സ്വയം തിരിച്ചറിയാത്ത വോട്ടര്‍മാര്‍

Glint Desk
Sun, 29-11-2020 07:39:31 PM ;

തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 18 ആം വാര്‍ഡ്. പുതിയ കൊച്ചിയുടെ മുഖമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശം. ഇവിടെ ഇപ്പോഴും കാക്കനാടിന്റെ ഗ്രാമ്യ ജീവിതവും കലര്‍ന്ന് നില്‍ക്കുന്നു. അതിലൊന്നാണ് പശു വളര്‍ത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന ഒരു കുടുംബം. നഗരത്തിലെ പുതിയ വാസികള്‍ക്ക് ശുദ്ധമായ പശുവിന്‍ പാല്‍ ലഭിക്കുന്ന ഇടം. ഇവിടെ പാല്‍ വാങ്ങാന്‍ വരുന്നവര്‍ വീട്ടുകാരുമായി കുശലത്തിലേര്‍പ്പെടുക പതിവ്. ഇപ്പോള്‍ വിഷയം തെരഞ്ഞെടുപ്പ് തന്നെ. പാല്‍ അളക്കുന്ന വീട്ടമ്മയും പാല്‍ വാങ്ങാന്‍ വരുന്നവരും ഒരേ അഭിപ്രായക്കാര്‍. ഏത് കക്ഷിയുടെ അംഗം ജയിച്ച് കഴിഞ്ഞാലും കാര്യങ്ങള്‍ അഴിമതിയിലൂടെയെ നടക്കുകയുള്ളൂ. അതിനുദാഹരമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ചുറ്റുപാടും പരിമിതമായ സ്ഥലങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന അംബരചുംബികളായ ഫ്‌ളാറ്റ് സമുഛയങ്ങളെയാണ്. ഈ ഫ്‌ളാറ്റുകളെല്ലാം മെമ്പര്‍മാരും ഭരണസമിതിക്കാരും വന്‍ കോഴ വാങ്ങി നിര്‍മാണാനുമതി തരപ്പെടുത്തിക്കൊടുത്തതാണെന്നാണ് ഇവരുടെ അഭിപ്രായം. അതിനിയും തുടരുമെന്നും താമസിയാതെ കാക്കനാട്ടെ ചുമന്ന മണ്ണിനടിയില്‍ ലഭ്യമായിട്ടുള്ള ശുദ്ധമായ കുടിവെള്ളം താമസിയാതെ മലിനമാകുമെന്നും അവര്‍ ആശങ്കപ്പെട്ടു. കാരണം ഈ ഫ്‌ളാറ്റുകളില്‍ നിന്നുള്ള മലിനജലവും ശുചിമുറിമാലിന്യവും മണ്ണിലേക്കാണ് ഒഴുക്കി വിടുന്നത്. ഈ ഫ്‌ളാറ്റുകള്‍ക്ക് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ മിക്ക ഫ്‌ളാറ്റുകള്‍ക്കും അവയില്ല. അതിന്റെ കാരണവും ഈ കോഴവാങ്ങലാണെന്ന് അവര്‍ പരസ്പരം പറയുന്നു. 

കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു ' വാര്‍ഡ് സഭയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാമായിരുന്നില്ലെ? ' അപ്പോള്‍ വീട്ടമ്മയുടെ മറുപടി ഇങ്ങനെ ' വാര്‍ഡ് സഭയില്‍ പോയിട്ടൊന്നും ഒരു കാര്യവുമില്ല, അവര്‍ അവരുടെ സില്‍ബന്ധികളുമായി വന്ന് കാര്യം നിശ്ചയിച്ചങ്ങ് പോകും, പിന്നെ കുറേപര്‍ ഞങ്ങള്‍ക്ക് കോഴിയെ വേണം, ആടിനെ വേണം എന്നൊക്കെപ്പറഞ്ഞ് കാര്യം നടത്താന്‍ നോക്കും. അല്ലാതെ വേറൊന്നും വാര്‍ഡ് സഭകൊണ്ട് നടക്കില്ല'    എന്നാല്‍ ഈ വീട്ടമ്മ ഒഴികെ അവിടെ സന്നിഹിതരായിരുന്ന ആര്‍ക്കും തന്നെ തങ്ങള്‍ വാര്‍ഡ് സഭയിലെ അംഗങ്ങളാണെന്നുള്ള കാര്യം അറിയില്ല. വാര്‍ഡ് സഭയില്‍ പങ്കെടുത്ത് ഈ ഫ്‌ളാറ്റ് ഇവിടെ വേണോ വേണ്ടയോ എന്ന് നിങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ഡിലുള്ളവര്‍ക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ. അതവര്‍ക്ക് ഒരു പുത്തനറിവായിരുന്നു. 25 വര്‍ഷമായിട്ടും വാര്‍ഡ് സഭയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് തങ്ങള്‍ അംഗങ്ങളാണെന്ന അറിവ് പോലും ഇല്ല. ഈ അവസരമാണ് കോഴകള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും വഴിവയ്ക്കുന്നത്. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ ഉത്തരവാദിത്വമായി അഴിമതിരഹിത ഭരണവും തീരുമാനങ്ങളെടുക്കലും എന്ന് വാര്‍ഡ് അംഗങ്ങള്‍ കരുതുന്നു. എന്നിട്ട് നിലവിലുള്ള സംവിധാനത്തെ കുറ്റപ്പെടുത്തിക്കൊണ്ടും അതില്‍ വിലപിച്ചുകൊണ്ടും തൊട്ടുമുമ്പില്‍ ഉണ്ടാകുന്ന ദുരിതങ്ങളെ ഏറ്റുവാങ്ങി ജീവിക്കുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി നില്‍ക്കുന്ന മുഖ്യഘടകം എന്നത്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചൂണ്ടിക്കാട്ടിയത് പോലെ ഗ്രാമ, വാര്‍ഡ് സഭകളുടെ പരാജയം തന്നെയാണ്.

Tags: