്ക് സന്തോഷവും ഉത്കൃഷ്ടതയും സംഭവിക്കണം. സാരനാഥിൽ ബനാറസ് പട്ട് വിൽക്കുന്ന നെയ്ത്തുകാരുടെ സൊസൈറ്റിയിൽ പട്ട് നെയ്യുന്ന തറിയുണ്ട്. അവിടെയെത്തുന്നവരുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് പട്ടുനെയ്ത്തു കാണുക എന്നത്. കാണികൾ തന്നെയാണ് അവരുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. ഇതിലൂടെ ആ നെയ്ത്തുവിദ്യ അന്യം നിന്നുപോകാതെ നിലനിൽക്കുകയും ചെയ്യുന്നു.  പണ്ട് മനുഷ്യൻ മെഷീനുകളുടെ പ്രവർത്തനം കണ്ട് കൗതുകം പൂണ്ടിരുന്നുവെങ്കിൽ ഈ നെയ്ത്ത് കാണുമ്പോൾ ഇപ്പോഴുള്ളവരുടെ കണ്ണുകൾ വിസ്മയം കൊണ്ടു വിടരുന്നു.

 

പരമ്പരാഗത തൊഴിൽമേഖലയിലെ വിലപ്പെട്ട തൊഴിൽ വൈദഗ്ധ്യത്തെ എങ്ങിനെ  നിലനിർത്താം എന്ന  കാഴ്ചപ്പാടിലുമൂന്നിയ അന്വഷണമാണ് ഇന്നനിവാര്യം. ഈ കരവിരുതിൽ സർഗാത്മക താൽപ്പര്യമുള്ളവർ എക്കാലത്തുമുണ്ടാവും. എണ്ണത്തിൽ കുറവാണെങ്കിലും. ഡിജിറ്റൽ യുഗത്തിൽ ഇത്തരം കരവിരുതുകളും അതിനോടു ബന്ധപ്പെട്ടുകിടക്കുന്ന വിജ്ഞാനവും ഏതെല്ലാം തലത്തിലേക്ക് സാധ്യതകളെ വിന്യസിപ്പിക്കുമെന്ന് പ്രവചിക്കാനാവില്ല. ചിലപ്പോൾ ഇവരുടെ ഇടയിൽ നിന്നായിരിക്കാം  അങ്ങനെയൊരു പ്രതിഭയുടെ ഉദയം. ഈ കാഴ്ചപ്പാടിന്റെ കുറ്റകരമായ അഭാവം മൂലമാണ് കേരളത്തിൽ ഏതാണ്ട് കാൽനൂറ്റാണ്ടുവരെ വളരെ പ്രചാരത്തിലുണ്ടായിരുന്ന ആശാരിപ്പണിയും അതിനോടനുബന്ധമായ ഗൃഹനിർമാണ ശാസ്ത്രത്തിന്റെ സൂക്ഷ്മജ്ഞാനവുമെല്ലാം ഏതാണ്ട് അന്യം നിന്ന അവസ്ഥവന്നിരിക്കുന്നത്. ചെറിയ പഴയവീടുകൾ പോലും ആ വാസ്തുവിദ്യയുടെ സ്മാരകങ്ങളായി കേരളത്തിന്റെ പലഭാഗത്തും ഇന്നും നിൽക്കുന്നു. ആ വിദ്യയുടെ പരിപൂർണ്ണ സിദ്ധാന്തം പോലെ ക്ഷേത്രങ്ങളും. നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് ഈ ജ്ഞാനം അന്ന് കടന്നുവന്നിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റെ കാഴ്ചയും ജീവിതവും മറ്റൊരു തലത്തിലാവുമായിരുന്നു. ഒരുപക്ഷേ കേരളം ഇന്നകപ്പെട്ടിരിക്കുന്ന ഭീകരമായ പാരിസ്ഥിതിക തകർച്ചയിൽനിന്നുപോലും രക്ഷപ്പെട്ടുനിൽക്കുമായിരുന്നു. ഇന്ന് ഒരു ചെറിയ കൂരകൂട്ടാൻപോലും വൈദഗ്ധ്യമുള്ള ആശാരിമാരും അത് നിർദ്ദേശിച്ചുകൊടുക്കാൻ കഴിവുള്ള എഞ്ചിനീയർമാരും വിരളം. ആ വിജ്ഞാനത്തിന്റെ ഏറിയപങ്കും കൈമോശം വന്നുകഴിഞ്ഞു.

 

മാധ്യമപ്രവർത്തനം സാമൂഹ്യശാസ്ത്രമാണ്. അതിസൂക്ഷ്മമായി പ്രയോഗിക്കേണ്ടതാണ്. ഇന്നിപ്പോൾ മാധ്യമപ്രവർത്തനം അങ്ങനെയൊന്നുമല്ല. അതൊന്നും നടക്കുന്ന കാര്യമല്ല എന്നു പറയുന്നത് അറിവില്ലായ്മയിലെ സുഖവും  ഒളിച്ചോട്ടവുമാണ്. നൂലും ഊടും പാവും മാത്രം ഉണർച്ചാവേളയിൽ കാണുന്ന നെയ്ത്തുകാരൻ അവനേർപ്പെടുന്ന തൊഴിലിന്റെ സൂക്ഷ്മതയും ആ വിരുത് അവനിൽ സൃഷ്ടിക്കുന്ന പരിണാമവും തിരിച്ചറിയുന്ന പക്ഷം അവൻ വെറുമൊരു നെയ്ത്തുകാരനല്ലാതായി മാറുന്നു. അവൻ നെയ്ത്തില്‍ തുടരുമെങ്കിലും. അവന് ഊടിലും പാവിലും നോക്കി ലോകത്തെ അറിയാൻ കഴിയും. എന്നാൽ അതറിയാത്ത സാധാരണ നെയ്ത്തുകാരൻ വെറും നൂലും തറിയും തുണിയും കണ്ട് ജീവിതം കഴിച്ചുകൂട്ടുന്നു. ആ നെയ്ത്തുകാരന്റെ ലോകവീക്ഷണമാകരുത് മാധ്യമപ്രവർത്തകന്റേത്. അതേ സമയം അവൻ ആത്മവിശ്വാസത്തോടെ അവന്റെ തൊഴിൽ അവനറിയാം, അതുമാത്രമേ അറിയൂ എന്നു പറയുന്നു. ആ ആത്മവിശ്വാസം മാധ്യമപ്രവർത്തകനും അവകാശപ്പെട്ടതാണ്. ആ നെയ്ത്തുകാരനെപ്പോലെ മാധ്യമപ്രവർത്തനം അറിയാം എന്നുള്ള ആത്മവിശ്വാസം. അല്ലെങ്കിൽ പവർലൂം മന്ദീഭവിപ്പിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്, ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി പവർലൂം നിരോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന ആ നെയ്ത്തുതൊഴിലാളിയുടെ അഭിപ്രായം പിൻപറ്റി ആ സാമൂഹ്യവീക്ഷണത്തിൽ കാര്യങ്ങൾ അവതരിപ്പിക്കേണ്ടിവരും.

 

അയൽസംസ്ഥാനവും ഇന്ത്യയുടെ ഭാഗമാണ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇവിടെവരുന്നതാണ് കൈത്തറിത്തൊഴിലാളികളുടേയും ആ മേഖലയുടേയും തകർച്ചയ്ക്ക് കാരണമെന്ന കണ്ടെത്തൽ മാധ്യമപ്രവർത്തകൻ അവതരിപ്പിക്കുമ്പോൾ സമൂഹത്തിലേക്കു പ്രവഹിപ്പിക്കുന്ന പ്രതിലോമകരമായ ധാരണകളും വിശ്വാസങ്ങളും വലുതാണ്. ദൂരവ്യാപകമായ ദോഷഭവിഷ്യത്തുകൾ അവ വരുത്തിവയ്ക്കും. ഇതേ മാനദണ്ഡം നാം അരിയുടേയും പച്ചക്കറിയുടേയുമൊക്കെ കാര്യത്തിലെടുക്കുകയാണെങ്കിൽ കേരളത്തിൽ കാശുണ്ടെങ്കിലും ചോറും കറിയും കിട്ടാത്ത അവസ്ഥ വരുമെന്ന കാര്യം ഓർക്കാവുന്നതാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളിലൂടെ ലഭിക്കുന്ന വിവരങ്ങളും അറിവുകളും കൃത്യതയോടെ  ഉപയോഗിക്കേണ്ടതും പഠനത്തിന് തയ്യാറാകേണ്ടതും മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാത്ത പക്ഷം നിർവഹിക്കപ്പെടുന്നത് ഉത്തരവാദിത്വമില്ലാത്ത മാധ്യമപ്രവർത്തനമാണ്. ഊടും പാവും തെറ്റി നെയ്ത തുണിപോലെ അതു വൈകൃതം കൈവരിച്ചാൽ അതിശയിക്കാനില്ല. നെയ്ത്തുകാരന്റെ നൂൽശ്രദ്ധ ആവശ്യമുള്ള സാമൂഹ്യശാസ്ത്രവിഷയം തന്നെയാണ് മാധ്യമപ്രവർത്തനം. നെയ്ത്തുകാരന്റെ നൂലിഴനോട്ടംപോലെയാവണം മാധ്യമപ്രവർത്തകരുടെ ഓരോ വാക്കിലേക്കുമുള്ള നോട്ടം.

Tags