കോണ്‍ഗ്രസില്‍ ആകെ കോമഡിയാണ്

Glint Desk
Fri, 25-12-2020 03:04:42 PM ;

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ ഒരേ സമയം പരിഹാസ്യവും അതേ സമയം ഹാസ്യാത്മകവുമായി മാറുന്നു. നിലവില്‍ പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വി വിലയിരുത്തി വരികയാണത്രെ. അതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് വിശദീകരണം തേടിയും പരിശോധനടത്തിയുമൊക്കെയാണ് തോല്‍വി വിലയിരുത്തല്‍ നടക്കുന്നത്. അതിന്റെ ഭാഗമായി ഡി.സി.സികളില്‍ ഇളക്കിപ്രതിഷ്ടയ്ക്കും നേതൃത്വം തയ്യാറെടുക്കുകയാണ്. ഈ പ്രക്രിയകള്‍ പൂര്‍ത്തിയാല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് മുന്‍പില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതലൊന്നും പറയാതിരുക്കുകയാണ് ഭേദം. നേതൃത്വത്തില്‍ തന്നെ നേതൃത്വമില്ലാത്ത സ്ഥിതി. മുല്ലപ്പള്ളി ഈ പ്രോഗ്രസ് റിപ്പോര്‍ട്ട് ആര്‍ക്ക് മുമ്പിലാണ് സമര്‍പ്പിക്കുക? സോണിയ ഗാന്ധിക്ക് മുമ്പിലോ? അതോ രാഹുലിന് മുമ്പിലോ ?  അതുമല്ല പ്രിയങ്കയ്ക്ക് മുമ്പിലോ? 

സംസ്ഥാന നേതൃത്തിലും സമാന അവസ്ഥയാണ്, അതാണല്ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായതും. മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ.പി.സി.സി അധ്യക്ഷന്‍. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും നേതൃശേഷിയില്ലാത്ത അധ്യക്ഷനാണ് മുല്ലപ്പള്ളി എന്ന് പറയാതെ വയ്യ. വ്യക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനപോലും നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ടോ എന്നതും സംശയമാണ്. കേരള ചരിത്രത്തില്‍ ഭരണപക്ഷത്തെ നേരിടാന്‍ ഇത്രയധികം വിഷയങ്ങളും അവസരങ്ങളും കിട്ടിയ പ്രതിപക്ഷം വേറെയില്ല. അതും ഭരണപക്ഷം തന്നെ അവസരമൊരുക്കി കൊടുക്കുകയാണ്. പക്ഷേ മുല്ലപ്പള്ളി രാമന്ദ്രന് ഈ അവസരങ്ങളിലൊന്നിനെ പോലും ആയുധമാക്കി കൈയിലെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. പ്രതിപക്ഷ നേതാവാണ് ഭരണപക്ഷത്തിനെതിരെ  ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം ആദ്യമുയര്‍ത്തിയത്. അദ്ദഹമുന്നയിച്ച ആരോപണങ്ങളൊക്കെയാണ് പിന്നീട് അന്വേഷണങ്ങളായി മാറിയതും. സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നതും തിരുത്തേണ്ടി വന്നതുമൊക്കെ. പക്ഷേ അവിടെയും രമേശ് ചെന്നിലയ്ക്ക് വേണ്ടരീതിയില്‍ ജനങ്ങളിലേക്ക് അത് സന്നിവേശിപ്പിക്കാനിയില്ല എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കാരണം അവേശകരമായ ജനസമ്മിതിയാണ് ഇടതുപക്ഷത്തിന് കിട്ടിയത്. 

കാര്യങ്ങളിങ്ങനെയാണെന്നിരിക്കെ ആണ് ജില്ലാ തലത്തിലെ അഴിച്ചുപണിയിലൂടെ പാര്‍ട്ടിയിലെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പുറപ്പെടുന്നത്. രോഗമെന്താണ് നിര്‍ണയിക്കപ്പെട്ടിട്ടും, ആ രോഗത്തെ കാണാന്‍ തയ്യാറാകാത്തതുപോലെയാണ് കോണ്‍ഗ്രസ് നേതൃത്വം പെരുമാറുന്നത്. മസ്തിഷ്‌കത്തിന്‍ തകരാറ് പറ്റിയ ഒരു വ്യക്തിക്ക് കാലില്‍ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമത്തിന് സമാനമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

Tags: