Skip to main content

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്തും പരിസരപ്രദേശത്തും വിന്യസിച്ചിരിക്കുന്നത്. അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള 15 വനിതാ പോലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

 

എന്നാല്‍ സുരക്ഷയുടെ പേരില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഭക്തര്‍ പ്രതികരിച്ചു. ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവിലാണ് നിലയ്ക്കലില്‍ എത്തിയ ഭക്തരെ പമ്പയിലേക്ക് പോകാന്‍ അനുവദിച്ചത്.  കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നത് വൈകിയതിനെ തുടര്‍ന്ന് ആയിരത്തോളം വരുന്ന ഭക്തര്‍ കാല്‍നടയയി പമ്പയിലേക്ക് പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പതിനൊന്ന് മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചത്. പമ്പയിലേക്കുള്ള സര്‍വീസ് വൈകുന്നതിനെതിരെ എരുമേലിയിലും ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ച ശേഷമാണ് പോലീസ് നിലയ്ക്കലിലേക്ക് കടത്തിവിടുന്നത്.

 

തന്ത്രിയെയും മേല്‍ശാന്തിമാരെയും കാണുന്നതില്‍നിന്ന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് പോലീസ് തന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.  ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്നു പൊലീസുകാര്‍ തന്ത്രിയുടെ മുറിക്കു മുന്നില്‍ കാവലിരിക്കുകയാണ്. മാത്രമല്ല തന്ത്രിയുടെയും മേല്‍ശാന്തിമാരുടെയും മുറിക്ക് പുറത്ത് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.