വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ പി.സുരേഷ് രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ തീരുമാനം തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നും അതുവഴി കുട്ടികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നുമാണ് കമ്മീഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിധിക്കെതിരെ ഹൈക്കോടതിയെ തന്നെയോ അല്ലെങ്കില്‍ സുപ്രീം കോടതിയെയോ സമീപിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ്. സ്‌കൂളുകളില്‍ വരെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെക്കൂടി മതിലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചെങ്കിലും കോടതി ആ വാദം തള്ളുകയായിരുന്നു.
വനിതാ മതിലിന് നവോത്ഥാന മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കിലും അതിലെ രാഷ്ട്രീയം മറയേതുമില്ലാതെ വ്യക്തമാണ്. മതിലുകളുടെ ആത്യന്തിക ലക്ഷ്യം തിരിവാണ്. വേര്‍തിരിവ്. കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ അത്തരം വേര്‍തിരിവുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല,സാംസ്‌കാരിക,രാഷ്ട്രീയ,തൊഴില്‍,സാമൂഹ്യ ഭേദമന്യേ. എന്നാല്‍ ഈ തിരിവുകളൊന്നും കാര്യമായി ഏശാത്ത ഒരു വിഭാഗമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ എന്ന് എടുത്ത് പറയണം. കാരണം കലാലയങ്ങള്‍ എന്നേ വിഭജിക്കപ്പെട്ടു. ഈ പറയുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികളാണ് ഹൈക്കോടതി നിരീക്ഷിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ പെടുക. രണ്ടായിരത്തിന്റെ തുടക്കത്തില്‍ സ്‌കൂളുകളില്‍ നിന്ന് രാഷ്ട്രീയം അകന്നിരുന്നു. പ്രീ ഡിഗ്രി സമ്പ്രദായം മാറ്റി പ്ലസ്ടു ആയപ്പോഴേക്കും ഏതാണ്ട് പൂര്‍ണമായി തന്നെ സ്‌കൂളുകളില്‍ രാഷ്ട്രീയമില്ലാതായി. എങ്കിലും ഇപ്പോഴും സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പും, ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തീര്‍ത്തും സമാധാന അന്തരീക്ഷത്തില്‍ മികവിനെ അടിസ്ഥാനപ്പെടുത്തി. മറ്റ് പല പോരായ്മകളും നിലവിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ചൂണ്ടിക്കാണിക്കാമെങ്കിലും രാഷ്ട്രീയപരമായി കുട്ടികള്‍ വേര്‍തിരിക്കപ്പെടാത്തതിനെ നേട്ടമായി തന്നെ കാണാം.
അങ്ങിനെയുള്ള ഒരു വിഭാഗത്തെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലും പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ പേരിലും മതിലിന്റെ നീളം കൂട്ടുന്നതിന് ഉപയോഗപ്പെടുത്താന്‍ ജനായത്ത സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊന്ന്, മതിലില്‍ പെണ്‍കുട്ടികളെ മാത്രമാണ് ഉള്‍പ്പെടുത്തുക. അത് തന്നെ വിലിയ വിഭാഗീയത കുട്ടികളില്‍ സൃഷ്ടിക്കും. തങ്ങള്‍ ആണ്‍കുട്ടികളാല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നവരാണെന്നും അവരെ ഇനിമുതല്‍ എതിര്‍ക്കണമെന്നുമുള്ള ചിന്ത പെണ്‍കുട്ടികളില്‍ ഉണ്ടാക്കാന്‍ മതിലിന്റെ പേരില്‍ ഉയരുന്ന ഒരു മുദ്രാ വാക്യത്തിനോ പോസ്റ്ററിനോ കഴിഞ്ഞെന്നു വരും. അതുവഴി മറിച്ചുള്ള ചിന്ത ആണ്‍കുട്ടികളിലും വളരും. അത് പതിയെ ആണ്‍-പെണ്‍ വിഷയത്തില്‍ നിന്ന് മാറി, ജാതിയുടെയും, രാഷ്ട്രീയത്തിന്റെയും ഒക്കെ തലത്തിലേക്ക് വളരും. അങ്ങിനെ വന്നാല്‍ വിശാലമായ സ്‌കൂള്‍ അങ്കണങ്ങളും ക്ലാസ് മുറികളും എല്ലാം വരമ്പുകളാല്‍ ഇടുങ്ങിയതായി മാറും. അത് സംഘര്‍ഷത്തിലേക്ക് നയിക്കും, അറിവ് നേടേണ്ടുന്ന പ്രായം മറ്റ് പല പ്രവൃത്തികളിലേക്കും വ്യതിചലിക്കും. ഇതൊന്നു മാത്രം മതി കേരളത്തിന്റെ പൂര്‍ണ നാശത്തിന്.
ശബരിമലയില്‍ പോയ സുഹൃത്ത് കൊണ്ടുവരുന്ന അരവണയും, വേളാങ്കണ്ണിയില്‍ പോയ സുഹൃത്ത് കൊണ്ടുവരുന്ന എണ്ണയും കൊന്തയും, പെരുന്നാള്‍ ആഘോഷം കഴിഞ്ഞെത്തുന്ന സുഹൃത്ത് കൊണ്ടുവരുന്ന നെയ്‌ച്ചോറും പരസ്പരം പങ്കുവച്ച് മുന്നോട്ട് പോകാന്‍ കുട്ടികളെ അനുവദിക്കുക. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ആ പാരസ്പര്യത്തെ ഇല്ലാതാക്കരുത്. ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ കുട്ടികള്‍ വിദ്യകൊണ്ട് പ്രബുദ്ധരാകട്ടെ, അതുവഴി അവര്‍ സ്വാഭാവികമായും സംഘടിച്ച് ശക്തരാകാന്‍ പഠിച്ചുകൊള്ളും.