ഭരണമാണ് ഏറ്റവും ഉയര്‍ന്ന കല; കേരളത്തില്‍ ഇല്ലാത്തതും അത്

Glint Staff
Wed, 24-10-2018 05:37:28 PM ;

pinarayi-vijayan-sabarimala-protest

ലോകത്തിലെ ഏറ്റവും വലിയ കല ഭരണമാണ്. ആ കലയുടെ സാന്നിധ്യവും അഭാവവുമനുസരിച്ചാണ് ഓരോ പ്രദേശത്തിന്റെയും അവിടുത്തെ ജനത്തിന്റെയും ജീവിത ഗതി നിശ്ചയിക്കപ്പെടുന്നത്. മറ്റെല്ലാ കലകളുടെയും നിലനില്‍പ്പും വികാസവും ഭരണമെന്ന ഈ കലയെ അപേക്ഷിച്ചാണ്.
ഭരണത്തില്‍ നിന്ന് കല പിന്‍വാങ്ങുമ്പോള്‍ സമൂഹത്തിലുണ്ടാകുന്ന പ്രതിഭാസമാണ് കലാപം. ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്തെ ഭരണരംഗത്ത് തെല്ലും കാണാന്‍ കഴിയാതെ പോയതും ഈ കലയാണ്. അതിന്റെ മകുടോദാഹരണമായിരുന്നു കലോപാസനയുടെ ഒമ്പതാം നാളായ മഹാനവമി ദിനത്തില്‍ നിലയ്ക്കലില്‍ അരങ്ങേറിയതും വിജയദശമി ദിനത്തില്‍ ശബരിമലയില്‍ കാണപ്പെട്ടതും.

 

ഒരു വിഷയത്തില്‍ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് എന്ത് ചെയ്യണം എന്നുള്ള തിരിച്ചറിവ്, രണ്ട് അത് എങ്ങിനെ ചെയ്യണമെന്നുള്ള അറിവ്. സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. അത് തര്‍ക്കമില്ലാത്ത കാര്യവുംമാണ്. എന്നാല്‍ നിലവിലുള്ള ഭക്തരെ പോലും യഥാവിധം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ശബരിമലയില്‍ ഈ വിധി നടപ്പാക്കുന്നതിന് സമയം അനിവാര്യമാണ്. അത് തിരിച്ചറിയുന്നതിന് സാമാന്യ യുക്തിപോലും ആവശ്യമില്ല. അതോടൊപ്പം തന്നെ ഈ വിഷയം വിശ്വാസ സമൂഹത്തെ വൈകാരികമായി ഇളക്കി വിടുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ഇന്റലിജന്‍സ് സംവിധാന സഹായമില്ലാതെ തന്നെ ഏതൊരു കുട്ടിയ്ക്കും മനസ്സിലാക്കാവുന്നതാണ്.

 

അടുത്ത ഏറ്റവും പ്രധാന ഘടകം സംഭവങ്ങളുടെ തത്സമയ സംപ്രേഷണ സാധ്യതയാണ്. അത് ടെലിവിഷന്‍ ചാനലുകളിലൂടെയായാലും സമൂഹമാധ്യമങ്ങളിലൂടെയായാലും. ഇന്നത്തെ അവസ്ഥയില്‍ സമൂഹവും വൈകാരികതയും ചേര്‍ന്നുള്ള ഒരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതും ഈ തത്സമയ മാധ്യമ സാന്നിധ്യത്തിനാണ്. തീരുമാനത്തിന്റെ പിന്നില്‍ എന്ത് യുക്തിയും, യുക്തിഭദ്രതയും, നീതിയും, ന്യായവും ഒക്കെ ഉണ്ടെങ്കിലും സ്വര്യജീവിതവും ക്രമസമാധാനവും തകരുകയും കലാപം ഉണ്ടാവുകയും ചെയ്യുമെന്ന് ഉറപ്പുള്ള വിഷയത്തില്‍ തീരുമാനം നടപ്പിലാക്കേണ്ടത് സൂക്ഷ്മതയോടെയാണ്. ആ സൂക്ഷ്മതയുടെ പരിഗണനാ ബോധത്തില്‍ നിന്നാണ് അക്രമാസക്തമാകുന്ന ജനത്തിന് നേരെ ബലം പ്രയോഗിക്കാനും വേണ്ടി വന്നാല്‍ വെടി വയ്ക്കാനും നിരോധനാജ്ഞയും നിശാ നിയമവുമൊക്കെ ഏര്‍പ്പെടുത്താനും ഭരണഘടന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുള്ളത്. അതാണ് ഭരണത്തിലെ മര്‍മ്മമെന്ന് പറയുന്നത്. എന്നാല്‍ വെറും ഭരണഘടനയുടെ മൗലിക കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ അതെല്ലാം ഭരണഘടനാ ലംഘനമാണ്. കാരണം ജീവിക്കാനുള്ള സ്വാതന്ത്ര്യവും ചലിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണ്. ഇവിടെയാണ് ഭരണാധികാരിയുടെ വിവേകവും അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനവും പ്രസക്തമാകുന്നത്.

 

സമൂഹമാകുമ്പോള്‍ എക്കാലത്തും കീറാമുട്ടികള്‍ എന്ന് തോന്നുന്ന വിഷയങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാകും. അവയെ എങ്ങിനെ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് പരിണമിപ്പിച്ചെടുക്കാം എന്നുള്ളിടത്താണ് കല ആവശ്യമായി വരുന്നത്. സംസ്ഥാന സര്‍ക്കാരിന് കലാപരമായി ഈ വിഷയത്തെ സമീപിക്കാന്‍ അവസരങ്ങള്‍ ധാരാളമായിരുന്നു. ദേവസ്വം ബോര്‍ഡെന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനം അതിന് ഏറ്റവും ഉചിതവുമായിരുന്നു. തങ്ങള്‍ക്ക് സ്വീകാര്യമായ വിധി സുപ്രീം കോടതിയില്‍ നിന്ന് ലഭ്യമായ സ്ഥിതിക്ക് അത് നടപ്പിലാക്കണമെന്നുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് സമയം വാങ്ങുക എന്ന കാര്യമായിരിക്കും. അത് അനായാസം നേടിയെടുക്കാനുള്ള സാങ്കേതികത്വങ്ങളുമുണ്ട്. സുപ്രീം കോടതിയെ തന്നെ സമീപിക്കാമായിരുന്നു. ഒന്നുമില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റിവ്യൂ ഹര്‍ജിയുമായി പോകുമെന്ന് പറഞ്ഞ ആദ്യ പ്രഖ്യാപനത്തെ തിരുത്താതിരുന്നാല്‍ പോലും മതിയായിരുന്നു. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തിന്റെ നിരത്തുകളിലരങ്ങേറിയ കലാപസമാനമായ സംഭവങ്ങളോ പ്രതിഷേധങ്ങളോ ഒന്നും ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടിക്കും ഭരണനേതൃത്വത്തിനും ഒട്ടും മുഖംപോകാതെ വിശ്വാസികളുടെ വിശ്വാസിത്തിനാണ് ജനായത്ത സംവിധാനത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ഗണന നല്‍കുന്നതെന്ന് ലളിതമായി പറഞ്ഞ് ന്യായീകരിക്കാമായിരുന്നു. തങ്ങളുടെ വിശ്വാസം എന്തുതന്നെയാണെങ്കിലും ജനായത്ത മര്യാദയെ മാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഭരണനേതൃത്വത്തിന്റെയും മുന്നണിയുടെയും യശ്ശസ് ഉയര്‍ത്തുകയും ചെയ്യാമായിരുന്നു. അങ്ങിനെ ചെയ്തിരുന്നു എങ്കില്‍ തുലാമാസ പൂജ നിശബ്ദമായി പഴയത് പോലെ കടന്നുപോകുമായിരുന്നു. അതോടൊപ്പം തന്നെ ആ നിശബ്ദതയില്‍ വേണമെന്ന് വച്ചിരുന്നെങ്കില്‍ വിധി സാവധാനം നടപ്പാക്കുകയും ആവാമായിരുന്നു.

 

സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിലുള്ള ഈ നടപടി മൂലം കേരള സമൂഹത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇവയൊക്കെയാണ്

1. അജ്ഞതയുടെ ആളിക്കത്തല്‍; നിരത്തിലും ഭരണത്തിലും

2. വര്‍ഗീയതയുടെ ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടുള്ള ലജ്ജയില്ലാത്ത പുറത്ത് ചാടല്‍

3. അക്രമവാസനയുടെ അഴിച്ചുവിടല്‍

4. പക,വിദ്വേഷം തുടങ്ങിയവയുടെ പരിപോഷണം

5. അക്ഷമയ്ക്കും അക്രമത്തിനുമുള്ള സാഹചര്യസൃഷ്ടികള്‍

 

മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനങ്ങളും വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും കലുഷിതമാക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ നിലപാട് ഈ കലങ്ങി മറിയലില്‍ വോട്ട് ബാങ്ക് രാഷ്ട്രീയ നേട്ടം കൊയ്യുവാന്‍ കാത്തിരിക്കുന്നവര്‍ക്ക് മാത്രമേ സഹായകമാകുന്നുള്ളൂ. അത് തുലാമാസ പൂജ കഴിഞ്ഞ് നടയടച്ച ശേഷവും വര്‍ദ്ധിച്ചിരിക്കുന്നു. സ്വയം രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങളില്ലാതെ ബി.ജെ.പിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരിക്കല്‍ കൂടി ഓര്‍ക്കേണ്ടതാണ് ഭരണത്തില്‍ നിന്ന് കല അകലുമ്പോള്‍ കലാപം ഉണ്ടാകുമെന്നുള്ളത്.

 

 

 

Tags: