മാധ്യമങ്ങള്‍ക്കിത് അന്തസ്സ് വീണ്ടെടുക്കാനുള്ള അവസരം

Glint Staff
Sat, 01-12-2018 04:11:34 PM ;

 Pinarayi-Media

ഒറ്റയ്ക്കും തെറ്റയ്ക്കും പലതുള്ളികളായി മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും വരുത്തിയ ഔചിത്യമില്ലായ്മയുടെ പരിണിത ഫലമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം. ഔചിത്യമില്ലാത്ത പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തന ബഹുമാന്യതയുടെ വിലയിടിക്കുന്നതിന് കാരണമായി. ഒരു സമയത്ത് അങ്ങേയറ്റം ബഹുമാന്യമായി കാണപ്പെട്ടിരുന്ന മേഖലയായിരുന്നു മാധ്യമപ്രവര്‍ത്തനത്തിന്റേത്. അന്ന് സമൂഹത്തില്‍ മാധ്യമങ്ങള്‍ നായകസ്ഥാനത്തായിരുന്നു. ആശയക്കുഴപ്പങ്ങളും അവ്യക്തതകളും ഉണ്ടാകുമ്പോള്‍ വ്യക്തിയും സമൂഹവും മാധ്യമങ്ങളിലേക്ക് നോക്കിയിരുന്നു. എന്നാല്‍ വര്‍ത്തമാനകാല സാഹചര്യം ആ അവസ്ഥയെ നേര്‍വിപരീതമാക്കി. വ്യക്തിയിലും സമൂഹത്തിലും അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിച്ച് ശ്രദ്ധയും പ്രചാരവര്‍ദ്ധനയും ഉണ്ടാക്കുതിനുവേണ്ടി മാധ്യമപ്രവര്‍ത്തനത്തെ വഴിതിരിച്ച് വിടുകയുണ്ടായി. അതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സ് തകരാന്‍ കാരണമായത്.

 

ചാനലുകളും സമൂഹമാധ്യമങ്ങളും രംഗപ്രവേശം ചെയ്തപ്പോള്‍ ഉണ്ടായ ഒരു ചരിത്രപരമായ നഷ്ടബഹുമാന്യതയെ കാണാവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിച്ച ചില നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നിയന്ത്രണങ്ങളായി വന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഉണര്‍ന്ന് ആലോചിക്കേണ്ട സമയമാണിത്, മന്ത്രിമാരുടെ മൊഴികളും പത്രക്കുറിപ്പുകളും മാത്രമാണോ വാര്‍ത്ത എന്നുള്ളത്. ലോകം അതിദ്രുതമായി വന്‍മാറ്റങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ വായനക്കാരനിലേക്കും പ്രേക്ഷകനിലേക്കും സന്നിവേശിപ്പിക്കാന്‍ എന്ത് ദൗത്യമാണ് മാധ്യമങ്ങള്‍ക്ക് ചെയ്യാനുള്ളത് എന്നുള്ള ചോദ്യമാണ് നിയന്ത്രണങ്ങളിലൂടെ ഉയരുന്നത്. പരമ്പരാഗത ശൈലിയില്‍ നീങ്ങുന്ന സര്‍ക്കാരും മാറാത്ത ചിട്ടവട്ടങ്ങളും പ്രത്യേകിച്ച് ഈ മാറ്റത്തിന്റെ കാലത്ത് ഗണ്യമായ അത്ഭുതമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല. സര്‍ക്കാരുകളെ ഇത്തരത്തില്‍ അലസമാക്കുന്നതിന്റെ പിന്നിലും മാറ്റത്തിന്റെ സ്പന്ദനങ്ങള്‍ അറിയാനും അവതരിപ്പിക്കാനും ശേഷിയില്ലാത്ത മാധ്യമങ്ങള്‍ തന്നെ. ഈ തിരിച്ചറിവില്‍ നിന്ന് വാര്‍ത്തയുടെ ഉറവിടം മന്ത്രിമാരുടെ മൊഴികളില്‍ നിന്നുണ്ടാകുന്ന വിവാദങ്ങളോ അഴിമതിക്കഥകളോ മാത്രമല്ലെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം.

 

അഴിമതി, പൊതുപ്രവര്‍ത്തകരും ഉന്നതസ്ഥാനീയരുമുള്‍പ്പെട്ട ലൈംഗിക അപവാദങ്ങള്‍ എന്നിവ ഇന്ന് വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ആ സാഹചര്യം പരസ്യമായി അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ അധികാരികളെ സജ്ജമാക്കുന്നു. ഇത് അഴിമതിയുടെയും ലൈംഗിക അപവാദങ്ങളുടെയും കുളിരില്ലായ്മ കാലത്തെ സൃഷ്ടിച്ചു. അതിനും ഉത്തരവാദികള്‍ നമ്മുടെ മാധ്യമങ്ങള്‍ തന്നെ. ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ വാര്‍ത്തള്‍ കണ്ടെത്തി അവ അവതരിപ്പിച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സ് വീണ്ടെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

 

Tags: