Skip to main content

a-vijayaraghavan

ഇരട്ടക്കൊലപാതകങ്ങളേക്കാള്‍ നടുക്കുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രതികരണമാണ്. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പെരിയയില്‍ കൊല ചെയ്യപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചത് വിജയരാഘവനില്‍ അലോസരം സൃഷ്ടിച്ചു. മരണമുണ്ടായാല്‍ ആ വീട് സന്ദര്‍ശിക്കുക എന്നുള്ളത് സമൂഹ്യ ജീവിയുടെ ഏറ്റവും കുറഞ്ഞ മാനുഷിക പ്രകടനമാണ്. യൗവ്വനത്തിലെത്തുന്നതിന് മുമ്പേ നികൃഷ്ടമായി കൊലചെയ്യപ്പെട്ട കേരളത്തിലെ രണ്ട് ചെറുപ്പക്കാരുടെ വീട്ടിലേക്ക് പോകുന്നത് ശരിയായ സന്ദേശമല്ല നല്‍കുന്നത് എന്നാണ് വിജയരാഘവനില്‍ നിന്നുണ്ടായ ആദ്യ പ്രതികരണം. ആ പ്രതികരണമാണ് സംസ്ഥാനത്തെ സി.പി.എമ്മിന്റെ പ്രതികരണമായി സമൂഹം കാണുന്നത്. ആ പ്രതികരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്ന് കണ്ടപ്പോള്‍ വിജയരാഘവന്‍ തിരുത്തല്‍ വിശദീകരണവുമായി രംഗത്തെത്തി.

 

കേരളത്തിലെ ഭരണകക്ഷിയുടെ സമീപനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. ആ സമീപനത്തില്‍ മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ വേദനയോ കേരളസമൂഹം അനുഭവിച്ച ഞെട്ടലോ പരിഗണനയിലേക്ക് കൊണ്ടുവരുന്നില്ല. മറിച്ച് അത് കൊലക്കേസിലെ പ്രതികളുടെ ഭാഗത്തേക്ക് സ്വാഭാവികമായി ചേര്‍ന്നുപോകുന്നു . ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പീതാംബരന്റെ വീട്ടില്‍ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാന്‍ പോയതും ചേര്‍ത്ത് വായിക്കുമ്പോള്‍ ശരാശരി മലയാളിയുടെ മനസ്സില്‍ പൊന്തിവരുന്നത് സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ നിലപാടല്ല, മറിച്ച് ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും അനുകമ്പാരഹിതമായ പെരുമാറ്റമാണ്. ഇവിടെയാണ് സര്‍ക്കാരും സി.പി.എമ്മും ഈ ഇരട്ടക്കൊലപാതകത്തെ അപലപിക്കുന്നത് വിലമതിക്കപ്പെടാത്തത്.