ഈ ജനവിധിയുടെ ബലത്തില്‍ ഇനിയെന്ത്?

എസ്.ഡി വേണുകുമാര്‍
Wed, 16-12-2020 03:10:17 PM ;

മുഖ്യമന്ത്രി പിണറായി വിജയന് നെടുവീര്‍പ്പിടാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിധി അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്‍ക്കുന്നതാണ്. ത്രിതല പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉറപ്പാക്കുന്ന ജനവിധി ലഭിച്ച സാഹചര്യമാണ് പ്രധാനം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലൂടെ സര്‍ക്കാരും സ്പീക്കറും മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരുമടക്കം വിവാദങ്ങളില്‍ കുരുങ്ങി നില്‍ക്കുന്നു. ചിലര്‍ പ്രതികളായി ജയിലുകളില്‍ കഴിയുന്നു. സര്‍ക്കാരിന്റെ ചില സ്വപ്ന പദ്ധതികള്‍ സംശയ നിഴലിലായിരിക്കുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും ഭിന്ന സ്വരമുയരുന്നു. ഒരു ഇടതു മുഖ്യമന്ത്രി മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണങ്ങള്‍ക്കു നടുവില്‍ നില്‍ക്കെയായിരുന്നു പിണറായി വിജയന്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതാണ് ശ്രദ്ധേയം. 

ഉണ്ടായ വിവാദ കോലാഹലങ്ങള്‍ വച്ചു നോക്കിയാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി ഉണ്ടാവേണ്ടതാണ്. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. വീണു പോയത് ഐക്യജനാധിപത്യ മുന്നണിയാണ്. യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്നവകാശപ്പെട്ട എന്‍.ഡി.എ.ക്കാകട്ടെ അതിനു തക്ക നേട്ടമുണ്ടാക്കാനായതുമില്ല. ഈ അന്തരീക്ഷം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പകരുന്ന ആത്മവിശ്വാസം ചെറുതല്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണല്ലോ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അന്വേഷണം തുടരുന്നതേയുള്ളു. ഇപ്പോഴത്തെ ജനവിധി ഈ അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനുള്ള ഒരു ഉത്തേജക മരുന്നായി മുഖ്യമന്ത്രി ഉപയോഗിക്കാതിരിക്കില്ല. തനിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ത്തി വിട്ട ആക്ഷേപങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹത്തിനവകാശപ്പെടാം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുമായി ഒരു മല്ല യുദ്ധത്തിന് മുഖ്യമന്ത്രി പുറപ്പെട്ടു കൂടായ്കയില്ല.

ഈ ജനവിധി അത്തരമൊരു സാഹസത്തിന് മുതിരാനുള്ള ബ്ലാങ്ക് ചെക്ക് ആണോ എന്നും പരിശോധിക്കണം. രാഷ്ട്രീയ പ്രബുദ്ധത ഏറെയുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ കടുത്ത രാഷ്ട്രീയമുള്ളവര്‍ 70 ശതമാനത്തിലധികംവരില്ല. ബാക്കി വരുന്നവര്‍ അപ്പോഴത്തെ സാഹചര്യം നോക്കി വോട്ടുചെയ്യുന്നവരാണ്. ഇവരുടെ വോട്ടാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനൊപ്പം സ്ഥാനാര്‍ത്ഥികളും പ്രധാനമാണ്. രാഷ്ട്രീയം + മികച്ച സ്ഥാനാര്‍ത്ഥി എന്ന ഫോര്‍മുല പ്രയോഗിക്കുന്ന കക്ഷികള്‍ക്ക് വിജയമുറപ്പിക്കാം. ഒപ്പം പ്രവര്‍ത്തനത്തിന് സംഘടനാ മികവും വേണം. സര്‍ക്കാരും മുന്നണിയും അകപ്പെട്ട കത്രിക പൂട്ടില്‍ നിന്നു പുറത്തുകടക്കാന്‍ ഈ അടവുകള്‍ എല്ലാം വിവേകപൂര്‍വ്വം പയറ്റുന്നതില്‍ അസാമാന്യ മിടുക്കാണ് ഇടതുമുന്നണി പ്രകടിപ്പിച്ചത്.

ഒരിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഇക്കുറി നിര്‍ബ്ബന്ധ ബുദ്ധി പ്രകടിപ്പിച്ചില്ല. ഘടകകക്ഷികളോട് ബലാബലത്തിനും നിന്നില്ല. ജയ സാധ്യത നോക്കി സ്വതന്ത്രരെ നിര്‍ത്തി വിജയിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചു. മധ്യ തിരുവിതാംകൂറില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം വന്നത് ബൂസ്റ്റിന്റെ ഇഫക്ടുമുണ്ടാക്കി. ഫലം തടി കേടാകാതെ കാക്കാനായി.മറുവശത്ത് ചാനല്‍ വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും വിളവ് കൊയ്യാനായി കുട്ടയുമായി നടക്കുകയായിരുന്നു യു.ഡി.എഫ്. സംഘടനാ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ ഒതുങ്ങും. ഏറിയാല്‍ നിയോജക മണ്ഡലം തലം വരെ . അതിനു താഴെയുള്ള ജോലി വോട്ടര്‍മാര്‍ക്ക് നീക്കി വച്ചിരിക്കുകയാണ്. അവര്‍ ബൂത്തിലെത്തി മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണമെങ്കില്‍ വോട്ടുചെയ്തു കൊള്ളണം. പത്രവാര്‍ത്തയും ചാനല്‍ വാര്‍ത്തയുമുണ്ടാക്കി നേട്ടം കൊയ്ത ലോകസഭാ തിരഞ്ഞെടുപ്പു ചരിത്രം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിനു പിഴച്ചത്. എന്നാല്‍ പോലും കിട്ടിയതത്രയും നേട്ടമാണവര്‍ക്ക്.

സി.പി.എം. കഴിഞ്ഞാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നില്‍ എന്‍.ഡി.എയാണ്. പക്ഷേ അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള ഫലം ഈ തിരഞ്ഞെടുപ്പിലും കിട്ടിയില്ല. സൂഷ്മമായി പരിശോധിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും അവരുടെ വിശ്വാസമാര്‍ജ്ജിക്കാനും എന്‍.ഡി.എ.ക്ക് ഇനിയുമായിട്ടില്ല എന്നു കാണാം. എങ്കിലും മുന്നേറ്റമുണ്ടാക്കാനായത് അവര്‍ക്കാണെന്ന് സമ്മതിച്ചേ തീരൂ. മറ്റു രണ്ടു മുന്നണികള്‍ക്ക് നടുവില്‍ ബി.ജെ.പി. തനിച്ചു നടത്തുന്ന മുന്നേറ്റമാണിതെന്നതു തന്നെ കാര്യം. കൂടെ കൂട്ടുകക്ഷിയായി ബി.ഡി. ജെ.എസിന്റെ പേര് പറയാമെന്നേയുള്ളൂ. അവര്‍ വോട്ട് ബാങ്കായിട്ടില്ല.

ഇപ്പോഴത്തെ ഊര്‍ജ്ജമുള്‍ക്കൊണ്ടായിരിക്കും എല്‍.ഡി.എഫ്. ഒരു വര്‍ഷം കഷ്ടിച്ചു മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചകെട്ടുക. അവിടെ വോട്ടിംഗ് പാറ്റേണ്‍ ഇതാവണമെന്നില്ല. തനി രാഷ്ട്രീയമായിരിക്കും പ്രചാരണ വിഷയം. അതിനുള്ള പടയൊരുക്കം വൈകാതെ കാണാം.


Tags: