'പിണറായി ഗുരു'

Glint Staff
Thu, 25-04-2019 03:05:39 PM ;

 Pinarayi

ബുദ്ധിയുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നില്‍ അനുഭവങ്ങള്‍ പാഠമാണ്. അതുകൊണ്ടാണ് ഉപയോഗിച്ച് പഴകിയതാണെങ്കിലും 'അനുഭവം ഗുരു' എന്ന് പറയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാരണത്താല്‍ മലയാളികള്‍ക്ക് ഗുരുവാണ്. എങ്ങനെ വീട്ടില്‍, പൊതുസ്ഥലത്ത്, മേലധികാരി കീഴ് ജീവനക്കാരോട്, സഹപ്രവര്‍ത്തകരോട് പെരുമാറരുത് എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി വിജയന്റെ പൊതുയിട പെരുമാറ്റരീതി. 'മാറി നില്‍ക്കങ്ങോട്ട്' ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതിന് മുമ്പ് പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും 'കടക്കൂ പുറത്ത്' ആണ് ഉഗ്ര ഉദാഹരണം. ഇത്രയും നല്ല പാഠം മലയാളിയെ പഠിപ്പിക്കുന്ന മുഖ്യമന്ത്രി ഗുരുവായ സ്ഥിതിക്ക് ഓരോ മലയാളിക്കും അദ്ദേഹത്തോട് ഗുരുഭക്തിയും ഉണ്ടാകേണ്ടതാണ്. ഇതിന്റെ പേരില്‍ ഏതെങ്കിലും മലയാളിയുടെ ഉള്ളില്‍  പിണറായിയോട് വിദ്വേഷമോ ഈര്‍ഷ്യയോ തോന്നുന്നു എങ്കില്‍ ആ മലയാളിയും പിണറായി വിജയന്റെ അതേ പെരുമാറ്റ രീതി പിന്തുടരുന്നു എന്ന് സ്വയം അറിയണം.

 

അസ്വസ്ഥമായ മനസ്സില്‍ നിന്ന് മാത്രമേ 'കടക്കൂ പുറത്ത്, മാറിനില്‍ക്കങ്ങോട്ട്' എന്നുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുകയുള്ളൂ. പേടി, ആന്തരിക സംഘട്ടനങ്ങള്‍, വേദന എന്നിവയാല്‍ മനുഷ്യന്റെ മനസ്സ് കലുഷമാകുമ്പോഴാണ് ഇത്തരത്തില്‍ പെരുമാറുക. കേരളത്തിന്റെ മുഖ്യമന്ത്രി അസ്വസ്ഥമാകുന്നത് അഭികാമ്യമല്ല. അദ്ദേഹമെടുക്കുന്ന ഓരോ തീരുമാനവും ജീവിച്ചിരിക്കുന്നതും ജനിക്കാന്‍ പോകുന്നതുമായ ഓരോ മലയാളിയുടെയും ജീവിതത്തെ ബാധിക്കുന്നതാണ്. അസ്വസ്ഥമായ ഒരു വ്യക്തിയെ സ്വസ്ഥതയിലേക്ക് നയിക്കുക എന്നതാണ് സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ പ്രാധമിക ലക്ഷണം. പിണറായി വിജയന് അദ്ദേഹത്തിന് കഴിയുന്ന രീതിയില്‍ മാത്രമേ പെരുമാറാന്‍ പറ്റുകയുള്ളൂ. ആ സത്യസന്ധതയെ ഓരോ മലയാളിയും അംഗീകരിക്കുകയും വേണം. മാറിനില്‍ക്കങ്ങോട്ട് എന്ന് പറഞ്ഞിതിന്റെ പേരില്‍ അദ്ദേഹത്തെ വീണ്ടും കടന്നാക്രമിച്ച് കൂടുതല്‍ അസ്വസ്ഥമാക്കുന്നത് കേരളത്തിന് ദോഷകരമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുമാണ് അദ്ദേഹം. ജനായത്ത സംവിധാനത്തില്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ അവകാശവുമുണ്ട്.

 

ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പാക്കുന്നതിനും മുഖ്യമന്ത്രിയുടെ സ്വാസ്ഥ്യത്തെ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് നാം അദ്ദേഹത്തിന് എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. കാരണം എന്തുതന്നെയാണെങ്കിലും, മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന്റെ പേരില്‍ കൂടുതല്‍ അസ്വസ്ഥമാക്കുന്നത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ പ്രവൃത്തിയാകും. എന്ത് തന്നെ ന്യായീകരണം ഉണ്ടെങ്കിലും. ഇതിനെല്ലാം ഉപരി കേരളമെന്ന വീട്ടിലെ ഒരംഗമാണ് പിണറായി വിജന്‍. അതും മലയാളി സ്‌നേഹത്തോടെ ഓര്‍ക്കേണ്ടതാണ്. ഒരു കാര്യം മാത്രം എടുത്തുകൊണ്ട്, പിണറായി വിജയന്‍ മലയാളിയെ പഠിപ്പിക്കുന്നു എങ്ങനെ മറ്റുള്ളവരോട് പെരുമാറരുത് എന്ന്.

 

Tags: