image credit-manorama online
കാസര്‍ഗോട് നിന്നും യാത്ര നടത്തി ശംഖുമുഖത്ത് ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബി.ഡി.ജെ.എസ്സിന്റെ നാമകരണവും പ്രഖ്യാപനവും നടത്തിയ നേതാവാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്ന് വെള്ളാപ്പള്ളി നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നിച്ച് നിര്‍ത്തുമെന്ന് പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന വിഷയം സജീവമായപ്പോഴാണ് മൈക്രോ ഫിനാന്‍സ് അഴിമതി കൂലംകക്ഷമായി പൊന്തിവന്നത്. യു.ഡി.എഫ് ഭരണകാലത്ത് മൈക്രോഫിനാന്‍സ് കുംഭകോണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍.എഡി.എഫും വി.എസ് അച്യുതാനന്ദനും കേരളത്തിലങ്ങോളമിങ്ങോളം കോലാഹലം സൃഷ്ടിച്ചു. അതിനെതിരെ വെള്ളാപ്പള്ളിയും ആഞ്ഞടിച്ചുകൊണ്ടിരുന്നു. അതിന്റെ പേരില്‍ ഒട്ടേറെ ചാനല്‍ ചര്‍ച്ചകളും അരങ്ങേറുകയുണ്ടായി. തുടര്‍ന്ന് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. തുടക്കത്തില്‍ മൈക്രോഫിനാന്‍സ് കുംഭകോണം പറഞ്ഞ് കേട്ടിരുന്നു. ക്രമേണ അത് എവിടെയും കേള്‍ക്കാതെയായി. ഇപ്പോള്‍ അതിന്മേലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ശക്തമായി എതിര്‍ത്ത വെള്ളാപ്പള്ളി നടേശന്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേത്തിന്റെ അരാധകനായി മാറി. പിണറായിക്ക് വേണ്ടി വെള്ളാപ്പള്ളി ശബ്ദിച്ചു തുടങ്ങി. ഇപ്പോള്‍ ശബരിമല വിഷയത്തിലെ നിലപാടിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളിയെ മാതൃകയാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ എതിര്‍ത്തുകൊണ്ട് വെള്ളാപ്പള്ളി നടത്തിയ പത്രസമ്മേളനത്തിന് തൊട്ട് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം ഉണ്ടായത്. വെള്ളാപ്പള്ളിയുടെ പത്രസമ്മേളനം കഴിഞ്ഞ് 24 മണിക്കൂര്‍ ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മകനും ബി.ഡി.ജെ.സ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി പന്തളത്ത് ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അങ്ങനെ 24 മണിക്കൂറുകൊണ്ട് അച്ഛനും മകനും വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന കാഴ്ച കേരളം കാണുന്നു.
രണ്ട് പേരെയും സമീപകാലത്ത് ഒന്നിച്ചുകണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും ഇറങ്ങി വന്നപ്പോള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയതായിരുന്നു ആ ദൃശ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തുടര്‍ നടപടികളും മൈക്രോഫിനാന്‍സിന്റെ കാര്യത്തിലെന്നപോലെ അറിവായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് ഒരേ സമയം എസ്.എന്‍.ഡി.പി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് ഒപ്പം നില്‍ക്കുന്നു എന്നാണ്. കാരണം തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയുടെയും നേതാവാണ്. അതേ സമയം ബി.ഡി.ജെ.എസ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള തെരുവ് പ്രക്ഷോഭത്തിന്റെ മുന്നണിയിലും. ഇതാണ് വെള്ളാപ്പള്ളി നടേശന്റെ വൈരുദ്ധ്യാത്മിക സാമൂഹ്യ-രാഷ്ട്രീയ-ആത്മീയ ഭൗതികവാദം.