ഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് ഹിന്ദുയിസം പ്രയോഗിക്കുന്നു

Glint Staff
Thu, 08-11-2018 06:25:59 PM ;

rahul-gandhi

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഹിന്ദുത്വത്തെ നേരിടാന്‍ ഹിന്ദുയിസത്തെ കളത്തിലിറക്കുന്നു. മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തുടനീളം പശുത്തൊഴുത്തുകള്‍ നിര്‍മ്മിക്കുമെന്ന്. ഇവിടെ കേരളത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വത്തെ നേരിടാന്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബരിമല വിഷയത്തില്‍ മേഖലാ യാത്രകളും ആരംഭിച്ചിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പരിപാടികള്‍ പോലും അമ്പലത്തില്‍ നിന്ന് തുടങ്ങുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.

 

ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്തമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ഹിന്ദുയിസത്തെ ഏറ്റെടുക്കുന്നത് രാജ്യത്തിന്റെ സംസ്‌കൃതിയെ ഉയര്‍ത്താം എന്ന ചിന്തയിലല്ല. മറിച്ച് ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ്. പക്ഷേ അതിപ്പോള്‍ ഒരു ബി.ജെ.പി അജണ്ടയായി പരിണമിച്ചിരിക്കുകയാണ്. ഈ  സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് ആശയക്കുഴപ്പം, എന്താണ് ഹിന്ദുത്വം? എന്താണ് ഹിന്ദുയിസം? ഇതിനെല്ലാത്തിനുപരി എന്താണ് യഥാര്‍ത്ഥ ഹിന്ദുമതം ?

 

ശരാശരി ഹിന്ദുവിനെ സംബന്ധിച്ച് അതൊരു ജീവിത പദ്ധതിയാണ്. സ്വയം തിരിച്ചറിയാനും ആന്തരികമായി സ്വാതന്ത്ര്യം നേടാനുമുള്ള ഒരു മാര്‍ഗം. എന്നാല്‍ ഒരു ഹിന്ദുവിന്, ഹിന്ദുവികാരം ഉണ്ടാവുകയാണെങ്കില്‍ ആ വ്യക്തി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ പാതയില്‍ നിന്നും വഴി തിരിയുകയാണ്. അങ്ങിനെ വൈകാരികത ഉണ്ടാകുന്ന ഹിന്ദുവിന് എപ്പോഴും സ്വീകാര്യത തീവ്ര വൈകാരികതാ പ്രകടനത്തോടായിരിക്കും. അത് പ്രകടമാക്കുന്നത് ബി.ജെ.പിയാണ്. ആ നിലയ്ക്ക് കോണ്‍ഗ്രസ് ഹിന്ദു വൈകാരികതയെ ഉണര്‍ത്തി തങ്ങളോടൊപ്പം ഹൈന്ദവ സമൂഹത്തെ നിര്‍ത്താമെന്ന് ധരിച്ചാല്‍ അത് ബി.ജെ.പിയിലേക്ക് കൂടുതല്‍ അണികളെ ഒഴുക്കുന്നതിന് മാത്രമേ സഹായകമാവുകയുള്ളൂ. അതല്ലെങ്കില്‍ ഗാന്ധിജി ആചരിച്ച ഹിന്ദുമതത്തെ പ്രയോഗിക്കേണ്ടി വരും. അതിന് കോണ്‍ഗ്രസിന് ഗാന്ധിജിയെ മനസ്സിലാക്കേണ്ടി വരും. വര്‍ത്തമാനകാല സാഹചര്യത്തില്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അതിന് ത്രാണിയുള്ള നേതാക്കളാരും തന്നെ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നില്ല. അതിനാല്‍ ഹിന്ദുത്വവും ഹിന്ദുയിസവും കൂടിക്കുഴഞ്ഞ് ഹിന്ദുത്വം ശക്തിപ്രാപിക്കാന്‍ തന്നെയാണ് സാധ്യത കൂടുതല്‍.

 

Tags: