Skip to main content

Pinarayi Vijayan,Chaitra Teresa John,

'ജനായത്തത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല.' സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട്  ഇന്ന് (തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകളാണിവ.  അതൊരു താത്വികമായ നിലപാടാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവാരം നിലനിര്‍ത്തേണ്ടതും വര്‍ദ്ധിപ്പിക്കേണ്ടതും അതാത് പാര്‍ട്ടികളുടെയും നേതാക്കളുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍ അത് തെല്ലും പ്രകടമാകാത്ത ഒരു സന്ദര്‍ഭത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. അത്തരമൊരു അവസ്ഥയില്‍ താത്വികമായ സമീപനത്തെ കുറ്റവാളികള്‍ തങ്ങള്‍ക്കൊളിക്കാനുള്ള ഇടമായേ സ്വീകരിക്കുകയൊള്ളൂ.

 

ചൈത്ര തെരേസ ജോണ്‍ തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളിലൊരാള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് തന്റെ അമ്മയെ വിളിച്ചെന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്. പാര്‍ട്ടി ഓഫീസില്‍ മുഖ്യപ്രതി ഉണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അവിടെ പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും, ആ നീക്കത്തിന്റെ വിവരം ചോര്‍ന്നതാകാം പ്രതി രക്ഷപ്പെടാന്‍ ഇടയായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങിനെയാണെങ്കില്‍ ഏറ്റവും ഗുരുതരവും കുറ്റകരവുമായ പ്രവണതയാണ് പ്രകടമായിരിക്കുന്നത്. കാരണം പോലീസിന്റെ ഭാഗത്ത് നിന്ന് മാത്രമേ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള റെയ്ഡ് വിവരം പ്രതിക്ക് ചോര്‍ന്ന് കിട്ടാന്‍ ഇടയൊള്ളൂ. അത് ചൈത്ര ജോണിന്റെ സംഘത്തില്‍ നിന്ന് തന്നെ ചോര്‍ന്നതാകണം. ഇവിടെ പോലീസും പ്രതിയും ഒത്തുകളിക്കുന്നതിന്റെ രേഖാചിത്രമാണ് തെളിയുന്നത്.

 

അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്നുള്ള സമീപനം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടും ഭരണഘനടയോടുമുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഈ പരസ്യമായ നിലപാട് വ്യക്തമാക്കലിലൂടെ പാര്‍ട്ടി ഓഫീസുകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ ഒളിത്താവളമായി മാറിയിരിക്കുന്നു. ഇത് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അത് നീതിയുക്തമായിട്ടുള്ള നിയമവാഴ്ച നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ വിസമ്മതിപ്പിക്കും. ഭരണഘടന നോക്കുകുത്തിയാകുന്നത് നിയമവാഴ്ച തകരാറിലാകുമ്പോഴാണ്. ഭരണഘടനയും സുപ്രീം കോടതി വിധിയും ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഘട്ടത്തില്‍, നീതിയുക്തമായി പ്രവര്‍ത്തിച്ച ഒരു യുവ പോലീസ് ഓഫീസറുടെ ധാര്‍മ്മികതെയെയും മനോവീര്യത്തെയും തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.  അതിന്റെ പ്രത്യക്ഷ ഫലം പൗരന്റെ ഉള്ളിലേക്ക് ചേക്കേറുന്ന നീതിലഭിക്കില്ലെന്ന അരക്ഷിതത്വ ബോധമായിരിക്കും. എല്ലാ അഹിത പ്രവണതകള്‍ക്കുമുള്ള വിത്തായി മാറുന്നത് ഈ അരക്ഷിതത്വ ബോധമാണ്.