പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

എസ്.ഡി വേണുകുമാര്‍
Sat, 28-11-2020 06:03:02 PM ;

വി.എസ്. പക്ഷവും പിണറായി പക്ഷവുമെന്ന നിലയില്‍ ഒരു കാലത്ത് സി.പി.എം. ചേരിതിരിഞ്ഞിരുന്നു. ഇന്ന്  മറ്റൊരു രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപം കൊള്ളുകയാണ്. ഒരു ഭാഗത്ത് ഏകഛത്രാധിപധിയായ പിണറായിയും മറുഭാഗത്ത് പിണറായി വിരുദ്ധരുമെന്ന നിലയിലാണ് അത് വളരുന്നത്.

പിണറായി വിജയന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രഹരങ്ങളേറ്റുവാങ്ങിയവരാണ് എതിര്‍ചേരിയില്‍ പുതിയ സാഹചര്യത്തില്‍ അണിചേരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ മാധ്യമ മാരണ നിയമം വരെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ വിവാദ വിഷയങ്ങളുടെ പേരിലാണ് പുതിയ നീക്കം. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയാണ് പിണറായി വിരുദ്ധ പക്ഷത്ത് വ്യക്തമായ നിലപാടുകളുമായി നില്‍ക്കുന്നത്. വിവാദ വിഷയങ്ങളില്‍ മാനമവലംബിച്ചു കഴിയുന്ന ജി.സുധാകരന്‍ അടക്കം പ്രമുഖ നേതാക്കളില്‍ പലരും നിര്‍ണ്ണായക സമയത്ത് ബേബിയോടൊപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.

ശിവശങ്കറും ബിനീഷും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയില്‍പ്പെട്ടപ്പോള്‍ തന്നെ ബേബി നിലപാട് കടുപ്പിച്ച് രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവരും നേതാക്കളുടെ ബന്ധുക്കളും കാട്ടിയ തെറ്റുകുറ്റങ്ങളുടെ ഭവിഷ്യത്ത് അവര്‍ തന്നെ നേരിട്ടു കൊള്ളണമെന്ന് ബേബി എഫ്.ബി. പോസ്റ്റ് ഇട്ടിരുന്നു. പ്രത്യക്ഷത്തില്‍ ഇത് ഉദ്യോഗസ്ഥര്‍ക്കും ബിനീഷിനുമെതിരെയുള്ള കമന്റായി തോന്നുമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തില്‍ കുരുങ്ങിയതിലെ അതൃപ്തിയും അതിലടങ്ങിയിരുന്നു. പരോക്ഷമായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കുറ്റപ്പെടുത്തല്‍ ആയിരുന്നു അത്. 

ഭംഗ്യന്തരേണ ഇത് പറഞ്ഞു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞില്ല, അപ്പോഴേക്കും മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ അഡീഷണല്‍ സെക്രട്ടറി സി.എം. രവീന്ദ്രനും അന്വേഷണ സംഘത്തിന്റെ വലയിലകപ്പെട്ടു. സ്വാഭാവികമായും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. സ്വാഭാവികമായും ബേബി ഉള്‍പ്പെട്ട സംഘം ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. ഏറ്റവുമൊടുവില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയും ദേശീയ തലത്തില്‍ പിണറായി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പത്ര മാരണ നിയമം പിന്‍വലിക്കേണ്ടിവന്നുവെന്ന ദുഷ്‌പേരാണ് ഇത് സമ്മാനിച്ചത്. എന്നും പറയും പോലെ ജാഗ്രതക്കുറവുണ്ടായി എന്നു പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന് തലയൂരേണ്ടി വന്നു. ഇതിന്റെയും ഉത്തരവാദിത്തം പിണറായിലാണ് എത്തി നില്‍ക്കുന്നത്. നിയമ ഭേദഗതിയെ അടിമുടി ന്യായീകരിച്ചത് അദ്ദേഹമായിരുന്നുവല്ലോ.

ശിവശങ്കരന്‍ പുറത്തുപോയതോടെ സര്‍ക്കാരിന്റെ ദുര്‍ഗന്ധമകന്നുവെന്ന് പറഞ്ഞിരുന്ന മന്ത്രി ജി.സുധാകരന്‍ നിശബ്ദനാണിപ്പോള്‍. മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ വീണ്ടും അഴിമതിയില്‍ കുരുങ്ങുമ്പോള്‍ സുധാകരന്‍ അതെല്ലാം ന്യായീകരിക്കണമെന്നില്ല. അഴിമതിയോട് ഒരിക്കലും സന്ധി ചെയ്യില്ലെന്ന പ്രതിഛായയുള്ള സുധാകരനടക്കമുള്ള ഒരു സംഘം മുതിര്‍ന്ന നേതാക്കള്‍ നിലവിലെ അവസ്ഥയില്‍ അതൃപ്തരാണെന്നാണ് വിവരം. 

പിണറായിയിലേക്ക് അന്വേഷണ സംഘം എത്തുന്ന അവസ്ഥ ഉണ്ടായാല്‍ വിരുദ്ധചേരി ശക്തിപ്പെടും. കേന്ദ്ര നേതൃത്വം ഈ ചേരിയുടെ ഒപ്പം ഉണ്ടായാലും അതിശയിക്കേണ്ട.സര്‍ക്കാരും പാര്‍ട്ടിയും കൈപ്പിടിയിലൊതുക്കി ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന മട്ടിലുള്ള പോക്കാണ് പിണറായിക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്. എല്ലാ ചെയ്തികള്‍ക്കും മുമ്പില്‍ പഞ്ചപുഛമടക്കി നിന്നവര്‍ ഇപ്പോള്‍ അമര്‍ഷം പരസ്യമാക്കി തുടങ്ങി. അത് പൊട്ടിത്തെറിയിലേക്ക് എത്തുമോ എന്നേ ഇനി അറിയാനുള്ളു.

Tags: