അഭിപ്രായസ്വാതന്ത്ര്യത്തിനു വീണ വിലങ്ങും അതു വന്ന വഴിയും

Glint Views Service
Thu, 22-08-2013 10:45:00 AM ;

government can block internet posts - supremecourt

അപകീർത്തികരമായ ഇന്റർനെറ്റ് പോസ്റ്റുകൾ സർക്കാരിന് തടയാമെന്ന്‍ സുപ്രീംകോടതി  വ്യക്തമാക്കിയിരിക്കുന്നു. ഇന്റർനെറ്റില്‍ വരുന്ന അപകീർത്തികരമായ കമന്റുകളും അഭിപ്രായങ്ങളും പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന നിർദേശത്തെ ചോദ്യം ചെയ്ത് മൗത്ത് ഷട്ട്.കോം എന്ന വെബ്‌സൈറ്റ് നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. വളരെ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ് ഈ വിധി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നാണ് സുപ്രീം കോടതി ഓർമ്മിപ്പിക്കുന്നത്.

 

ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(എ) ആണ് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നത്. ഈ വകുപ്പുറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകൾക്കകത്തു നിന്നുകൊണ്ടാണ് ഇന്ത്യയിലെ മാധ്യമലോകം തങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം വിനിയോഗിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യേക പരാമർശം ഭരണഘടനയില്‍ നിന്നൊഴിവാകാൻ കാരണം തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിപാവനതയാണെന്ന്‍ കാണാൻ കഴിയും. പ്രത്യക്ഷത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞിട്ടില്ലാത്തത്  ഉപരിപ്ലവമായ നോട്ടത്തില്‍ മാധ്യമങ്ങളെ പരിഗണിച്ചില്ലെന്ന് തോന്നാമെങ്കിലും. ജനാധിപത്യത്തില്‍ പൗരനായിരിക്കണം പരമോന്നതമായ സ്ഥാനം. അതിന്റെ മുകളില്‍ ഒന്നും തന്നെ വരുന്നില്ല എന്ന വിശാലവും വിശുദ്ധവുമായ കാഴ്ചപ്പാടാണ് ഭരണഘടനാ നിർമ്മാതാക്കളെ അവ്വിധം ചിന്തിപ്പിച്ചത്.

 

രാജ്യതാല്‍പ്പര്യങ്ങൾക്ക് വിരുദ്ധമായ ആശയപ്രചരണങ്ങൾ നടക്കുന്നത് തടയാൻ നിലവില്‍ തന്നെ നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഇന്റർനെറ്റിന്റെ വരവോടെ  ഓരോ വ്യക്തിയും മാധ്യമമായി മാറുന്ന സാഹചര്യം സംജാതമായി. മാറുന്ന ലോകത്തില്‍ സമൂഹഗതി നിർണ്ണയിക്കുന്നതില്‍ ഇന്റർനെറ്റ് വഹിക്കുന്ന പങ്ക് വ്യക്തമാണ്. സമൂഹം സ്വയം സംഘടിതമാകുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെ നയിക്കാനുള്ള ഇന്റർനെറ്റിന്റെ സാധ്യതയും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നമുക്ക് കാണാൻ കഴിഞ്ഞു. ഇന്റർനെറ്റ് യുഗത്തിന്റെ ശക്തമായ സാന്നിദ്ധ്യത്തോടെ അഭിപ്രായസ്വാതന്ത്ര്യം പ്രത്യേക  മാനം കൈവരിച്ചു.

 

രൂപം മാറുന്ന മാധ്യമധര്‍മ്മം

 

media seminar in keralavaramaഇന്റർനെറ്റ് യുഗത്തിന്റെ സജീവ ആവിർഭാവം വരെ എവിടെയും നടന്നിരുന്ന മാധ്യമ സെമിനാറുകളുടെ വിഷയം പത്രസ്വാതന്ത്ര്യം സംബന്ധിച്ചുള്ളതായിരുന്നു. വിശേഷിച്ചും ടെലിവിഷൻ ചാനലുകൾ സജീവമാകുന്നതുവരെ. ടെലിവിഷന്റെ വ്യാപനത്തോടെ തന്നെ അത്തരം സെമിനാറുകളുടെ സംജ്ഞകളിലും ചർച്ചാവിഷയത്തിലും  മാറ്റം വന്നു. പത്രപ്രവർത്തകർ എന്നത് മാധ്യമപ്രവർത്തകർ എന്ന്‍ പരിണമിച്ചു. മാധ്യമസെമിനാറുകളില്‍ പത്രസ്വാതന്ത്ര്യം എന്ന വിഷയം പിൻവാങ്ങി മാധ്യമധർമ്മത്തിലൂന്നിക്കൊണ്ട് ചർച്ചകൾ നീങ്ങി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്താലും മാനേജ്‌മെന്റുകളുടെ സ്ഥാപിത താല്‍പ്പര്യത്താലും മാധ്യമങ്ങൾക്ക് അവയുടെ സാമൂഹിക ധർമ്മം നിർവഹിക്കാൻ പറ്റാതെ വരുന്നു എന്നതായിരുന്നു മാധ്യമസ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളുടെ അടിസ്ഥാനം. ചാനലുകളുടെ  വൻസാന്നിദ്ധ്യത്തോടെ മാധ്യമസ്വാതന്ത്ര്യം എന്നുള്ളത് അപ്രസക്തമായി. ചാനലുകളുടെ എണ്ണം കൂടിയപ്പോൾ മാധ്യമതാല്‍പ്പര്യം തങ്ങളുടെ ചാനലുകളുടെ ലാഭമായി. അതിനുള്ള ഉപാധിയായി വാർത്ത മാറി. അതോടെ സാമൂഹത്തിന്റെ പൊതുവായ താല്‍പ്പര്യം എന്ന സാമൂഹ്യപരിഗണനയില്‍ നിന്ന്‍ മാധ്യമങ്ങൾ അറിയാതെ തെന്നിമാറി. മാധ്യമപ്രവർത്തനത്തിന്റെ ശൈലിപോലും ഈ മത്സരം നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് മാറി. അവിടെ പലതും തകിടം മറിഞ്ഞു. ആ മറിയലില്‍ മറിയേണ്ടതും മറിയാൻ പാടില്ലാത്തതും ഒരേപോലെ മറിഞ്ഞു. പുതുതായി രൂപപ്പെട്ടത് കളയും നെല്ലും ഏതെന്ന്‍ തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിലേക്കു മാറി.

 

എന്തും തുറന്നുകാണിക്കുകയാണ് മാധ്യമധർമ്മമെന്ന വികലമായ ധാരണ പോലും ചാനലുകൾ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകിച്ചും നേതൃസ്ഥാനത്തുള്ളവർ കരുതുന്ന അവസ്ഥയായി. അവരുടെ ഈ ധാരണയെ കുടുതല്‍ ബലപ്പെടുത്തുന്നതായി ഇന്റർനെറ്റ്‌ ലോകം  ക്രമേണ ഉറപ്പിച്ച, ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ആധിപത്യ സ്വഭാവം. അവിടെ ആർക്കും എന്തും പറയാമെന്നായി. ഇന്റർനെറ്റ് മാധ്യമമാക്കി സോഷ്യല്‍ മീഡിയയും ശക്തമായതോടെ മാധ്യമപ്രവർത്തനവും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വഭാവവും തമ്മിലുള്ള അതിർവരമ്പ് ഏതാണ്ട് ഇല്ലാതായി. മാധ്യമപ്രവർത്തനം സാമൂഹ്യശാസ്ത്രമാണെന്ന വസ്തുത വിസ്മരിക്കപ്പെട്ടു. സാമൂഹ്യവീക്ഷണവും സമൂഹത്തെ ചിന്താപരമായി നയിക്കാൻ ശേഷിയുള്ള പത്രാധിപരുടെ വംശവും അന്യം നിന്നു. സ്ഥാനപ്പേരിനാല്‍ പത്രാധിപരായിട്ടുള്ളവരുടെ താല്‍പ്പര്യം ലാഭവർധനയ്ക്കുള്ള മാർഗ്ഗമായി മാധ്യമപ്രവർത്തനത്തെ എങ്ങിനെ പ്രയോഗിക്കാമെന്നായി. ചുരുക്കത്തില്‍ നയിക്കപ്പെടാത്ത, നായകരില്ലാത്ത മേഖലയായി മാധ്യമപ്രവർത്തനം മാറി. ഇവിടെ സാധാരണ വ്യക്തിക്കും മാധ്യമപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങി. അതിന്റെ  പ്രതിഫലനമാണ് സിറ്റിസണ്‍ ജേണലിസമെന്ന പ്രതിഭാസത്തിന്റെ ഉടലെടുക്കല്‍. മാധ്യമപ്രവർത്തനം ആർക്കും ചെയ്യാം എന്ന ധാരണ രൂഢമൂലമായതിന്റെ തെളിവാണത്. ചില അനീതികൾ ഒളിച്ചിരുന്നു കണ്ടുപിടിക്കുന്നതോ, കൈക്കൂലി വാങ്ങുന്നവനെ കയ്യോടെ പിടിച്ച് നാട്ടുകാർക്കു മുന്നില്‍ കാണിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന ധാരണ വ്യാപകമായി. ഇത് തെരുവില്‍ നില്‍ക്കുന്ന പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവനേപ്പോലും മാധ്യമപ്രവർത്തകനാക്കാൻ ആത്മവിശ്വാസം പകരുന്നതായി. ഈ പശ്ചാത്തലത്തിലാണ് ഉത്തരവാദിത്വമില്ലാത്ത പോസ്റ്റുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

 

നിരുത്തരവാദിത്തം കൊണ്ടുവന്ന വിലക്ക്  

 

media subdues peopleനേതൃത്വസ്പർശമില്ലാതെ വികസിച്ച മാധ്യമങ്ങൾക്ക് പൂർണ്ണമായിട്ടല്ലെങ്കിലും വിശ്വാസ്യത വൻതോതില്‍ നഷ്ടമായി. അത് വലിയ വൈരുധ്യം കൂടിയാണ്. എല്ലാം  നേരിട്ട് കാണിച്ചിട്ടും മൊത്തത്തില്‍ വിശ്വാസ്യത നഷ്ടമാകുന്ന പ്രതിഭാസം. അതിന്റെ തെളിവാണ് ഇന്റർനെറ്റില്‍ പ്രചരിച്ച ചില വാര്‍ത്തകളുടെ നിജസ്ഥിതി അറിയാൻ മാധ്യമങ്ങളെ ആശ്രയിക്കാതെ പ്രചരിക്കപ്പെട്ട വിവരങ്ങൾ ശരിയാണെന്ന്‍ ധരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമിടയായത്. കഴിഞ്ഞവർഷം ആഗസ്തില്‍ മ്യാൻമറിലും വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും സംഘർഷമുണ്ടായെന്ന വ്യാജവാർത്ത പ്രചരിച്ചപ്പോൾ ബാംഗ്ലൂരില്‍ നിന്ന്‍ നൂറുകണക്കിനു പേര്‍ കൂട്ടത്തോടെ പലായനം ചെയ്ത കാര്യം വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് ഇപ്പോൾ ഇന്റർനെറ്റിലെ ഉള്ളടക്കം വേണമെങ്കില്‍ സർക്കാരിന് തടയാമെന്ന വിധി വന്നിരിക്കുന്നത്. അതായത് ആർട്ടിക്കിൾ 19(1) (എ) പരിധിയില്ലാതെ ഉപയോഗിക്കാൻ പറ്റില്ല എന്ന്‍ വ്യക്തമായി സുപ്രീംകോടതി വിധിച്ചിരിക്കുന്നു. അതനുസരിച്ച് സന്ദർഭത്തെ വിലയിരുത്തി സർക്കാരുകൾക്ക് നടപടി സ്വീകരിക്കാം. ഈ വിധിക്കുള്ളില്‍ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും വരുന്നുണ്ടെന്നുള്ളത് വളരെ പ്രകടമായി കാണാൻ കഴിയും.

 

പലപ്പോഴും മാധ്യമങ്ങൾ, വിശേഷിച്ചും ടെലിവിഷൻ ചാനലുകൾ, ഉത്തരവാദിത്വമില്ലാത്ത വിധം പരിപാടികൾ സംപ്രേഷണം  ചെയ്യുന്നു എന്ന പരാതി വ്യാപകമായുണ്ട്. സമൂഹമെന്ന നിലയില്‍ മാറ്റത്തിന് വിധേയമായി, എന്നാല്‍ ഇളകാതെ നില്‍ക്കേണ്ട പല മൂല്യങ്ങളും ഇളക്കിമറിക്കപ്പെടുകയും അവയുടെ സ്ഥാനത്ത് പുതുതായുള്ളത് സ്ഥാപിക്കാപ്പെടാതെയുമുള്ള അവസ്ഥ. ഈ ഉത്തരവാദിത്വമില്ലായ്മ, മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്നുള്ള ആവശ്യം മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെക്കൊണ്ടു പോലും പറയിപ്പിക്കുകയുണ്ടായി. പൊതുസമൂഹവും  അത്തരത്തില്‍ ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാധ്യമപ്രവർത്തനം മത്സരത്തിന്റെ പേരില്‍ മാറുകയുണ്ടായി. ഇത്തരത്തിലുള്ള മാധ്യമസമീപനം മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യത്തെ സൃഷ്ടിക്കുമെന്ന്‍ വ്യപകമായി പല ഭാഗത്തു നിന്നും മുന്നറിയിപ്പുകളുമുണ്ടായി. എന്നാല്‍ അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതി വിധി സർക്കാരിന് കിട്ടിയിരിക്കുന്ന ഉഗ്രൻ ആയുധമാണ്. രാജ്യതാല്‍പ്പര്യത്തെ ബാധിക്കുന്ന വിധമുള്ള ഉള്ളടക്കത്തെ നിശ്ചയിക്കുന്നത് സർക്കാരാണ്. ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാൻ സർക്കാരിന് അവസരം കൈവന്നിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തിന്റെ കീഴില്‍ പരിരക്ഷിക്കപ്പെട്ടു പോന്ന മാധ്യമസ്വാതന്ത്ര്യവും ഇതുവഴി പരിമിതപ്പെടുകയും സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇടപെടാനുള്ള അവസരവുമാണ്  സുപ്രീംകോടതി വിധി ലഭ്യമാക്കിയിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെ നയിച്ചതില്‍ മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

 

പരിധിയില്ലാത്ത സ്വാതന്ത്ര്യം കൈവന്നപ്പോൾ അത് സർഗാത്മകമായി വിനിയോഗിക്കുന്നതിനു പകരം ദുരുപയോഗം ചെയ്തതിന്റെ ഫലമാണിത്. ഈ സ്വാതന്ത്ര്യത്തെ മാധ്യമങ്ങൾ തങ്ങളുടെ സങ്കുചിതവും സ്ഥാപിതവുമായ താല്‍പ്പര്യങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നു. പലപ്പോഴും വാർത്തകൾ ഒഴിവാക്കിക്കൊണ്ടും വാർത്തയുടെ ആംഗിളുകളില്‍ മാറ്റം വരുത്തിയുമൊക്കെയാണ് അത്തരം താല്‍പ്പര്യങ്ങൾ സംരക്ഷിച്ചുപോരുന്നത്. അതിപ്പോൾ വളരെ കൗശലത്തോടെയാണ് നടപ്പാക്കപ്പെടുന്നത്. വാർത്താവായനയുടെ മോഡുലേഷനുകളില്‍പ്പോലും അത്തരം താല്‍പ്പര്യങ്ങൾ പ്രകടമാകുന്നത് പലപ്പോഴും കാണാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളെ മറികടക്കാനുള്ള വഴിയാണ് ഇന്റർനെറ്റ്. സമൂഹത്തിലെ നിക്ഷിപ്ത താല്‍പ്പര്യക്കാർ എതിർചേരികളില്‍ നില്‍ക്കുമ്പോഴും അവരുടെ താല്‍പ്പര്യങ്ങള്‍ ഒന്നിച്ചുനീങ്ങുന്നതിന്റെ പ്രകടമായ വർത്തമാനകാല ഉദാഹരണങ്ങൾ യഥേഷ്ടമാണ്. അങ്ങിനെയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി ഏതെല്ലാം വിധം ഉപയോഗിക്കപ്പെടുമെന്ന്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

Tags: