വിദ്യാരംഭദിനത്തിലെ തത്സമയസംപ്രേഷണ ഗുരു

Glint Staff
Fri, 19-10-2018 04:50:07 PM ;

വിജയദശമി ദിവസമായ ഇന്ന്(19-10-2018) രാവിലെ കുഞ്ഞുങ്ങളുമായുള്ള അച്ഛനമ്മമാരുടെ സാന്നിദ്ധ്യം കേരളത്തിലെ നിരത്തുകളെയെല്ലാം ഐശ്വര്യപൂര്‍ണ്ണമാക്കുന്ന കാഴ്ചയായിരുന്നു. കുരുന്നുകളുടെ നാവിലേക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നതിനുള്ള രക്ഷിതാക്കളുടെ ആവേശപൂര്‍വ്വമായ ചടുല സാന്നിദ്ധ്യം. കൂട്ടത്തില്‍ നിരീശ്വരവാദികളും യഥേഷ്ടം. അജ്ഞതയുടെ മരണദിനമാണ് വിജയദശമി. ഒമ്പതു ദിവസത്തെ സൗന്ദര്യാത്മകവും മൃദുവുമായ മര്‍ദ്ദനത്തിലൂടെ സ്ത്രൈണാംശത്തെ സന്നിവേശിപ്പിച്ച് ഒടുവില്‍ അടച്ചു പൂജയെന്ന ധ്യാനാവസ്ഥയില്‍ നിന്നു ഉണരുമ്പോള്‍ അജ്ഞത മരിച്ച് അറിവ് ജനിക്കുന്നു. മൃതത്തെ ജയിച്ച് അമൃതം കരസ്ഥമാകുന്നു എന്ന് ചുരുക്കം. തങ്ങള്‍ സ്വായത്തമാക്കിയ ആ അമൃതം മുതിര്‍ന്നവര്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുകയാണ് വിദ്യാരംഭത്തില്‍.

 

യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സൂക്ഷ്മതയോടും ശ്രദ്ധയോടും നടത്തേണ്ട ആചാരമാണ് വിദ്യാരംഭം. പൊതുവേ ആചാരത്തെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടും മലയാളിയുടെ പൈങ്കിളത്തം കൊണ്ടും ഇന്ന് പെട്രോള്‍ പമ്പില്‍ വരെ ആഘോഷപൂര്‍വ്വമായി (അവരുടെ പ്രചാരണഭാഗമായി) വിദ്യാരംഭം നടത്താറുണ്ട്. അതിലൂടെ പ്രകടമാകുന്നത് കേരളത്തിലെ അജ്ഞതയുടെ വിജയമാണ്. ആ അജ്ഞതയുടെ വിജയമാണ് മഹാനവമി ദിവസം നിലയ്ക്കലില്‍ അരങ്ങേറിയ സംഘട്ടനങ്ങളും സംഘര്‍ഷവും അതിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളും. ആ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവാരും തന്നെ അജ്ഞതയെ അറിവായിക്കണ്ടാണ് പെരുമാറുന്നത്. സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമുള്‍പ്പടെ.

 

വിദ്യാരംഭവേദികളില്‍ കാണപ്പെട്ട അജ്ഞതയുടെ ആഘോഷരൂപമായിരുന്നു തങ്ങളുടെ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കുന്നത് മൊബൈലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് അച്ഛനമ്മമാര്‍ വീടുകളിലിരിക്കുന്ന ബന്ധുക്കളെ കാണിക്കുന്നത്. ശ്രദ്ധമാത്രമാണ് അറിവ്. ആ പ്രകാശം വന്നാല്‍ ഇരുട്ട് അകലും. മനുഷ്യജീവിതത്തില്‍ ഏതു തീരുമാനവും എടുക്കേണ്ടത് അറിവിലായിരിക്കണം. അതില്‍ പാളിച്ച വരുമ്പോഴാണ് അപകടം സംഭവിക്കുന്നതും ജീവിതത്തിന്റെ താളം തെറ്റുന്നതും. കുഞ്ഞിന്റെ നാവില്‍ ഹരി: ശ്രീ ഗണപതയേ നമ: എന്ന് കുറിക്കുമ്പോള്‍ പ്രപഞ്ചരഹസ്യത്തിന്റെ, ശാസ്ത്രജ്ഞാനത്തിന്റെ ആകെത്തുകയാണ് ആ അക്ഷരങ്ങളിലൂടെ കൈമാറപ്പെടുന്നത്. ആ ശുദ്ധ ബോധം അധികരിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങള്‍. ഞാനെന്ന് സ്വയം അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിട്ടില്ലാത്ത കാലം. ആ അവസ്ഥയെ മുതിര്‍ന്നവരില്‍ മര്‍ദ്ദിച്ച് പുറത്തെടുക്കുന്നതാണ് നവരാത്രി മഹോത്സവം. അപ്പോള്‍ തങ്ങളും കുട്ടിയും എഴുതുന്ന ആളും മണ്ണും അരിയും സ്വര്‍ണ്ണവും അക്ഷരവും എല്ലാം ഒന്നായി മാറണം. അതാണ് ശ്രദ്ധ. പലതില്ല എന്ന അദ്വൈതാനുഭവം. ആ ശ്രദ്ധയിലേക്ക് ആരുയരുന്നുവോ അവര്‍ക്ക് പ്രായോഗിക ജീവിതത്തില്‍ ഒന്നിനും തടസ്സമുണ്ടാകുന്നില്ല. 'അവിഘ്നമസ്തു'. അവര്‍ തീരുമാനങ്ങള്‍ അറിവിലായിരിക്കും എടുക്കുക.

