ഇപ്പോള്‍ കേരളത്തെ ദീപ നിശാന്ത് പഠിപ്പിക്കുകയാണ്. കേരളത്തെയാകെ ഒരു ക്ലാസ്സ് മുറിയാക്കി. പക്ഷേ ദീപ പഠിപ്പിക്കുന്നത് തന്നിലൂടെ തന്നെയാണെന്ന് മാത്രം. ദീപ നിശാന്തിലൂടെ കേരളം ഏറ്റവും ഒടുവില്‍ പഠിച്ച പാഠം എന്തെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്- ഔചിത്യം. ഒരു വ്യക്തി അദ്ധ്യാപികയായാലും, വിദ്യാര്‍ത്ഥിയായാലും, പണ്ഡിതയായാലും, പാമരനായാലും അവര്‍ സമൂഹവുമായി ബന്ധപ്പെടുന്ന നിമിഷത്തില്‍ ആദ്യവും അവസാനവും പാലിക്കേണ്ട ഒന്നാണ് ഔചിത്യം. ദീപ നിശാന്തിനില്ലാതായിപ്പോയതും അതാണ്. ഒരു വ്യക്തിക്ക് ചില സവിശേഷതകള്‍ ഇല്ലാതായി പോകുന്നത് സ്വാഭാവികം. അത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് നീതിബോധവും നിയമങ്ങളും. ദീപ നിശാന്തിന്റെ നാവിലൂടെ ഒരുപക്ഷേ കേരളം ആവര്‍ത്തിച്ചുകേട്ട വാക്കാണ് നീതിബോധം എന്നത്.
ദീപ നിശാന്തിന്റെ നീതിബോധമില്ലായ്മയെ വ്യക്തി ന്യൂനത എന്ന രീതിയില്‍ മനസ്സിലാക്കാം. എന്നാല്‍ അവരെ ഉപന്യാസ മൂല്യനിര്‍ണയത്തിന് ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്ത മനസ്സിന്റെ ഉടമയുടെ നീതിബോധം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ല. വിശേഷിച്ചും വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള ആളായതിനാല്‍. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെയും അതിന്റെ നേതൃത്വത്തിന്റെയും മുഴുവന്‍ അവബോധ മുദ്രയായി മാറിയിരിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമാണ്. ആ വകുപ്പ് കൈകാര്യം ചെയ്യുന്ന നേതൃത്വത്തിന്റെ സമീപനം ഇവ്വിധമാണെങ്കില്‍ അത് ആ സംസ്ഥാനത്തിന്റെ ഭദ്രത അപകടത്തിലാണെന്ന് ഉറക്കെ വിളിച്ച് പറയുന്നു.
സമൂഹത്തിലെ വിദ്യാഭ്യാസവും നീതിബോധവും ഇല്ലാത്ത ഒരു വ്യക്തിയോട് ചോദിച്ചാല്‍ പോലും ദീപ നിശാന്തിനെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിലെ അപരാധം പ്രഥമദൃഷ്ട്യാ ചൂണ്ടിക്കാട്ടും. ദാരിദ്ര്യമുള്ള ഒരു വ്യക്തി മോഷണം നടത്തുന്നത് കുറ്റകരമാണെങ്കിലും സാമൂഹ്യ പശ്ചാത്തലത്തില്‍ അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. അത്തരമൊരു കുറ്റകൃത്യത്തേക്കാള്‍ ഗുരുതരമായ ഒന്നാണ് ഉയര്‍ന്ന നിരക്കില്‍ ശമ്പളം കൈപ്പറ്റുന്ന കോളേജ് അദ്ധ്യാപികയായ ദീപ നിശാന്ത് ചെയ്തിരിക്കുന്നത്. ധാര്‍മ്മികത അല്‍പമെങ്കിലുമുള്ള ഒരു വിദ്യാഭ്യാസ വകുപ്പായിരുന്നെങ്കില്‍ യു.ജി.സി മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തി ദീപ നിശാന്തിനെതിരെ കര്‍ശനമായ നടപടി ഇതിനകം സ്വീകരിക്കുമായിരുന്നു.
യു.ജി.സി പദ്ധതി പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും പ്രധാനമായി പറഞ്ഞിരുന്നത് ഒരദ്ധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക എങ്ങനെ സാമൂഹികമായി പെരുമാറണം എന്നതായിരുന്നു. ഒരു കടയില്‍ കയറിയാല്‍ പോലും അദ്ധ്യാപകര്‍ ഏത് വിധം പെരുമാറണമെന്ന് വ്യക്തമായ രീതിയില്‍ ആ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. അത്തരം ഒട്ടനവധി നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഉയര്‍ന്ന ശമ്പളം എന്നത്. എന്നാല്‍ ആ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഉയര്‍ന്ന ശമ്പളം മാത്രം യാഥാര്‍ത്ഥ്യമായി. യു.ജി.സി പദ്ധതി നടപ്പിലാക്കിയതിന് ശേഷവും, നടപ്പിലാക്കിയത് വരെയുമുള്ള അദ്ധ്യാപക സമൂഹത്തിന്റെ അവസ്ഥ വച്ച് നോക്കിയാല്‍ പദ്ധതിയുടെ അന്തസത്ത ഏതെല്ലാം രീതിയില്‍ പാലിക്കപ്പെട്ടു, എന്തിലെല്ലാം പിന്നോട്ട് പോയി എന്ന് കാണാന്‍ കഴിയും. അതിന്റെ ഉത്തമ ഉദാഹരണമാണ് ദീപ നിശാന്ത്. യു.ജി.സി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിന് അദ്ധ്യാപകവൃത്തി തുടരാനുള്ള ധാര്‍മ്മികവും സാങ്കേതികവുമായ യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അയോഗ്യരും കുറ്റവാസനയുമുള്ള അദ്ധ്യാപകരെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം ജനായത്ത സര്‍ക്കാരിനാണ്. ആ സര്‍ക്കാരാണ് ഒരു സംസ്ഥാനത്തിന് മാത്രമല്ല ഒരു രാജ്യത്തിന് പോലും അപമാനകരമായ തീരുമാനം എടുത്തത്.
ഇപ്പോള്‍ ദീപ നിശാന്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി സന്തോഷ് എച്ചിക്കാനത്തെക്കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തിയിരിക്കുന്നു. എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ എടുത്തില്ല. അത് അറിയാതെ പറ്റിയ അബദ്ധമോ സാങ്കേതികത്വമോ അല്ല. ബോധപൂര്‍വ്വം തന്നെ ഉണ്ടായ തെറ്റാണ്. അത് സമ്മതിക്കുന്നതാണ് അവരുടെ മൂല്യനിര്‍ണയം റദ്ദാക്കി മറ്റൊരാളക്കൊണ്ട് അത് നിര്‍വഹിപ്പിച്ചത്. സമൂഹത്തില്‍ കളവും അനീതിയും ഇല്ലാതാക്കുക എന്നുള്ളത് ആ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരുടെ ഉത്തരവാദിത്വമല്ല. അവരത് തുടര്‍ന്നുകൊണ്ടേ ഇരിക്കും. അതവരുടെ സ്വഭാവ ഘടനയുടെ ഭാഗമാണ്. അവരെ സഹാനുഭൂതിയോടെ തിരുത്തുകയാണ് ഉത്തരവാദിത്വമുള്ള സാമൂഹിക സംവിധാനം ചെയ്യേണ്ടത്. അതുകൊണ്ട് ദീപ നിശാന്തില്‍ നിന്ന് ഒരിക്കലും ഔചത്യം പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ഏറ്റവും ചുരുങ്ങിയ ഔചിത്യം കാട്ടിയില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.