കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടല്‍ ആരംഭിച്ചിരിക്കുകയാണ്. ഓര്‍ത്തഡോക്സ് സഭാ നേതൃത്വവുമായി തിങ്കളാഴ്ച നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച യാക്കോബായ സഭാ നേതൃത്വവുമായും മോദി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന് പിള്ളയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. സഭാതര്‍ക്കം മാത്രമല്ല ക്രൈസ്തവ സഭകളുടെ മറ്റ് പ്രശ്നങ്ങള്‍ കൂടി പ്രധാനമന്ത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ജനുവരി ആദ്യവാരം കത്തോലിക്കാ വിഭാഗത്തെയും പ്രധാനമന്ത്രി നേരില്‍ കാണും. സംസ്ഥാനത്തെ ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലടക്കം ക്രിസ്ത്യന്‍ വിഭാഗത്തിന് നിലവില്‍ അതൃപ്തിയുണ്ട്. ഈ അവസരം പരമാവധി ഉപയോഗിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം മുന്‍കൈ എടുത്താണ് കാര്യങ്ങള്‍ നീക്കുന്നത്. ബി.ജെ.പിയുടെ കേരള നേതൃത്വത്തിന് പകരമായി മിസോറാം ഗവര്‍ണറായ ശ്രീധരന്‍പിള്ളയാണ് വിഷയത്തില്‍ ഏകോപനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കാലങ്ങളായി തുടരുന്ന യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം സുപ്രീംകോടതിയുടെ അന്തിമവിധിയുണ്ടായിട്ടും അവസാനിച്ചിട്ടില്ല. തൊട്ടാല്‍ പൊള്ളുമെന്ന് പേടിച്ച് കേരളത്തിലെ പ്രധാനമുന്നണികളായ യു.ഡി.എഫും എല്‍.ഡി.എഫും അവിടെയും ഇവിടെയും തൊടാത്ത നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചുപോരുന്നത്. ഒരു ഭാഗത്തെ അനുകൂലിച്ചാല്‍ മറു ഭാഗത്തെ വോട്ട് പോകുമെന്നതാണ് കാരണം. ഇവിടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പുത്തന്സാധ്യകള് കാണുന്നത്. അവര്‍ക്ക് കേരളത്തില്‍ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ നേടാനേറെയുണ്ട് താനും. യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും ഭിന്നിച്ചെത്തുന്ന ഭൂരിപക്ഷ വോട്ടുകള്‍ കൊണ്ട് മാത്രം കേരളത്തില്‍ വളരാനാവില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തിലും കാര്യമായി പ്രതീക്ഷയില്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ സഭാതര്‍ക്കത്തില്‍ ഇടപെട്ട് ചെറിയൊരു ധാരണയെങ്കിലുമുണ്ടാക്കാനായാല് അത് പാര്‍ട്ടിക്ക് വലിയ നേട്ടമാകും. സഭാതര്‍ക്കത്തിന്റെ പേരില്‍ സമാധാനമായി അന്ത്യകര്‍മ്മങ്ങള്‍ പോലും പൂര്‍ത്തിയാക്കാനാകെ വിഷമിക്കുകയാണ് ഇരുസഭകളിലെയും ആള്ക്കാര്. അക്കാര്യത്തില്‍ പോലും ഒരു പരിഹാരമുണ്ടായാല്‍ സ്വാഭാവികമായും ബി.ജെ.പിക്ക് പിന്തുണ കിട്ടും.
ബി.ജെ.പിയെ ഒരു തൊട്ടുകൂടാത്ത പാര്‍ട്ടിയായി ക്രിസ്തീയ വിഭാഗം ഒരിക്കലും കാണുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി ഉള്‍പ്പടേയുള്ള കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിക്കുണ്ടായ നേട്ടം അതിനുദാഹരണമാണ്. ന്യൂനപക്ഷ ഫണ്ട് വിതരണത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ തഴയപ്പെടുന്നു എന്ന വികാരം ക്രൈസ്തവര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നുണ്ട്. ആ ഒരു വികാരത്തെ ആളിക്കത്തിക്കും വിധം കേരളത്തിലെ പല ബി.ജെ.പി നേതാക്കളും പ്രതികരിക്കുന്നത് നാം കണ്ടിട്ടുമുണ്ട്. തങ്ങള്‍ക്ക് കൂടുതല്‍ ആനൂകൂല്യങ്ങള്‍ കേന്ദ്രം നല്കിയാല് നാളെ സഭാ നേതൃത്വങ്ങള്‍ തന്നെ ബി.ജെ.പിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചേക്കാം. അങ്ങനെ വന്നാല്‍ കേരളത്തിലെ വോട്ടിങ് പാറ്റേണ്‍ മാറിമറിയും. ബി.ജെ.പി നിര്‍ണായക ശക്തിയായി വളരുകയും ചെയ്യും. അതുമുന്നില് കണ്ടുകൊണ്ട് തന്നെയാണ് മോദി തന്നെ ഈ ഉദ്യമത്തില്‍ പങ്കാളിയാകുന്നത്.