 

ഇത്രയും ശ്രദ്ധ നില്‍കി നിര്‍വഹിക്കേണ്ട കര്‍മ്മത്തിനിടയിലാണ് രക്ഷിതാക്കള്‍ മൊബൈലില്‍ തത്സമയ സംപ്രേഷണത്തില്‍ മുഴുകുന്നത്. ഒരു തരം സുഖം അപ്പോള്‍ അതു കാണിക്കുന്നവുരം കാണുന്നവരും അനുഭവിക്കുന്നുണ്ടാകും. തങ്ങളുടെ ഓമനക്കുഞ്ഞ് എഴുത്തിനിരിക്കുന്ന നിമിഷം എന്ന തന്നോടു ചേര്‍ത്തു വച്ചുകൊണ്ടുള്ള സ്വാര്‍ത്ഥ സ്നേഹം. ഇതാണ് അജ്ഞതയ്ക്കും എല്ലാ ദുരന്തങ്ങള്‍ക്കും കാരണമാകുന്നത്. ഇതുതന്നെയാണ് പൈങ്കിളിത്തവും. ഈ അവസ്ഥയില്‍ നിന്ന് തീരുമാനങ്ങളെടുമ്പോള്‍ കുഞ്ഞിന്റെ വീഡിയോ തത്സമയം കണ്ടും സംപ്രേക്ഷണം ചെയ്തും അനുഭവിക്കുതുപോലുള്ള താല്‍ക്കാലിക സുഖം കിട്ടും. പക്ഷേ അത് ദുരന്തങ്ങളിലേക്കുള്ള പടിചവിട്ടലാകും. സംശയം വേണ്ട.

 

തന്റെ ഓമന മകള്‍ അല്ലെങ്കില്‍ ഓമനക്കുട്ടന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ അവളായി അല്ലെങ്കില്‍ അവനായി മാറാനുള്ള ശേഷി പൂര്‍ണ്ണ ശ്രദ്ധയില്‍ നില്‍ക്കുന്ന മാതാപിതാക്കളിലുണ്ടാകും. അക്ഷരം കുറിച്ചപ്പോള്‍ അവന്റെ ഭാവഹാവാദികള്‍ അവരുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടും. അതില്‍ നിന്ന് തന്റെ കുഞ്ഞിന്റെ പ്രത്യേകതകള്‍ അതിസൂക്ഷ്മ തലത്തില്‍ അറിയാന്‍ കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍ക്ക് ആ കുട്ടിയുടെ വാസന, അസ്വസ്ഥതകള്‍, തുടങ്ങിയ എല്ലാ സൂക്ഷ്മഭാവങ്ങളും താല്‍പ്പര്യങ്ങളും അറിയാന്‍ ശേഷി കൈവരും. സ്വയം തീരുമാനമെടുക്കാന്‍ ആ കുട്ടി പ്രാപ്തമാകുന്നത് വരെ രക്ഷിതാക്കള്‍ ആ കുട്ടിയുടെ കാര്യത്തില്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും ആ കുട്ടിയെ വിജയിയാക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതറിഞ്ഞ് ആ കുഞ്ഞ് വളരും. ഓരോ നിമിഷവും രക്ഷിതാക്കള്‍ എടുക്കുന്ന തീരുമാനമാണ് അവരോട് രക്ഷിതാക്കളുടെ പെരുമാറ്റം. എന്നുവെച്ചാല്‍ വാക്കും നോട്ടവും പ്രവര്‍ത്തിയുമെല്ലാം. ഇതൊക്കെയാണ് ഒരു കുഞ്ഞിനെ സമൂഹത്തിലേക്ക് ഉത്തമമായ രീതിയില്‍ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന്റെ ലക്ഷ്യം.

 

വിദ്യാരംഭനിമിഷത്തില്‍ കുഞ്ഞിന്റെ വിരല്‍ത്തുമ്പിലെയും നാവിലെയും അനുഭവം അറിയാന്‍ കഴിയാതെ തത്സമയസംപ്രേഷണത്തില്‍ ശ്രദ്ധിച്ചിരുന്ന രക്ഷിതാക്കള്‍ വിഷമിക്കേണ്ടെന്നും വിജയദശമി സന്ദേശം ഉദ്ഘോഷിക്കുന്നു. കാരണം അജ്ഞതയെ തിരിച്ചറിഞ്ഞാല്‍ ആ നിമിഷം അറിവിന്റെ ലോകത്തിലായി. അജ്ഞതിയില്‍ ചെയ്തു പോയതിനെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യം പോലുമില്ല. മാത്രവുമല്ല അറിവിലേക്കുയരാന്‍ ആ അജ്ഞതയില്‍ സ്വീകരിച്ച നടപടി കാരണമായതിനാല്‍ ഗുരുവിനോട് തോന്നുന്ന സ്നേഹത്തോടെ ആ തത്സമയസംപ്രേഷണത്തെ കാണുകയും ചെയ്യാം.

Tags: