മാധ്യമങ്ങള്‍ സൃഷ്ടിച്ച സാമൂഹിക വൈകൃതം

Glint desk
Sun, 24-01-2021 05:42:03 PM ;

രഹ്ന ഫാത്തിമയും മനോജ് ശ്രീധറും പിരിഞ്ഞു. അത് ആഘോഷിക്കാനായി മനോജ് ശ്രീധര്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തുമെന്ന് അറിയിക്കുകയുണ്ടായി. കേരളത്തിലെ മിക്കവാറും ചാനലുകള്‍ അത് സവിസ്തരം കവര്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് ന്യായമായി കരുതാം. തുടര്‍ന്ന് പത്രങ്ങളിലും അതിന്റെ വിശദമായ പൈങ്കിളി കഥകള്‍ വായിക്കാന്‍ കഴിയും. അതിന് ശേഷം ഈ ചെയ്ത പുരോഗമനപരമായ പ്രവൃത്തിയെ ഉദാത്തികരിച്ചുകൊണ്ട് രഹ്ന ഫാത്തിമയുടെ കവര്‍ പേജോടുകൂടി മുഖ്യധാരാ വനിതാ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങാനും സാധ്യതയുണ്ട്. കാരണം രഹ്ന ഫാത്തിമ, ബോധപൂര്‍വം സൃഷ്ടിച്ച പല വിവാദങ്ങള്‍ ആഘോഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ ഒരു സാമൂഹിക കഥാപാത്രമാണ്. വളരെ എരിവും പുളിയുമുള്ള സംഭവങ്ങള്‍ ചിലപ്പോള്‍ രഹ്ന ഫാത്തിമ പറഞ്ഞുവെന്നിരിക്കും. മനോജ് ശ്രീധറും അത്തരം ഉള്‍ക്കഥകള്‍ പങ്കുവെക്കാന്‍ സാധ്യതയുണ്ട്. രണ്ട് പേരും ചേര്‍ന്നു കൊണ്ടുള്ള ജീവിതത്തിലെ രഹസ്യാത്മകതകളിലേക്ക് ഒളിഞ്ഞുനോട്ടത്തിന്റെ ആസ്വാദനം പകര്‍ന്നു കൊണ്ടുള്ള ഒട്ടേറെ കഥകള്‍ പ്രതീക്ഷിക്കാം. അതിനെ പരസ്യപ്പെടുത്തിക്കൊണ്ടുള്ള വനിതാ പ്രസിദ്ധീകരണങ്ങള്‍ക്കും സാധ്യതയുണ്ട്. രണ്ട് പേരെയും ഒന്നിച്ചു പങ്കെടുപ്പിച്ചു കൊണ്ട് പിരിയാനുള്ള കാരണം തിരക്കിയുള്ള ടോക്ക് ഷോകള്‍ നടത്താം. ഇങ്ങനെ പല വിഭവങ്ങളും വരും ദിവസങ്ങളില്‍ മലയാളികളെ കാത്തിരിക്കുന്നുണ്ട്. 

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഒരു ഇടതുപക്ഷ സംസ്‌കാരത്തിന്റെ സഹതാപം അര്‍ഹിക്കുന്ന ഇരയായിട്ടു വേണം രഹ്ന ഫാത്തിമയെ കാണാന്‍. വളരെയധികം സഹതാപം അര്‍ഹിക്കുന്ന ഒരു സ്ത്രീയായിട്ട് കേരള സമൂഹത്തിന്റെ മുന്‍പില്‍ അവര്‍ നില്‍ക്കുകയാണ്. രഹ്ന ഫാത്തിമയും മനോജ് ശ്രീധറും വേര്‍ പിരിഞ്ഞത് കേട്ടിട്ട് അവള്‍ക്കത് തന്നെ വേണം എന്ന് പറയുന്നവരും കാണും. കാരണം അത്തരത്തിലുള്ള വൈകൃതങ്ങളുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് രഹ്ന ഫാത്തിമ സമൂഹമധ്യത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സമൂഹത്തില്‍ ഒട്ടേറെ അനാരോഗ്യകരമായ സാമൂഹിക തരംഗങ്ങളെ വിന്യസിച്ചതും. ഒരു മനോവൈകൃതം ബാധിച്ച ഒരു വ്യക്തിയുടെ സ്വഭാവ പ്രകടനങ്ങളായിട്ട് മാത്രമെ തുടക്കം മുതലുള്ള രഹ്ന ഫാത്തിമയുടെ ശ്രദ്ധ പിടിച്ചുപറ്റല്‍ ശ്രമങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. ഇടതുപക്ഷ മനോഭാവ സംസ്‌കാരത്തിന്റെ ഇര എന്ന് പറയാന്‍ കാരണം എന്തിനെയും എതിര്‍ക്കുക, ആ എതിര്‍പ്പ് പുരോഗമനപരമാക്കി മാറ്റുക, ഏത് വിഷയം വന്നാലും ഇഷ്ടമുള്ള രീതിയില്‍ ജീവിക്കുക തുടങ്ങിയ കാര്യങ്ങളെ പുരോഗമനപരമായി സ്വാഗതം ചെയ്യുന്ന ഒരു സംസ്‌കാരം ഇടതുപക്ഷം കേരളത്തില്‍ പുരോഗമനത്തിന്റെ മുദ്ര ചാര്‍ത്തി പ്രചരിപ്പിക്കുകയുണ്ടായി. ഇതെല്ലാം പാശ്ചാത്യലോകത്തില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട കാര്യങ്ങളാണ് എന്നത് വിസ്മരിച്ചുകൂട. ഇടതുപക്ഷത്തിന്റെ ബുദ്ധിജീവികള്‍ എല്ലാം തന്നെ പിന്തുടരുന്ന പ്രമാണം എന്ന് പറയുന്നത് പാശ്ചാത്യ പ്രമാണമാണ്. ആ പ്രമാണത്തിലൂടെ പൗരസ്ത്യമായ ഇന്ത്യയെ നോക്കിക്കാണുന്ന സമീപനമാണ് ബുദ്ധിജീവികളും ഇടതുപക്ഷവും പൊതുവെ സ്വീകരിക്കുന്നത്. ഇത് പറഞ്ഞുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇടതുപക്ഷ ഭാഗത്തുള്ളവരും ബുദ്ധിജീവികളും പറയുന്നവരെ ആര്‍.എസ്.എസുകാരോ സംഘികളോ ആക്കി മുദ്രകുത്തുകയും ചെയ്യും. ഈ മാനസികാവസ്ഥയും കാഴ്ചപ്പാടും തന്നെയാണ് മാധ്യപ്രവര്‍ത്തകരും ഇപ്പോള്‍ സ്വീകരിക്കുന്നത്.

സംഘട്ടനമാണ് വാര്‍ത്തക്ക് പ്രാധാന്യം സൃഷ്ടിക്കുന്നത്. കൂടുതല്‍ പേര് വായിക്കുകയും കാണുകയും ചെയ്യുന്നത് സംഘട്ടനം നിറഞ്ഞ വാര്‍ത്തകളാണ് എന്ന ധാരണ മാധ്യമലോകത്തെ അടക്കിവാഴുന്നതിന്റെ കാരണം അത് തന്നെയാണ്. ഇത്തരം സംസ്‌കാരത്തില്‍ നിന്നും നിലവിലുള്ള എന്തിനെയും വെല്ലുവിളിക്കുന്ന സമീപനങ്ങള്‍ പുരോഗമനത്തിന്റെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഇതിനെ വിമര്‍ശിക്കുന്നവരുടെ നാവടപ്പിക്കുന്നു. ഈ ഒരു സംസ്‌കാരത്തിന്റെ ഇരയാണ് രഹ്ന ഫാത്തിമ. രഹ്ന ഫാത്തിമ മാത്രമല്ല കേരളത്തില്‍ ധാരാളം പേര്‍ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ച് ജീവിക്കുന്നവരുണ്ട്. അവര്‍ ഇത് കൊട്ടിഘോഷിക്കുന്നില്ല എന്ന് മാത്രം. 17 വര്‍ഷം രഹ്ന ഫാത്തിമയും മനോജും ഒന്നിച്ച് ജീവിച്ചു. ഇതിനിടയിലുള്ള പല കാര്യങ്ങളും അവര്‍ സമൂഹമധ്യത്തില്‍ കൊണ്ടു വന്ന് പ്രദര്‍ശിപ്പിക്കുകും അതിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെയെല്ലാം പ്രോല്‍സാഹിപ്പിച്ചത് കേരളത്തിലെ മാധ്യമങ്ങളാണ്. ഒരു സാമൂഹിക വിഷയം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ടി.ആര്‍.പി റേറ്റ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പല മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. സാമൂഹികമായ ലക്ഷ്യത്തില്‍ നിന്ന് മാറി സ്ഥാപനത്തിന്റെ സാമ്പത്തിക ലക്ഷ്യം മാത്രം കണ്ടുകൊണ്ടാണ് പല മാധ്യമങ്ങളും മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഈ രീതി കാരണമാണ് രഹ്ന ഫാത്തിമയെ പോലുള്ള വ്യക്തികള്‍ പല കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പാട്ടാക്കുന്നത്. പോക്‌സോ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് രഹ്ന ഫാത്തിമ. സ്വന്തം മകനെ കൊണ്ട് തന്റെ നഗ്നമായ മാറില്‍ ചിത്രം വരപ്പിച്ച് അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സാമൂഹിക അസ്വസ്ഥത സൃഷ്ടിച്ച, മാതൃത്വത്തെ വൈകൃതമാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. 

ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി അനുവദിച്ചപ്പോള്‍ സ്ത്രീകളെ ശബരിമലില്‍ കയറ്റുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ ആദ്യം തിരഞ്ഞെടുത്തതും രഹ്ന ഫാത്തിമയെയാണ്. ലിവിങ് ടുഗതറിന്റെ മാഹാത്മ്യം അറിയിക്കുന്നതിനായി ചാനലുകള്‍ രഹ്ന ഫാത്തിമയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചകളും നടത്തുകയുണ്ടായി. ഇവിടെയെല്ലാം ചാനലുകളുടെ ലക്ഷ്യം സ്ത്രീ-പുരുഷ ബന്ധത്തെ വെറും ലൈംഗിക ബന്ധമായി കണ്ടുകൊണ്ട് മുന്നോട്ട് നയിക്കുന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ വരുന്നത്. അതാണ് പുരോഗമനം എന്നാണ് ചിലരുടെ ധാരണ. ഈ പശ്ചാത്തലത്തിലാണ് രഹ്ന ഫാത്തിമ പലപ്പോഴും ശ്രദ്ധ നേടിയത്. സ്വന്തം മകനെ കൊണ്ട് തന്റെ മാറില്‍ ചിത്രം വരച്ച് പോസ്റ്റ് ചെയ്തതിന് പിന്നാലെ രഹ്ന ഫാത്തിമയും മനോജും ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. ഏന്ത് പുരോഗമനത്തിനാണ് രഹ്ന ഫാത്തിമ കാരണമാകുന്നത് എന്ന വ്യക്തമായ ധാരണയോടെയായിരിക്കണം രഹ്ന ഫാത്തിമയെ ചര്‍ച്ചയ്ക്ക് ക്ഷണിക്കേണ്ടത്. ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത് തന്നെ ഒരു മാധ്യമത്തിന്റെ ഭാഗത്ത് നിന്നുള്ള സാമൂഹിക അംഗീകാരമാണ്. ഇത്തരത്തിലുള്ള അംഗീകാരമാണ് രഹ്ന ഫാത്തിമയില്‍ നിന്നും ഇത്രയും അസ്വസ്തതകള്‍ കേരള സമൂഹം ഏറ്റു വാങ്ങുന്നതിന് കാരണമായത്. ഇപ്പോള്‍ രഹ്ന ഫാത്തിമയും മനോജും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചതും പുരോഗമനപരമായ നീക്കമാണെന്നും അതും കേരളം ആഘോഷിക്കണമെന്നുമാണ് അവരുടെ ആഹ്വാനം. അത് കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്നുള്ള ഉറപ്പ് തന്നെയായിരിക്കണം ഇതിനെ തുടര്‍ന്ന് പാര്‍ട്ടി നടത്തും എന്ന് പറയാന്‍ മനോജ് ശ്രീധറിനെ പ്രേരിപ്പിച്ചത്. കേരളത്തിലെ മാധ്യമങ്ങള്‍ സൃഷ്ടിച്ച സാമൂഹിക വൈകൃതമായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ.

Tags: