കോവിഡാനന്തര പുസ്തകോത്സവങ്ങളില്‍ സംഭവിക്കുന്നത്

അജീഷ് ജി ദത്തന്‍
Mon, 28-12-2020 06:34:51 PM ;

ഇന്നലെ യാദൃശ്ചികമായാണ് പുസ്തകോത്സവം നടക്കുന്ന കൊല്ലം ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോയത്. എല്ലാ വര്‍ഷവും പോകാറുണ്ട്. പുസ്തകങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പുസ്തകങ്ങള്‍ വാങ്ങാന്‍ അനുവദിച്ചില്ല. എല്ലാത്തവണയും ചെറിയ പ്രസാധകരുടെ സ്റ്റാളുകളില്‍ കയറി ടൈറ്റിലുകള്‍ നോക്കുകയും അവരോടു സംസാരിക്കുകയും ചെയ്യാറുണ്ട്. അതില്‍ കുറെ പേരൊക്കെ സൗഹൃദത്തില്‍ ഉള്ളവരുമാണ്. ഇന്നലെയും അങ്ങനെ സംസാരിക്കുകയുണ്ടായി. വളരെ കഷ്ടമാണ് ചെറുകിട പ്രസാധകരുടെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ലൈബ്രറി കൗണ്‍സില്‍ മേളകള്‍ വൈകിയത്. അതോടൊപ്പം തന്നെ തിരക്ക് വര്‍ധിക്കാതിരിക്കാന്‍ ഒരു ദിവസം വരുന്ന ലൈബ്രറികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്‌ക്കോ കുടുംബമായോ പുസ്തകം വാങ്ങാന്‍ വരുന്ന ആളുകളും തീരെയില്ല എന്നു തന്നെ പറയണം. കോവിഡ് ആയത് കൊണ്ട് ഓണ്‌ലൈനായി നടത്താമെന്നുള്ള ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്. ഏഴു ദിവസത്തെ  സ്റ്റാള്‍ വാടക തന്നെ 10000 രൂപയാണ്. അത് തന്നെ മുന്‍കൂര്‍ അടയ്ക്കുകയും വേണം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ താമസസൗകര്യം, ഭക്ഷണം, പുസ്തകമെത്തിക്കാനുള്ള ചിലവുകള്‍, ലൈബ്രറികള്‍ക്കുള്ള ഡിസ്‌കൗണ്ട് എല്ലാം കൂടി നോക്കുമ്പോള്‍ വരവിനെക്കാള്‍ ചിലവ് മുന്നിട്ട് നില്‍ക്കും. ഭീമമായ നഷ്ടം സഹിച്ചാണ് ചെറിയ പ്രസാധകര്‍ മേളയില്‍ നില്‍ക്കുന്നത്. 

പല ചെറിയ സ്റ്റാളുകളും ഏതെങ്കിലും മൂലയിലേക്ക് ഒതുക്കുന്നത് എല്ലാത്തവണയും കണ്ടു വരുന്ന പ്രവണതയാണ്. പലപ്പോഴും വലിയ സ്റ്റാളുകളില്‍ കയറി ഇറങ്ങി വരുന്ന ലൈബ്രറി പ്രവര്‍ത്തകരുടെ പോക്കറ്റ് ശൂന്യമായിരിക്കും. ഇന്നലെയും അത്തരം ചില കാഴ്ചകള്‍ കണ്ടതുകൊണ്ടാണ് എടുത്തു പറഞ്ഞത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ വലിയ പ്രസാധക ഗ്രൂപ്പുകള്‍ ഒഴിച്ചു ബാക്കിയുള്ളവരുടെ കാര്യം ദുരന്തമാണ്. വലിയ കമ്പനികളെ സംബന്ധിച്ചു അവര്‍ക്ക് നിരവധി ജീവനക്കാരും സ്റ്റോറുകളും  മറ്റും എല്ലാ ജില്ലകളിലുമുണ്ട്. ഒറ്റയ്ക്ക് നടത്തുന്ന സമാന്തരക്കാരന്റെ അവസ്ഥ അതല്ല. ഒറ്റയ്ക്ക് എല്ലാ ജില്ലകളിലും സ്റ്റാളുകള്‍ ഇടാന്‍ ബുദ്ധിമുട്ടാണ്. ഒരിടത്ത് നടന്നു കൊണ്ടിരിക്കെ മറ്റു ജില്ലകളിലും സമാന്തരമായി പുസ്തകോത്സവം നടക്കുന്നു എന്നാണ് അറിയുന്നത്. തങ്ങളുടെ പരാധീനതകളുമായി എല്ലാ ജില്ലകളിലേക്കും ഓടിയെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ സംഘടിപ്പിക്കപ്പെടുന്ന പുസ്തകോത്സവങ്ങള്‍ കൊണ്ട് ചെറുകിട പ്രസാധകര്‍ക്ക് ഗുണം ഒന്നും ഉണ്ടാകില്ല എന്നു മാത്രമല്ല ഭീമമായ നഷ്ടവും സഹിക്കേണ്ടി വരുന്നു. 

ഇന്നലെ കൊല്ലത്തും സ്ഥിരം ഉണ്ടാകുന്ന പല പ്രസാധകരെയും കാണാന്‍ സാധിച്ചില്ല എന്നുള്ളതിന്റെ പിറകില്‍ ഇതൊക്കെ തന്നെയാകും കാരണങ്ങള്‍ എന്നു കരുതുന്നു. പുസ്തകമെടുക്കാന്‍ വരുന്ന ലൈബ്രറി പ്രവര്‍ത്തകരും ഈ കാര്യത്തില്‍ മനസ്സ് വെക്കേണ്ടതുണ്ട്. സ്വന്തം ലൈബ്രറികളിലെ ഷെല്‍ഫില്‍ ഏതൊക്കെ പുസ്തകങ്ങള്‍ ഉണ്ട് എന്നറിയാതെയാണ് പലരും വരുന്നത്. ഉള്ള പുസ്തകങ്ങള്‍ തന്നെ വീണ്ടും വാങ്ങി കൂട്ടുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്. പുതിയ എഴുത്തുകാരെ കേട്ടിട്ട് പോലും ഇല്ലാത്തവര്‍ ഉണ്ട്. അതുകൊണ്ട് വരുന്നതിന് മുന്നേ കൃത്യമായി പുസ്തകങ്ങള്‍ ലിസ്റ്റ് ചെയ്യുകയും കാറ്റലോഗുകളോ പരസ്യങ്ങളോ നോക്കി പുതിയ പുസ്തകങ്ങള്‍ വാങ്ങാനും ശ്രമിക്കുക. പിന്നെ ഇവിടേക്ക് വരുമ്പോള്‍ ലൈബ്രറിയില്‍ അംഗങ്ങളായ ഏതെങ്കിലും നല്ല രണ്ടു വായനക്കാരെ എങ്കിലും ഒപ്പം കൂട്ടുക. 

എല്ലായിടത്തും കയറി മികച്ച പുസ്തകങ്ങള്‍ വാങ്ങി അവരെ കൂടുതല്‍ സഹായിക്കുക. പല സമാന്തര പ്രസാധകരുടെയും ദുരന്തം നമ്മുടെ മുന്നിലുണ്ട്. നല്ല പുസ്തകങ്ങള്‍  ഇറക്കുകയും പുതിയ എഴുത്തുകാരെ നമ്മുടെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും പൂട്ടിപ്പോകല്‍ അര്‍ഹിക്കുന്നില്ല.

Tags: