ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇവരെ സ്ഥിരപ്പെടുത്തണം; പുരോഗമനവാദം പറയുന്നവരുടെ പുരോഗമന വിരുദ്ധ നിലപാടുകള്‍

Glint desk
Tue, 12-01-2021 06:38:39 PM ;

സംവിധായകന്‍ കമല്‍ പുരോഗമനപരമായ നിലപാടുകളോട് യോജിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കത്ത് പ്രകാരം അദ്ദേഹം ചലച്ചിത്ര അക്കാദമിയിലെ നിയമനത്തിനായി പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ വിവാദമായി നിലനില്‍ക്കുന്നത്. ഇടതുപക്ഷ അനുഭാവികളായത് കൊണ്ട് അവരെ ചലച്ചിത്ര അക്കാദമിയില്‍ നിയോഗിച്ച് കഴിഞ്ഞാല്‍ ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.

നാല് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമല്‍ നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമല്‍ ഇത്തരമൊരു കത്ത് മന്ത്രി എ.കെ ബാലന് നല്‍കിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്. 

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

നമ്മുടെ നാട്ടില്‍ പൊതുവെ ഇടതുപക്ഷം എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സി.പി.എം അല്ലെങ്കില്‍ എല്‍.ഡി.എഫ് എന്നുള്ളതാണ്. ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം ഹൃദയപക്ഷം അല്ലെങ്കില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നവര്‍ എന്നാണ്. കമല്‍ ഈ സാഹചര്യത്തില്‍ ഇടതുപക്ഷം എന്നത് കൊണ്ട് ഉദ്ദേശിച്ചത് എല്‍.ഡി.എഫ് ആണോ അതോ ഹൃദയപക്ഷം എന്നുള്ള ഉദ്ദേശത്തിലാണോ പറഞ്ഞത് എന്നത് വ്യക്തമല്ല. ഇതില്‍ ഏതായാലും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന നിലപാടുകളേയും വിപ്ലവകരമായ സമീപനങ്ങളേയുമെല്ലാം പിന്നോട്ടടിക്കുന്ന സംഭവമാണിത്. വ്യവസ്ഥാപിതമായ ഒരു സമൂഹത്തില്‍ അതിന്റേതായ കടമ്പകള്‍ കടക്കാതെ നിയമനങ്ങള്‍ ലഭിക്കുന്നു എന്ന് പറയുന്നത് ഒരിക്കലും ഒരു പുരോഗമനപരമായ നിലപാടല്ല. ഇത് പുരോഗമന വിരുദ്ധമായ നിലപാട് തന്നെയാണ്. ഏതെങ്കിലും ഒരുപക്ഷക്കാരായത് കൊണ്ട് അവര്‍ക്ക് നിയമനം കൊടുക്കണം എന്ന് പറയുന്നത് അതിനേക്കാള്‍ വലിയ പുരോഗമന വിരുദ്ധതയാണ്. 

കമല്‍ എന്ന വ്യക്തിയുടെ നിലപാടുകളോടും സമീപനങ്ങളോടും അദ്ദേഹത്തിന്റെ കലാസൃഷ്ടികളോടും ആഭിമുഖ്യം പുലര്‍ത്തുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നവരിലേക്ക് ഈ ഒരു നടപടിയിലൂടെ അദ്ദേഹം കൊടുക്കുന്ന സന്ദേശം എന്ന് പറയുന്നത് തീര്‍ത്തും പുരോഗമന വിരുദ്ധമാണ്. 

Tags: