ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

Glint desk
Thu, 25-02-2021 05:51:10 PM ;

ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു തരൂരിന്റെ വില മനസ്സിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അത് തിരിച്ചറിയുകയാണ്. ഏറ്റവുമൊടുവില്‍ പുറത്ത് വന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേയില്‍ തരൂരിന് കിട്ടിയ പിന്തുണ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് 42 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെന്നും 27 ശതമാനം പേര്‍ ശശി തരൂര്‍ എന്നുമാണ് ഉത്തരം നല്‍കിയത്. തരൂരിനും പിന്നിലാണ് രമേശ് ചെന്നിത്തല. ദേശീയ നേതൃത്വത്തിനും തരൂരിന്റെ ജനസ്വാധീനം ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മത്സരിപ്പിച്ചേക്കുമെന്ന സൂചനകള്‍ സജീവമാണ്. പാര്‍ട്ടിക്കുള്ളിലും തരൂരിന് അനുകൂമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷേ പഴയ കോണ്‍ഗ്രസായിരുന്നെങ്കില്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ഗൗനിക്കേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിച്ചിട്ടുണ്ട്. കൃത്യമായ പഠനത്തിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് നിയസഭാതിരഞ്ഞെടുപ്പ് അവര്‍ കരുക്കള്‍ നീക്കുന്നത്. എ.ഐ.സി.സി നിതാന്ത ജാഗ്രതയാണ് കേരളത്തില്‍ പുലര്‍ത്തുന്നത്. 

കഴിഞ്ഞ ഒരു മാസത്തിന് മുമ്പ് വരെ ശശി തരൂരിനെ അവഗണിച്ചിരുന്ന പാര്‍ട്ടിയും നേതാക്കളും ഇപ്പോള്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന് തക്കതായ ഒരു കാരണമുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം എ.ഐ.സി.സി ഒരു രഹസ്യ സര്‍വേ കേരളത്തില്‍ നടത്തിയിരുന്നു. പ്രൊഫഷണല്‍ ഏജന്‍സികളെ വച്ചായിരുന്നു സര്‍വേ. ഇതില്‍ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നേതാക്കളേക്കാല്‍ ജനപിന്തുണ ശശി തരൂരിനായിരുന്നു. യുവാക്കള്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും തരൂരിന് വന്‍ സ്വാധീനമുള്ളതായി സര്‍വേയിലൂടെ ദേശീയ നേതൃത്വത്തിന് മനസ്സിലായി. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുന്നതും പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ചുമതല നല്‍കുന്നതും. 

പിന്നാലെ സംസ്ഥാനത്ത് ഉടനീളം നടന്ന ടോക് ടു തരൂര്‍ ചര്‍ച്ചകള്‍ക്ക് വലിയ ജനപിന്തുണയാണ് കിട്ടിയത്. പ്രത്യേകിച്ച് യുവാക്കുളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്ന്. തരൂരിനെപ്പോളും സ്വതന്ത്രമായി നിലപാടാണുള്ളത്. വസ്തുനിഷ്ടമായിട്ടേ അദ്ദേഹം കാര്യങ്ങളേ കാണാറുള്ളൂ. നമ്മുടെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ഭാവിക്കുറിച്ചും ഒരു പോലെ ഗ്രാഹ്യമുള്ള നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിലപാടുകളില്‍ വ്യക്തതയുമുണ്ടാകും. അതാണ് തരൂരിനെ ജനങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണം. ഇനി പാര്‍ട്ടിയുടെ കാര്യത്തിലേക്ക് വന്നാല്‍ നേതാക്കളെ ഒഴിച്ച് നിര്‍ത്തിയാല്‍ തരൂരിന് ഗ്രൂപ്പിനതീതമായ അണികളുടെ പിന്തുണയുണ്ട്. ഈ ഘടകങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഏറ്റവും യോഗ്യനായ നേതാവാണ് അദ്ദേഹം. നിലവിലെ സൂചനകള്‍ അനുസരിച്ച് ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള വട്ടിയൂര്‍കാവിലോ നേമത്തോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. എന്തായാലും ഒന്നുറപ്പാണ് തരൂര്‍ സ്ഥാനാര്‍ത്ഥിയായാല്‍ അതിന്റെ ഗുണം യു.ഡി.എഫിന് സംസ്ഥാനത്തുടനീളം കിട്ടും.

Tags: