ബാലശങ്കറിന്റെ പരസ്യ പ്രസ്ഥാവന കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ?

Glint desk
Thu, 18-03-2021 12:56:05 PM ;

കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കി എന്ന ആര്‍ ബാലശങ്കറിന്റെ പ്രസ്ഥാവന കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടും അറിവോടും കൂടി. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം തനിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം സംഘടനാതലത്തിലും മല്‍സര രംഗത്തുമൊക്കെ തിരുകിക്കേറ്റുന്നതില്‍ കേന്ദ്രം ഇടപെട്ട് തുടങ്ങിയതിന്റെ വ്യക്തമായ തെളിവാണ് ആര്‍ ബാലശങ്കര്‍ നടത്തിയ പരസ്യ പ്രസ്ഥാവനയും തുടര്‍ന്ന് ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് അനുവദിച്ചുകൊണ്ട് വന്ന തീരുമാനവും. 

സംസ്ഥാന നേതൃത്വം ശോഭയെ ഇക്കുറി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കേണ്ടതില്ല എന്ന ദൃഢമായ തീരുമാനം എടുത്തിരിക്കുകയായിരുന്നു. അഥവാ മല്‍സരിക്കുകയാണെങ്കില്‍ ജയ സാധ്യത തീരെ ഇല്ലാത്ത മണ്ഡലങ്ങളില്‍ നിര്‍ത്താനായിരുന്നു ശ്രമവും. എന്നാല്‍ അതിനോട് ശോഭാ സുരേന്ദ്രന്‍ തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആദ്യത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വി മുരളീധരന്റെ കാര്‍മ്മികത്വത്തിലുള്ള സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും തങ്ങള്‍ക്ക് പ്രിയമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി പട്ടിക പ്രഖ്യാപിക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. 

എന്നാല്‍ ബാലശങ്കറിന്റെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ തുടക്കത്തില്‍ തീരുമാനിക്കപ്പെട്ടതായിരുന്നു. ബാലാ, വേഗം മണ്ഡലത്തിലേക്ക് പോയി പ്രവര്‍ത്തനം ആരംഭിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഒരു മാസം മുമ്പ് ആര്‍ ബാലശങ്കറിനോട് നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.ഡി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നിര്‍ദേശത്തിന്റെ ഫലമായിട്ടാണ് ബാലശങ്കര്‍ ഒരു മാസം മുമ്പ് ചെങ്ങന്നൂരില്‍ എത്തി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ക്രിസ്ത്യന്‍ സഭാംഗങ്ങളുടെയും എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പുഷ്പഗിരി ആശുപത്രി ട്രസ്റ്റിന്റെ മാനേജ്‌മെന്റ് പ്രതിനിധി ആര്‍ ബാലശങ്കറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും പരസ്യമായി ആര്‍ ബാലശങ്കറിന് പിന്തുണ പ്രഖ്യാപിച്ചു. ഈ സഭകളും സാമുദായിക സംഘടനകളും എല്ലാം ദില്ലിയില്‍ നിന്ന് പല നിര്‍ണ്ണായക ഘട്ടങ്ങളിലും ബാലശങ്കര്‍ വഴി ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ട്. ഈ പ്രതിബദ്ധതയാണ് സാമൂദായിക സംഘടനകളെയും സഭകളെയും കൊണ്ട് ബാലശങ്കറിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ ഇടയായത്. വരും ദിവസങ്ങളില്‍ തിരഞ്ഞെുപ്പ് പ്രചാരണം എങ്ങനെ ആയിരിക്കണം നീങ്ങേണ്ടത് എന്നതിന്റെ രൂപരേഖ വരെ ബാലശങ്കര്‍ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലശങ്കറിന് സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാകുന്നതും അദ്ദേഹം തിരിച്ച് ദില്ലിക്ക് പോകുന്നതും. 

സംസ്ഥാന നേതൃത്വത്തില്‍ ഏറെ നാളായി തുടര്‍ന്ന് വരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെയും മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ അടിച്ചമര്‍ത്തല്‍ ആധിപത്യ സ്വഭാവത്തിന്റെയും ഫലമായിട്ടാണ് ബാലശങ്കറിന് സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ ആവലാതികള്‍ വളരെ നാളുകളായി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്. എന്നാല്‍ വി മുരളീധരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ മേല്‍ക്കൈ കാരണം കേന്ദ്ര നേതൃത്വത്തിനും കാര്യമായി ഇടപെടാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നിശ്ചയിച്ച ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നിഷേധിച്ച അവസരം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അതിന്റെ ആദ്യപടിയാണ് ബാലശങ്കറിന്റെ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ചെങ്ങന്നൂര്‍ ആറന്മുള മണ്ഡലങ്ങളില്‍ ഇതിനകം ഡീല്‍ നടന്നു കഴിഞ്ഞു എന്ന പരസ്യ പ്രസ്ഥാവന നടത്തിയത്. ഇതിന്റെ തൊട്ടുപിന്നാലെയാണ് കേരളത്തിലെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കഴക്കൂട്ടം ശോഭാ സുരേന്ദ്രന് നല്‍കിക്കൊണ്ട് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായത്. 

കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അതില്ലാതെയാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തുഷാര്‍ വെള്ളാപ്പിള്ളിയെ കഴക്കൂട്ടത്ത് മല്‍സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം നടന്നത്. തുഷാര്‍ പകുതി മനസ്സോടെ അതിനിറങ്ങി തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തുഷാറിന് വ്യക്തമായ നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. ഇതോടെയാണ് തുഷാര്‍ പിന്മാറുകയും ഉടന്‍ തന്നെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതും. ഇതോടെ കേന്ദ്ര നേതൃത്വം ശരിക്കും സംസ്ഥാന നേതൃത്വത്തിന് മുകളില്‍ പിടിമുറുക്കിയിരിക്കുന്നു. ഇനി തിരഞ്ഞെടുപ്പിന് ശേഷം പല നാടകീയ മാറ്റങ്ങളും കേന്ദ്ര നേതൃത്വം കേരളത്തിലെ ബി.ജെ.പി നേതൃത്വ തലത്തില്‍ ഉണ്ടാക്കുമെന്ന ശക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

Tags: